ചെറു ചിന്ത: അതിജീവനത്തിൻറെ അതുല്യ മാതൃക | സോനു സക്കറിയ ഏഴംകുളം

പതിനെട്ടു വയസ്സ് തികയാൻ ചില മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഒരു അപകടത്തിൽ കഴുത്തിനു താഴേയ്ക്ക് ശരീരം തളർന്നുപോകുക – ഒരു കൊച്ചുപെൺകുട്ടിയുടെ ജീവിതഗതി അവസാനിക്കാൻ ഇതിനപ്പുറം മറ്റൊന്നും ആവശ്യമില്ല.പക്ഷെ, ജോനി എറിക്‌സൺ എന്ന ആ പെൺകുട്ടിയ്ക്ക് കൂട്ടായി ദൈവകൃപയുടെ കരുതൽ എന്ന മഹാ ആശ്രയം ഉണ്ടായിരുന്നു. ആ ദുർഘടമായ പ്രതിസന്ധിയിൽ നിന്ന് അവിശ്വസനീയമാംവിധം കരകയറാൻ അത് അവളെ പ്രാപ്തയാക്കി.

എല്ലാ കൗമാരക്കാരികളെയും പോലെ, ജീവിതത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച സ്വപ്‌നങ്ങൾ നെയ്‌തുതുടങ്ങുന്ന സമയത്താണ് ആ ദുരന്തം ജോനിയുടെ ജീവിതത്തിൽ സംഭവിച്ചത്. ആ അപകടം ശരീരത്തിനൊപ്പം അവളുടെ മനസ്സിനെയും തളർത്തി. ഇരുളടഞ്ഞ ഭാവിയെനോക്കി അനേകനാളുകൾ അവൾ കരഞ്ഞു. ദൈവത്തിൻറെ ഇടപെടൽ തിരിച്ചറിഞ്ഞ സമയങ്ങളായിരുന്നു അവ. ചില ദൈവിക ഉദ്ദേശങ്ങൾക്കായി ദൈവം തന്നെ കണ്ടിരിക്കുന്നു എന്ന് അവൾ മനസ്സിലാക്കി.

ജോനി പതിയെ മനോധൈര്യം വീണ്ടെടുത്തു. പല്ലുകൊണ്ട് കടിച്ചുപിടിച്ച് ബ്രഷും പേനയും ഉപയോഗിക്കാൻ അവൾ ശീലിക്കാൻ തുടങ്ങി. വളരെ പരിശ്രമങ്ങൾക്കൊടുവിൽ അതിൽ വിജയിച്ചതോടെ, തനിക്കുള്ള പരിമിതമായ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ താൻ തീരുമാനമെടുത്തു. വരകൾക്കൊപ്പം എഴുത്തും തനിക്ക് വഴങ്ങിത്തുടങ്ങി. 40-ൽ പരം പുസ്തകങ്ങളാണ് തന്നിൽ നിന്ന് പിന്നീട് പുറത്തുവന്നത്.

ജോനി ആൻഡ് ഫ്രണ്ട്‌സ് എന്നൊരു സംഘടന സ്ഥാപിച്ച്, സമാന അനുഭവക്കാരുടെ ഇടയിലേക്ക് ക്രിസ്തുവിൻറെ സ്നേഹത്തെ പരിചയപ്പെടുത്താൻ താൻ ആരംഭിച്ചു. പതിയെപ്പതിയെ, ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ സ്‌പീക്കറായി ജോനി മാറി. ജനലക്ഷങ്ങൾ അവളുടെ ഉത്തേജനവാക്കുകളിലൂടെ ദൈവകൃപ അനുഭവിച്ചറിയാൻ തുടങ്ങി.

ജോനിയുടെ ജീവിതത്തിൽ പിന്നീടും പ്രതിസന്ധികൾക്ക് കുറവുണ്ടായില്ല. 2010-ൽ തനിക്ക് കാൻസർ സ്ഥിരീകരിച്ചു. അഞ്ചു വർഷം ആ രോഗത്തോട് ചെറുത്തുനിന്ന് അവൾ അതിനെ അതിജീവിച്ചു. പക്ഷെ, 2018-ൽ കാൻസർ വീണ്ടും മടങ്ങിവന്നു. ഇത്തവണ അതിജീവനം പ്രയാസമെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട്, 2019 ജൂലൈയിൽ ജോനി സൗഖ്യം പ്രാപിച്ചു. തന്നെ നടത്തിയത് ദൈവകൃപ ഒന്നുമാത്രമാണെന്ന് ലോകത്തിനു മുൻപിൽ വെളിപ്പെടുത്താൻ സർവശക്തൻ നൽകിയ അവസരമാണിത് എന്നാണ് ആ മഹത് വനിത ഇതിനോട് പ്രതികരിച്ചത്.

ഇപ്പോൾ 70 വയസ്സ് കഴിയുമ്പോഴും കർമ്മനിരതയാണ് ആ ധീരവനിത. വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് മുൻപോട്ടുപോകുവാൻ നമ്മെ പ്രാപ്തരാക്കുന്നത് ദൈവത്തിലുള്ള ആശ്രയം ഒന്നുമാത്രമാണ് എന്നതിൻറെ ഉത്തമസാക്ഷ്യമാണ് ജോനി. എത്ര പ്രതികൂലമായ അവസ്ഥകളിലും, അനുകൂലമായ സാധ്യതകളെ തേടിപ്പിടിക്കാൻ ദൈവകൃപ നമ്മെ ഉത്തേജിപ്പിക്കും. ആ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക, ദൈവം നമ്മോടു കൂടെയുണ്ട്. സാഹചര്യം ദൈവപൈതലിന് ഒരു വിലങ്ങുതടിയാകരുത്; അഥവാ അതിന് അനുവദിക്കരുത്.

ഏറ്റം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഭക്തനായ ഇയ്യോബ്, ഒരു തിരിച്ചറിവിൻറെ നേർചിത്രം പോലെ ഇപ്രകാരം ദൈവത്തോട് പറയുന്നുണ്ട് – ” അങ്ങേയ്ക്കു സകലവും കഴിയുമെന്നും, അങ്ങയുടെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു “. അതെ, ദൈവത്തിനു സകലവും സാദ്ധ്യം – നാം അവനെ പൂർണ്ണമായി വിശ്വസിച്ചാൽ മാത്രം മതി. പിതാവിൻറെ കൈപിടിച്ച് പിച്ചവച്ചു നടക്കുന്ന ഒരു കുഞ്ഞിന് ഒന്നു മാത്രമേ അറിയാവൂ – അപ്പൻ പിടിച്ചു നടത്തിക്കൊള്ളും; പാദം തളരുമ്പോൾ, നടക്കാൻ കഴിയാതെയാകുമ്പോൾ അവൻ കരങ്ങളിലെടുത്തുകൊള്ളും. നാം ഓരോരുത്തരും നമ്മുടെ സ്വർഗ്ഗത്തിലെ അപ്പൻറെ കരങ്ങളിൽ സുരക്ഷിതരല്ലെ? പൂർണ്ണമായും നമ്മിൽ അത് ഉറച്ചാൽ, ഒരസാധാരണ ധൈര്യം ഉള്ളിൽ നിറയും; ചിന്താകുലം മാറിയവരായി നാം മുന്നേറും.

നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ കാര്യങ്ങളുടെ പിന്നിലും വ്യക്തമായ ദൈവികഉദ്ദേശമുണ്ട്. നമ്മുടെ തലയിലെ മുടിയുടെ എണ്ണം പോലും കൃത്യമായി അറിയുന്ന നമ്മുടെ താതൻ അനുവദിക്കാതെ, അവയിൽ ഒന്നു പോലും നഷ്ടപ്പെടുന്നില്ല; നാം അത് അറിയുന്നില്ലെങ്കിലും. ദൈവത്തിൽനിന്ന് നന്മ മാത്രമല്ല, തിന്മയും സ്വീകരിക്കുവാൻ നാം തയ്യാറായിരിക്കണം. നമുക്കാണ് അത് തിന്മയായി തോന്നുന്നത്, ദൈവത്തിന് സകലതും നന്മയാണ്; നാം അത് അറിയുമ്പോൾ വൈകുമെന്നുമാത്രം.
എന്തിൻറെ പിൻപിലും ദൈവത്തിന് വ്യക്തമായ ഉദ്ദേശമുണ്ട്. ജോനിയെക്കുറിച്ചുള്ള ദൈവികപദ്ധതി വേദനാജനകമെന്ന് പ്രത്യക്ഷത്തിൽ തോന്നിയാലും അന്തിമഫലത്തിൽ അതായിരുന്നു ശരി എന്ന് നമുക്ക് തിരിച്ചറിയാം. അമേരിക്കയിലെ ഒരു സാധാരണസ്ത്രീയായി ഒതുങ്ങിത്തീരേണ്ട അവളെ, ലോകം മുഴുവൻ ക്രിസ്തുവിൻറെ നാവാക്കുവാൻ ഒരുക്കപ്പെട്ട പദ്ധതി. ദൈവികപദ്ധതികൾ ഒരു നാളും പരാജയപ്പെടുകയില്ല. കൃപയിൽ ആശ്രയിക്കൂ; നമുക്ക് പരാജയമായി തോന്നുന്നവയെ ദൈവം വിജയങ്ങളാക്കും.

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.