ശുഭദിന സന്ദേശം: തവഹിതം മമഹിതം | ഡോ. സാബു പോള്‍

നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ”(മത്താ.6:10).

കുടുംബ പ്രാർത്ഥനയിൽ പാട്ടു പാടിക്കഴിഞ്ഞപ്പോൾ ഭാര്യ ഭർത്താവിനോടു പറഞ്ഞു:
” ‘എന്നെ തകർത്തീടാൻ താതനിഷ്ടമെങ്കിൽ തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ….’
എന്ന വരികൾ പാടാൻ സത്യത്തിൽ എനിക്ക് ഭയമാണ്…!”

”അപ്പോൾ ‘നിൻ്റെ ഹിതം നടക്കട്ടെ’ എന്ന കർത്തൃ പ്രാർത്ഥനയുടെ ഭാഗമോ?”

”അതും അൽപ്പം വിഷമമുണ്ടാക്കുന്നതാണ്. പക്ഷേ, അതിനെക്കാൾ ക്രൂരമല്ലേ എന്നെ തകർക്കാൻ സമ്മതിക്കുന്നത്…?”

”ആകട്ടെ, ഞാനൊരു ചോദ്യം ചോദിക്കാം. നമ്മുടെ ഏകമകൻ നിന്നോട് ‘മമ്മിക്കിഷ്ടമുള്ളത് എന്തും ഞാൻ ചെയ്യാം’ എന്നു പറഞ്ഞാൽ, ‘കൊള്ളാം, നല്ലൊരവസരമാണ് കൈവന്നിരിക്കുന്നത്. ഇവനെക്കൊണ്ട് വീട്ടിലെ പണിയെല്ലാം ചെയ്യിക്കാം. ഇടയ്ക്കിടെ നല്ല അടിയും കൊടുക്കാം’ എന്നു നീ ചിന്തിക്കുമോ?”

”അച്ചായനെന്താ ഈ പറയുന്നെ? നമ്മുടെ പൊന്നു മുത്തിനോട് ഞാൻ അങ്ങനെ ക്രൂരമായി പെരുമാറുമോ? ‘മമ്മിയെ അനുസരിക്കാം’ എന്നവൻ പറയുമ്പോൾ ഞാൻ അവനെ കൂടുതൽ സ്നേഹിക്കുകയല്ലേ ചെയ്യൂ?”

”അപ്പോൾ ‘അമ്മ മറന്നാലും മറക്കാത്ത’ സ്വർഗ്ഗീയ പിതാവും അങ്ങനെയേ ചെയ്യൂ എന്ന് ഉറച്ചു വിശ്വസിക്കണം.”

”അല്ല, ദൈവം അങ്ങനെ മാത്രമേ പ്രവർത്തിക്കൂ എന്ന് അച്ചായനെന്താ ഇത്ര ഉറപ്പ്..?”

”വചനത്തിൽ ഞാൻ കണ്ട ദൈവം….
പ്രാർത്ഥനാമുറിയിൽ സാന്നിദ്ധ്യത്താൽ എന്നെ നിറച്ച ദൈവം…
ഇന്നലെകളിൽ എന്നെ നടത്തിയ ദൈവം…..
ആ ദൈവത്തെ എനിക്ക് നന്നായി അറിയാമെന്നതുകൊണ്ട്!”

”അപ്പോൾ ഇത്തരം പാട്ടുകളൊന്നും പാടരുതെന്ന് പ്രോസ്പെരിറ്റിക്കാർ പറയുന്നതോ…?”

”ഉത്തരം വളരെ സിമ്പിളാണ്. അവർക്ക് തിരുവചനത്തിലെ ദൈവത്തെ അറിയില്ല…!”

”അച്ചായാ, എനിക്ക് പിന്നെയും സംശയം. സ്വർഗ്ഗീയ പിതാവ് സ്നേഹിക്കുന്നവനാണെങ്കിൽ എന്തുകൊണ്ടാണ് കഷ്ടതകൾ അനുവദിക്കുന്നത്….?”

”നമ്മുടെ മോനെത്തന്നെ അതിനും ഉദാഹരണമായി എടുക്കാം. അവനെ വയലിൻ വായിക്കാൻ പഠിപ്പിച്ച ആദ്യ സമയം നീ ഓർക്കുന്നുണ്ടോ?കമ്പികളിൽ മുറുകെപ്പിടിച്ച് ആ കുഞ്ഞിക്കൈകൾ വേദനിച്ചപ്പോൾ അവൻ കരഞ്ഞു. ആ കൈകൾ കണ്ട് ‘നിങ്ങൾ എന്ത് കഠിന മനുഷ്യനാ’ എന്ന് ചോദിച്ച് വയലിൻ പഠിച്ചതൊക്കെ മതിയെന്ന് നീ ആക്രോശിച്ചു.”

”അതു പിന്നെ…. കുഞ്ഞിൻ്റെ സങ്കടം കണ്ടാൽ…. ചോര കറ്റച്ചു കിടക്കുന്ന വിരലുകൾ കണ്ടാൽ… എതമ്മയ്ക്കാണ് സഹിക്കാൻ കഴിയുക…?”

”നീ ചിന്തിക്കുന്നുണ്ടോ എനിക്ക് വേദനയില്ലായിരുന്നെന്ന്…?
ഞാനൽപ്പം സഹതാപം കാണിച്ചാൽ അവൻ പഠിക്കുന്നത് നിർത്തും. അവനിലുള്ള കഴിവുകൾ കണ്ട് ഞാൻ തുടങ്ങിയ പദ്ധതി തകരും….”

”ശരിയാ. അവൻ ഇപ്പോൾ മനോഹരമായി വയലിൻ വായിക്കുന്നതു കാണുമ്പോൾ ഞാനോർക്കാറുണ്ട്….
അന്ന് ഞാൻ പറയുന്നതു കേട്ട് ഇടയ്ക്ക് നിർത്തിയിരുന്നെങ്കിൽ അവൻ ഇത്ര കഴിവുള്ളവനായി തീരുകയില്ലായിരുന്നല്ലോ എന്ന്.”

”അതുപോലെ നമ്മിലുള്ള കഴിവുകളും താലന്തുകളും അറിയുന്ന ദൈവം നമ്മെ തന്റെ ഹിതപ്രകാരം രൂപപ്പെടുത്തിയെടുക്കാൻ പലതും ചെയ്യും….

…മാനപാത്രമാക്കാൻ കളിമണ്ണിനെ നന്നായി ചവിട്ടിക്കുഴയ്ക്കും. തീയിലൂടെ കടത്തിവിടും…..
…ആയുധമാക്കാൻ അടിച്ചു പരത്തും. തീയിലും വെള്ളത്തിലും കടത്തിവിടും….രാകി മിനുക്കും….
…ഫലകരമാക്കാൻ ചെത്തി വെടിപ്പാക്കും. ഇലച്ചാർത്തുകളുടെ തഴെപ്പ് ഇല്ലാതാക്കും…”

പ്രിയമുള്ളവരേ,
സ്വർഗ്ഗീയ പിതാവിന് നമ്മെക്കുറിച്ചുള്ള വിചാരങ്ങളും വഴികളും നമ്മുടെ ചിന്തകളെക്കാൾ ഉന്നതവും ഉത്കൃഷ്ടവുമാണ്(യെ ശ.55:9). നമ്മെ സമ്പൂർണ്ണമായി താതൻ്റെ ഹിതത്തിനായി സമർപ്പിക്കാം….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.