ശുഭദിന സന്ദേശം : പ്രാർത്ഥനാലയം തസ്ക്കരാലയം |ഡോ.സാബു പോൾ

”എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ?”( യിരെ.7:11).

ഒരു കെട്ടിടം വാടകയ്ക്കെടുത്ത് കച്ചവടം നടത്താൻ കഴിയാതിരുന്നവർ ഉന്തുവണ്ടിയിൽ തട്ടുകട നടത്തിവന്നു. കാലം കുറെ കഴിഞ്ഞപ്പോൾ ഒമ്നി വാനുകളും മറ്റും ഇതിനു വേണ്ടി ഡിസൈൻ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങി. ഈ ‘റ്റു ഇൻ വൺ'(യാത്ര ചെയ്യാനും കച്ചവടം നടത്താനും) പദ്ധതികൾ തെറ്റെന്ന് പറയാനാകുമോ..?
ഒരിക്കലുമില്ല…!
എന്നാൽ ടൊയോട്ട ഇന്നോവ കാർ വാങ്ങിയിട്ട് അത് ചാണകം കയറ്റാൻ ഉപയോഗിച്ചാലോ…?
ഒരിക്കലും നമുക്കത് അംഗീകരിക്കാൻ കഴിയില്ല…!

ഒരേയൊരു ഉപയോഗത്തിനായി ഉണ്ടാക്കുന്ന കാര്യങ്ങളുണ്ട്. ബഹുമുഖ പദ്ധതികൾക്കായി രൂപകല്പന ചെയ്യപ്പെട്ടവയുമുണ്ട്. ഒരു ഉപയോഗത്തിനായി മാത്രം സൃഷ്ടിച്ചവയെ ആ ലക്ഷ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കണം.

ദൈവാലയം എന്തിനു വേണ്ടിയാണ് നിർമ്മിച്ചത്…? തീർച്ചയായും ദൈവത്തെ ആരാധിക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം(യിര.7:2). പ്രാർത്ഥനയ്ക്ക് വേണ്ടിയാണ് എന്ന് യെശയ്യാവ് പറയുന്നു. (56:7), കർത്താവ് ഇത് എടുത്ത് ഉദ്ധരിക്കുന്നുമുണ്ട്(മത്താ.21:13, മർ.11:17, ലൂക്കൊ.19:46).

ഇന്നത്തെ വേദഭാഗത്തിൽ യിരമ്യാവ് കാണുന്നത് യഹോവയുടെ മന്ദിരത്തിൽ ബാലും അന്യദൈവങ്ങളും ആരാധിക്കപ്പെടുന്നതാണ്. നടപ്പും പ്രവൃത്തികളും ക്രമീകരിക്കാതെ ദൈവാലയത്തിൻ്റെ ശ്രേഷ്ഠതകളിൽ പുളകം കൊള്ളുന്നവരെ ശക്തമായി ശാസിക്കുകയാണ് യിരമ്യാ പ്രവാചകൻ.

ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നവർ ആലയങ്ങളിൽ ക്രിസ്തീയ പേരുള്ള അന്യദൈവങ്ങളെ ആരാധിക്കുന്നതും സ്വർഗ്ഗത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ്. യിരമ്യാവിൻ്റെ കാലത്തും അത്തരം തെറ്റുകൾക്ക് കുട പിടിക്കുന്ന ന്യായീകരണത്തൊഴിലാളികൾ ഉണ്ടായിരുന്നിരിക്കാം…

പുതിയ നിയമത്തിലേക്ക് വരുമ്പോൾ പ്രാർത്ഥനാലയത്തിൽ ഉയരുന്നത് വിപണനത്തിൻ്റെ വിലപേശലുകളാണ്. ദൈവത്തെ മഹത്വപ്പെടുത്തുന്ന സ്തുതിഗീതങ്ങളെക്കാൾ ഉച്ചത്തിൽ വ്യാപാരിയുടെ വാഗ്വാദങ്ങൾ ഉയർന്നു കേൾക്കുന്നു. ‘സാമ്പത്തീക ശാപം’ പൊട്ടിക്കുവാൻ പ്രത്യേക അഭിഷേകമുണ്ടെന്ന് അവകാശപ്പെടുന്നവർ എപ്പിസോഡുകൾ സ്പോൺസർ ചെയ്യാൻ ആവശ്യപ്പെടുന്നതും ആധുനീക കാലത്തെ കച്ചവട തന്ത്രമെന്ന് സാധാരണ വിശ്വാസികൾ തിരിച്ചറിയുന്നില്ല.

പാലസ്തീനിൽ ചുണ്ണാമ്പു കല്ലുകൾ രൂപപ്പെടുത്തിയ ധാരാളം ഗുഹകളുണ്ടായിരുന്നു.അദുല്ലാം ഗുഹയൊക്കെ അക്കൂട്ടത്തിൽ പെടുന്നവയാണ്. കൊള്ളക്കാർ അത്തരം ഗുഹകളെ ഒളിവിടമാക്കിയിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിൽ കള്ളന്മാർ താമസിക്കട്ടെ പക്ഷേ, ദൈവാലയം അതിനുള്ള സ്ഥലമല്ലല്ലോ.

രാഷ്ട്രീയ നേതാക്കൾ(ഏതു പാർട്ടിയായാലും) അഴിമതി നടത്തുകയോ, കൂട്ടുനിൽക്കുകയോ ചെയ്യും. അതവിടെ നടക്കട്ടെ. പക്ഷേ, ആത്മീയ മണ്ഡലം അതിനുള്ള സ്ഥലമല്ല. അവിടെ അഴിമതി കൊടികുത്തി വാണാൽ സഭയുടെ നാഥൻ ചമ്മട്ടിയെടുത്തേക്കാം.

പ്രിയമുള്ളവരേ,
അന്യദൈവങ്ങളെയും വിഗ്രഹങ്ങളെയും അകറ്റി (അത് മനസ്സിലെ വിഗ്രഹമായാലും – യെഹ.14:3), കച്ചവടങ്ങളുടെ കുതന്ത്രങ്ങളെ വെടിഞ്ഞ് ആത്മാർത്ഥതയോടെ, ഹൃദയ നൈർമ്മല്യതയോടെ കർത്താവിനെ ആരാധിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.