ഭാവന: പീലാത്തോസിന്റെ ഡയറി | ആശിഷ് ജോസഫ്‌

ഒരു ജനതയുടെ ഭരണാധിപൻ ആയതിൽ അഭിമാനം കൊണ്ടിരുന്നു ഇന്നലെവരെ . ഇപ്പോൾ ഒരുതരം പുച്ഛമാണ് – എന്നോട് തന്നെ… ഞാൻ ഒരു നല്ല ഭരണാധികാരി അല്ല കാരണം

ഒരു നീതിമാൻ ക്രൂശിക്കപ്പെട്ടു …..

അവൻ ചെയ്ത കുറ്റം എന്തായിരുന്നു …? എന്റെ ചോദ്യങ്ങൾക് ഉത്തരമായി അവൻ പറഞ്ഞതിൽ ഒന്നും തെറ്റു കണ്ടെത്താൻ കഴിഞ്ഞില്ല , അവനെതിരെ പറഞ്ഞ സാക്ഷികൾക്കും കൃത്യത ഇല്ലായിരുന്നു . അവനെ കണ്ടപ്പോൾ തന്നെ ഒരു സാധുവാണെന്നു എനിക്ക് തോന്നിയിട്ടും ഈ ജനങ്ങൾക് എന്തെ തോന്നിയില്ല ….
അവൻ അവരെ അനുസരിച് കാണില്ല , അവനെ വരുതിക്ക് നിർത്താൻ അവര്ക് കഴിഞ്ഞുകാണില്ല , അതായിരിക്കും ഇത്രയും വിരോധം …
അവനിൽ കുറ്റമില്ലായെന്നു പലതവണ ഉറക്കെ വിളിച്ചു പറഞ്ഞതാണ് എന്നിട്ടും……
യാതൊരു കുറ്റവും ചെയ്യാത്ത ഒരു മനുഷ്യനെ, വെറും ആരോപണത്തിന്റെ പേരിൽ എങ്ങനെ വധശിക്ഷക്ക് വിധിക്കും …? ലോകക്കാരുടെ മുൻപിൽ എന്റെ വിലയിടിയുന്ന പ്രവർത്തിയാണത് . ശിക്ഷ വിധിക്കാതിരുന്നാൽ കൈസരുടെ പേര് പറഞ്ഞ് ഭീഷണിയും …. മനസ് മനസാക്ഷിയോട് മല്ലടിച്ച സമയങ്ങൾ . വിജയം മനസിന് തന്നെയായിരുന്നു …

post watermark60x60

അവനെ ഉപദ്രവിക്കാതെ വിട്ടയക്കാൻ ,അവന്റെ രക്തം കുലക്കളത്തിൽ വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചതാണ് .. അവനെ ചാട്ടവാറിനടിക്കുമ്പോൾ പ്രജകൾ തൃപ്തരാകുമെന്നും പ്രതീക്ഷിച്ചു , അടി കൊണ്ടുതുടങ്ങിയപ്പോൾ ആക്രോശങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലായത് അപ്രതീക്ഷിതമായിരുന്നു….
ഇങ്ങനെയും മനുഷ്യർ ഉണ്ട് , കുലപാതകനും പിടിച്ചുപറിക്കാരനുമായവനെ സംരക്ഷിക്കാനും ഏറ്റെടുക്കാനും അവര്ക് ഉത്സാഹമായിരുന്നു… എന്നാൽ ആരെയും ഉപദ്രവിക്കാതെ , നല്ലത്‌ മാത്രം ചെയ്തുവന്നിരുന്ന , യുവാക്കൾക്കു മാതൃകയാക്കുവാൻ കഴിയുമായിരുന്ന ഒരു ചെറുപ്പക്കാരനെ ക്രൂശിക്കണം പോലും ….
അന്നും ഇന്നും എന്നും അത് അങ്ങനെത്തന്നെയായിരിക്കും….. നന്മ ചെയ്യുന്നവർ ക്രൂശിക്കപ്പെട്ടിട്ടെ ഉള്ളു ….

അവനെപ്പറ്റി എനിക്ക് കേട്ടറിവുണ്ട് , രോഗികളെ സൗഖ്യമാക്കിയവൻ , പീഡിതരെ വിടുവിച്ചവൻ , മരിച്ചവരെ ഉയർപ്പിച്ചവൻ , സമാധാനം മാത്രം നൽകിയവൻ , ഒരിക്കൽപോലും ദേശദ്രോഹ കാര്യങ്ങൾ ചെയ്യാത്തവൻ , അധികാരികൾക്കു കീഴ്പെട്ടവൻ , യാതൊരു സ്വഭാവ ദൂഷ്യവും ഇല്ലാത്തവൻ , സ്നേഹിക്കാൻ മാത്രം അറിയാവുന്നവൻ ….ഒരുപക്ഷെ ഇത്രയൊക്കെ സ്വഭാവ ഗുണങ്ങൾ ഒരു ദൈവ പുത്രനിൽ മാത്രമേ കാണാൻ സാധിക്കൂ. അവൻ അതായിരുന്നിരിക്കണം …

എനിക്ക് കൈ കഴുകുവാനെ നിവർത്തിയുണ്ടായിരുന്നുള്ളു ..എന്റെ പാതിയും എന്നെ ഉപദേശിച്ചത് അതുതന്നെയാണ്. ഞാൻ അവനെ കൊല്ലുവാൻ വിധിച്ചിരുന്നെങ്കിൽ ആ രക്തത്തിന്റെ കണക്ക് ചിലപ്പോ എന്റെ തലമുറകൾ പറയേണ്ടിയിരുന്നേനേം . എങ്കിലും കാര്യമില്ല , ക്രൂശിക്കാൻ കല്പിച്ചില്ലെങ്കിലും അതിനായി ഒരു നീതിമാനെ ഏല്പിച്ചു കൊടുത്ത ക്രൂരനായ പീലാത്തൊസായി ഞാൻ വരും നാളെകളിൽ അറിയപ്പെടും

എന്റെ മനസാക്ഷിയുടെ വിചാരണയിൽ നിന്നും രക്ഷ നേടാൻ എനിക്ക് കഴിയില്ല , അറിയാതെയാണെങ്കിലും ഒരു നല്ല കാര്യം ചെയ്തതിൽ – അവന്റെ ക്രൂശിന്റെ മുകളിൽ ‘ ഇവൻ യെഹൂദന്മാരുടെ രാജാവ് ‘ എന്നെഴുതിയതിൽ ഞാൻ കൃതാര്ഥനാണ്. അവനു വേണ്ടി എനിക്ക് ഇന്ന് ചെയ്യാൻ കഴിഞ്ഞ ഒരേ ഒരു കാര്യവും
അതായിരുന്നു …
ഉള്ളിൽ ഒരു വിങ്ങലുണ്ട് , മരിക്കുവോളം അത് മാറില്ലെന്ന് അറിയാം ,പക്ഷെ എന്ത് ചെയ്യാം അധികാരം ഒരു ഹരം തന്നെയാണ് . അതെന്നെ അടിമയാക്കിയിരിക്കുന്നു , കൂടാതെ ഭയവും കീഴ്പെടുത്തിയിരിക്കുന്നു . അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവൻ ജീവനോടെ ഇരുന്നേനേം ; ഇനിയും കടന്നു വരാനിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളിൽ വേദനയോടെയും ആത്മനിന്ദയോടെയും ഓർക്കുവാൻ ഒരു മുഖം – ‘ യേശുവിന്റെ മുഖം ‘ …

അന്തരാത്മാവിൽ അവനെ വെറുതെ വിടണമെന്ന് ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാതിരുന്ന ഹതഭാഗ്യൻ ആണ് ഞാൻ . ഇന്ന് എന്നെത്തന്നെ വിശേഷിപ്പിക്കാൻ ഒരു പദം കൂട്ടിച്ചേർക്കുകയാണ് ..

പീലാത്തോസ് – നിസ്സഹായതയുടെ മറ്റൊരു മുഖം

മറക്കില്ല ഞാൻ അവനെ – ” നസ്രായനായ യേശുവിനെ “… കാരണം അവനെപോലെയൊരുവനെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല , ഇനിയും കാണാനും പോകുന്നില്ല ….

ശുഭരാത്രി ആശംസകളുടെ അകമ്പടി കൂടാതെ ഉറക്കം എന്ന വ്യാജേന ഞാൻ പുറം കണ്ണുകളടക്കുന്നു … മനസിനെ ഉറങ്ങുവാൻ വിടാതെ ………….

ആശിഷ് ജോസഫ്‌

-ADVERTISEMENT-

-ADVERTISEMENT-

You might also like