ചെറുചിന്ത: എല്ലാം കാണുന്ന ദൈവത്തിന്റെ കണ്ണുകൾ | രാജൻ പെണ്ണുക്കര, മുംബൈ

നീതിമാനായ യഹോവ സ്വർഗത്തിൽ നിന്നും എല്ലാവരെയും നോക്കുന്നു
(സങ്കീ 85:11).

വളരെ കാര്യഗൗരവത്തോടും ഭയത്തോടും കൂടി മനസ്സിലാക്കേണ്ടിയ സത്യം തന്നേ.

ആർക്കും അവന്റെ കണ്ണിന്റെ മുൻപിൽ നിന്നും എങ്ങും പോയി മറഞ്ഞിരിക്കാൻ കഴിയുകയില്ല. യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും ഒരുപോലെ നോക്കിക്കൊണ്ടിരിക്കുന്നു (സദൃ 15:3).

യഥാർത്ഥത്തിൽ എല്ലാ മനുഷ്യർക്കും ഈ ഒരു ബോധം, ഭയം അല്ലെങ്കിൽ അറിവ് ഉണ്ടെങ്കിൽ, ആരും ഒരിക്കലും മനഃപൂർവമായി ദൈവത്തിന് നിരക്കാത്തതും അഥവാ അവനു ഇഷ്ടമല്ലാത്തതുമായ ഒരു കാര്യവും ചെയ്യുവാൻ ശ്രമിക്കയില്ല.

സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു….തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി……ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു…..(സെഖ 4:10), (2 ദിന 16:9).

ഈ വെളിപ്പാട് ലഭിച്ച ദാവീദ് രാജാവ് വളരെ സങ്കടത്തോടും ഭയത്തോടും കൂടി വിളിച്ചുപറയുന്നു.
നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും?…. തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?*l ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു…. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ…..(സങ്കി 139:7-9) *അവിടെയും ദൈവത്തിന്റെ കണ്ണുകൾ നമ്മേ തേടി വരും.

അതേ എത്ര വലിയ തിരിച്ചറിവ്. ഇതാണ് നാം നമ്മുടെ ജീവിതത്തിൽ നേടി എടുക്കേണ്ടിയത് അല്ലെങ്കിൽ പ്രാപിക്കേണ്ടിയത്.

“യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും”, “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു”… (സങ്കീ 34:15, 33:18).

“രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല”.(യെശ 59:1).

അതുകൊണ്ട് മലാഖി പ്രവാചകൻ വിളിച്ചു പറയുന്നു. “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു….(3:16). വെറുതെ കേട്ടു എന്നല്ല, പക്ഷെ ശ്രദ്ധവച്ചു കേട്ടു എന്ന് അടിവര ഇട്ടു പറയുന്നു.. “യഹോവയുടെ ചെവി നീതിമാന്മാരുടെ നിലവിളിക്കും തുറന്നിരിക്കുന്നു” (സങ്കീ 34:15).

ഇയ്യോബ് (19:23) തന്റെ ഹൃദയവേദനകൊണ്ട് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. “അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു”

അതേ നാം സംസാരിക്കുന്നതും, പ്രാർത്ഥിക്കുന്നതും, നിലവിളിക്കുന്നതും, നെടുവീർപ്പിടുന്നതും, ചർച്ച ചെയ്യുന്നതും, ചുരുക്കത്തിൽ പറഞ്ഞാൽ കർത്താവിന്റെ പേരു പറഞ്ഞു ചെയ്തു കൂട്ടുന്ന എല്ലാ സംഗതികളും നന്നായി ശ്രദ്ധ വച്ച് കേട്ടു എഴുതിവക്കുന്ന ഒരു പുസ്തകം അവന്റെ കൈവശം ഉണ്ടെന്ന സത്യം നാം മറക്കരുത്.

നമുക്ക് ഇവിടെത്തെ രേഖകൾ മാറ്റം, ഒന്നുകിൽ നശിപ്പിക്കാം, വേണമെങ്കിൽ ഒളിപ്പിക്കാം. നമ്മുടെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എന്നാൽ അവന്റെ കൈയിലെ പുസ്തകത്തിൽ രേഖകൾ എല്ലാം ഭദ്രം.

എല്ലാം ഡിജിറ്റൽ ആയി അനന്ത കാലത്തേക്ക് സൂക്ഷിച്ചുവക്കാനുള്ള സൗകര്യങ്ങൾ അവിടെ ഉണ്ട്. അവിടെത്തെ ഒരു ഡാറ്റാ പോലും നഷ്ടമാകുന്നില്ല, അതിൽ വൈറസ് ആക്രമണം ഉണ്ടവുകയില്ല.

ഒന്നും നമുക്ക് രഹസ്യമായി വളരെ നാളുകൾ വെക്കുവാൻ കഴിയുകയില്ല എന്നതും പരമസത്യം. ദൈവം എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്.

അതുകൊണ്ട് വചനം പറയുന്നു, “ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുര മുകളിൽ ഘോഷിക്കും” (ലൂക്കോ 12:3).

ഇന്നു നാം പല മേഖലകളിലും കൃത്രിമമായും ചതിവിലൂടെയും നേടുന്ന വിജയങ്ങളും നേട്ടങ്ങളും കാണുവാൻ സാധിക്കും. എന്നാൽ അനുഭവം നമ്മേ പഠിപ്പിക്കുന്ന ഗുണപാഠം ഇവയെല്ലാം താൽക്കാലികം എന്നതുതന്നെ.

എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട മഹാസത്യം ഇതാണ്, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മനുഷ്യന്റെ ബുദ്ധിക്ക് അപ്രമേയമായതും, മനുഷ്യ നേത്രങ്ങൾക്കു അദൃശ്യമായതുമായ ദൈവത്തിന്റെ ഒരു കൈയൊപ്പ്, വിരൽ അടയാളം എപ്പോഴും അതിൽ ഉണ്ടായിരിക്കും എന്നുള്ളതുതന്നെ.
അത് ലോകത്തിലെ ഒരു യന്ത്രത്തിനും കണ്ടുപിടിക്കാൻ കഴിയുകയുമില്ല.

ദൈവം എല്ലാത്തിനും അതാതിന്റെ സമയം വച്ചിട്ടുണ്ട്. അതേ എല്ലാം മറനീക്കി പുറത്തു വരുവാനുള്ള സമയം ദൈവം നിയമിച്ചിരിക്കുന്നു.

ഈ ലോകത്തെ ഏതു മേഖല നോക്കിയാലും വ്യാജന്മാരെക്കൊണ്ട് (Fake) നിറഞ്ഞിരിക്കുകയാണ്. ആത്മീക ലോകത്തെ അവസ്ഥ പ്രേത്യേകിച്ചു എടുത്തു പറയേണ്ടിയ ആവശ്യമില്ലല്ലോ..!!!!

യാഥാർത്ഥമായത് (original) ഏതെന്നും തനിപ്പകർപ്പ് (duplicate) ഏതെന്നും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു.

ഈ കൂട്ടരേ…എത്ര വലിയ സൂക്ഷ്മ പരിശോധന ചെയ്താലും മനസ്സിലാക്കാനോ തിരിച്ചറിയാനോ ബുദ്ധിമുട്ടാണ്.

എന്നാൽ ഇതിന്റ ഇടയിലും യഥാർത്ഥ ദൈവീക സന്ദേശവാഹികൾ ഉണ്ട്, അതിനെ നാം സ്വീകരിക്കണം എന്നുപറയാനും സന്തോഷമുണ്ട്..

ഇന്നത്തെ ആത്മീക ഗോളത്തെ വഴി തെറ്റിക്കുന്നതും കബളിപ്പിക്കുന്നതും
കുറെ വ്യാജ പ്രവചനങ്ങൾ ആണ്.

ഇന്നു അവരെല്ലാം എവിടെ ഒളിച്ചു. അതോ കൊറോണ വന്നപ്പോൾ പ്രാണഭയത്തിലായോ അവരും…

ദൈവാത്മാവാണ് ഇതെല്ലാം പറഞ്ഞത് എന്നു വിചാരിച്ചു, അതു പ്രയോജനം ആക്കുവാനും അതു വച്ച് മുതൽ എടുക്കുവാനും മറ്റുള്ളവരെ ചൂഷണം ചെയ്യുവാനും സന്ദർഭം നോക്കിയിരിക്കുന്ന കുറെ കൂട്ടരും. ഇവരെ നന്നായി ഒന്നു തിരിച്ചറിയുവാൻ എന്നു നമ്മുടെ കണ്ണുകൾ തുറക്കും?…

ദൈവ വചനം ഇവരെക്കുറിച്ചു വിവരിച്ചു പറയുന്നത്. “അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവർ ആശിക്കുന്നു” (യേഹേ 13:6).

“നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽ നിന്നുള്ളതല്ല സ്വന്ത ഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു” (യിരേ 23:16).

“പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു” ( യിരേ 14:14).

“അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവർക്കു കുമ്മായം തേക്കുന്നു” (യേഹേ 22:28).

“പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും”
(യിരേ 5:31).

ദൈവം പോലും അതിദുഃഖത്തോട്
നമ്മെ നോക്കി പറയുന്നതുപോലെ എനിക്ക് തോന്നി പോകുന്നു…. “എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു. അതേ ഒത്തിരി ഇഷ്ടം ആകുന്നു”. യഥാർത്ഥത്തിൽ അവർ വിശ്വാസികളെ കുമ്മായം തേക്കുന്നു. എന്നു പറയുന്നതല്ലേ വാസ്തവം.

നമ്മുടെ മുൻപിൽ ഇന്നു ഇപ്പോൾ ഉത്തരം കണ്ടുപിടിക്കേണ്ടിയ ചോദ്യവും ഇതാണ്.
“എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും”.? (യിരേ 5:31).

രാജൻ പെണ്ണുക്കര, മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.