അധ്യാപക ദിന സന്ദേശം: ഗുരുവിനെപ്പോലെ ആകുവാൻ | ജോസ് പ്രകാശ്

ഒരു നല്ല ഗുരുവിനെ അനുകരിക്കുവാനും അനുഗമിക്കുവാനും ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. മഹിയിൽ മനുഷ്യരാണ് മറ്റുള്ളവരെ ഗുരുവാക്കുന്നത്. എന്നാൽ കർത്താവായ യേശുവിനെ ആരും ഗുരുവാക്കിയതല്ല. യേശു സ്വർഗ്ഗത്തിൽ നിന്നും വന്ന സാക്ഷാൽ ഗുരുവാണ്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, “ഞാൻ ഗുരുവും (അധ്യാപകൻ) കർത്താവും ആകുന്നു”
(യോഹ-13:13).

“ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും” എന്ന അമൂല്യ വചനവും ഗുരു-ശിഷ്യ ബന്ധത്തിൽ ജഗത് ഗുരുവായ യേശു ക്രിസ്തു മൊഴിഞ്ഞിട്ടുള്ളതാണ് (ലൂക്കോസ് 6:39-40). The student is not above the teacher, but everyone who is fully trained will be like their teacher.

ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ നാമാരും അഭ്യാസം തികഞ്ഞവരല്ല, അഭ്യസിച്ചു കൊണ്ടിരിക്കുന്നവരാണ്. ഗുരുനാഥനായ ക്രിസ്തു പഠിപ്പിക്കാത്തതും, ചെയ്തിട്ടില്ലാത്തതുമായ ശുശ്രൂഷകൾ ചെയ്ത് ഗുരുവിന് മീതെ ആകുവാൻ ശ്രമിക്കുന്നത് അപകടകരമാണ്. അതുകൊണ്ട് കഴുതപ്പുറത്തിരിക്കുന്ന ഗുരുവിനെപ്പോലെ ആകുവാൻ ശ്രമിക്കാതെ ഗുരുവിനെ ചുമക്കുന്ന കഴുതയെപ്പോലെ ആകുവാൻ പരിശ്രമിക്കാം.

വിദ്യാർത്ഥികൾ അധ്യാപകനേക്കാൾ വലുതല്ല എന്ന യേശുവിന്റെ പ്രസ്താവന
വിദ്യയുടെ ബഹുത്വത്തിനോ വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിനോ ഖണ്ഡിക്കുവാൻ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ പൂർണ്ണ പരിശീലനം നേടിയ വിദ്യാർത്ഥി ഭാവിയിൽ അധ്യാപകനെപ്പോലെയാകുവാൻ സാധ്യത ഉണ്ടെങ്കിലും പരിശീലന കാലയളവിൽ അവർ സാധാരണ വിദ്യാർത്ഥികൾ തന്നെയാണ്. ഗുരു പഠിപ്പിച്ചത് എല്ലാം അതുപോലെ പഠിച്ച് സമ്പൂർണ്ണത കൈവരിച്ചവരാണ് മറ്റുള്ളവരെ പഠിപ്പിക്കുവാൻ യോഗ്യരാകുന്നത്.

ഗുരുവിനെപ്പോലെ ആകുക എന്നതായിരിക്കും വിവേകമുള്ള ശിഷ്യന്റെ ലക്ഷ്യം.
ഗുരുവിനെപ്പോലെ ആകുവാൻ ആഗ്രഹമുള്ളവർക്ക് അതിനു സാധിക്കും. ഗുരുവിനെപ്പോലെ ആകണമെങ്കിൽ ആദ്യം ഒരു ശിഷ്യനാകാനുള്ള സമർപ്പണമുണ്ടാകണം. അതിന് വേണ്ടി വലിയ വില കൊടുക്കാനും ഒപ്പം ചില കടമ്പകൾ കടക്കുവാനും തയ്യാറാകണം. അതിനുള്ള ചില മാർഗ്ഗരേഖകൾ വിശുദ്ധ തിരുവെഴുത്തിൽ നിന്നും താഴെ രേഖപ്പെടുത്തുന്നു :

●ഗുരുവിന്റെ അടുക്കൽ വരണം : യേശുവോട് ചേർന്നിരിക്കണം
(ലൂക്കൊസ്-14:26).

● ഗുരുവിൽ നിന്ന് പഠിക്കണം : യേശുവിനെ കണ്ട് പഠിക്കണം (മത്തായി 11:29)

● സ്വയം ത്യജിക്കണം : യേശുവിനെ ആഴമായി സ്നേഹിക്കുക
(ലൂക്കൊ-14:26).

●സ്വന്തം ക്രൂശു ചുമക്കണം : യേശുവിനായി കഷ്ടം സഹിക്കുക
(ലൂക്കൊ-14:27).

● ഗുരുവിന്റെ പിന്നാലെ പോകണം : യേശുവോട് ചേർന്ന് നടക്കുക
(ലൂക്കൊ-14:27).

● സ്വന്തമായവയെ വിട്ടുപിരിയണം : യേശുവോട് പറ്റിയിരിക്കുക
(ലൂക്കൊ-14:33).

●തമ്മിൽ തമ്മിൽ സ്നേഹിക്കണം : യേശുവിനെപ്പോലെ സ്നേഹിക്കുക
(യോഹ-13:35).

●ഗുരുവിന്റെ വചനത്തിൽ നിലനില്ക്കണം : യേശുവിനെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുക
(യോഹ-8:31).

സ്വർഗ്ഗീയ പിതാവിന്റെ ഭവനത്തിൽ ശിഷ്യരായ നമുക്കു വാസസ്ഥലം ഒരുക്കുവാൻ പോയ ഗുരുനാഥനായ യേശു, താൻ ഇരിക്കുന്നിടത്ത് നമ്മെയും ഇരുത്തേണ്ടതിനു വീണ്ടും വന്നു നമ്മെ തന്റെ അടുക്കൽ ചേർത്തുകൊള്ളും വരെ മാതൃകയുള്ള ശിഷ്യരായി മഹാരാജാവിന്റെ ശുശ്രൂഷയിൽ മുന്നേറാം.

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.