ഇന്നത്തെ ചിന്ത : ആദ്യസ്നേഹം നഷ്ടമാക്കിയ എഫെസൊസ് സഭ | ജെ.പി വെണ്ണിക്കുളം

വെളിപ്പാടു 2:4 “എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു”.

post watermark60x60

ഏഷ്യാ മൈനറിൽ ഏറ്റവും സമ്പന്നവും പേരുകേട്ടതുമായ നഗരങ്ങളിൽ ഒന്നായിരുന്നു എഫെസൊസ്. അർത്തമീസ് ദേവിയുടെ ആരാധന കേന്ദ്രമായിരുന്നു ഈ പട്ടണം. അപ്പോൾ തന്നെ സുവിശേഷം ഇതുപോലെ പ്രചരിപ്പിക്കപ്പെട്ട സ്ഥലം മറ്റൊന്നില്ല. തിമൊഥെയോസ്, അക്വിലാവും പ്രിസ്‌കില്ലയും, അപ്പോലോസും പൗലോസും യോഹന്നാനും ഒക്കെ ശുശ്രൂഷിച്ച സ്ഥലമാണിത്. യോഹന്നാനാകട്ടെ സ്നേഹത്തെക്കുറിച്ചാണ് പ്രസംഗിച്ചതും. എന്നിട്ടും ഇവർ വിട്ടുകളഞ്ഞത് സ്നേഹം തന്നെ. ഉപദേശത്തിന്റെ കുറവ് ഉണ്ടായിട്ടല്ല അനുസരിക്കാൻ മനസില്ലാതെവരുമ്പോഴാണ് പരാജയപ്പെടുന്നത്. തത്ഫലമായി കർത്താവിനോടുള്ള അവരുടെ സ്നേഹം കുറഞ്ഞു. പിന്നീടുള്ള സ്നേഹം സ്വാർത്ഥമായിരുന്നു. കർത്താവിനോടുള്ള സ്നേഹം കുറഞ്ഞാൽ സ്വാഭാവികമായും കർത്താവിനുള്ളവരോടുമുള്ള സ്നേഹം കുറയും. ആദ്യ സ്നേഹം വിട്ടുകളഞ്ഞത് കൊണ്ട് അവർക്ക് നഷ്ടമായത്, ദൈവീക കൂട്ടായ്മയും ആത്മീയ ഫലങ്ങളും സഹോദര സ്നേഹവുമാണ്. ഇത്രയുമൊക്കെ ആയിട്ടും കർത്താവ് അവരെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് മാനസാന്തരപ്പെട്ടു മടങ്ങിവരിക എന്നു പറയുവാൻ കാരണം. പ്രിയരേ, ഇന്നും കർത്താവ് ആഗ്രഹിക്കുന്നത് ഇതു തന്നെയാണ്. അതിനെ എതിർത്തു മനുഷ്യന്റെ വാക്കുകൾക്ക് പിന്നാലെ പോയാൽ നിങ്ങൾ ലോകക്കാരെക്കാൾ അധഃപതിക്കും എന്നതിൽ സംശയമില്ല.

ധ്യാനം : വെളിപ്പാട് 2
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like