ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി

 

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാന്നാർ കടലിടുക്കിൽ എത്തിയ ‘ബുറേവി’ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 9 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാമനാഥപുരത്തിന് സമീപമായി 9.2° N അക്ഷാംശത്തിലും 79.1 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ നിന്ന് 20 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 210 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 55 മുതൽ 65 കിമീ വരെയും ചില അവസരങ്ങളിൽ 75 കിമീ വരെയുമാണ്.

അതിതീവ്ര ,ന്യൂനമർദം ഡിസംബർ 3 ന് രാത്രിയോട് കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുരബലമായി ഒരു ന്യൂനമർദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നൽകുന്നു.

അവലംബം: ദേശീയ ബുള്ളറ്റിൻ നമ്പർ 25

MD-KSEOC-KSDMA

പുറപ്പെടുവിച്ച സമയം : 2020 ഡിസംബർ 3, 9.00 PM

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.