- Advertisement -

ലേഖനം: വഴിയിൽ വെച്ചു ശണ്ഠ കൂടരുത് | ജോസ് പ്രകാശ്

എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും. ”
ബെന്യാമീനെ തങ്ങളോട് കൂടെ അയക്കുവാൻ അനുവാദം ചോദിച്ച യോസേഫിന്റെ സഹോദരന്മാർക്ക് പിതാവായ യാക്കോബ് കൊടുത്ത മറുപടിയാണിത്
[ഉല്പത്തി 42:38].

Download Our Android App | iOS App

വർഷങ്ങൾക്ക് മുൻപ് ഒരു വഴി യാത്രയിൽ വെച്ച് തന്റെ വാർദ്ധക്യത്തിലെ പ്രിയ മകനായ യോസേഫിനെ നഷ്ടപ്പെട്ടു. അതിന്റെ തിക്താനുഭവമാണ്
അവരോട് കൂടെ ബെന്യാമിനെ അയക്കുന്നതിൽ നിന്നും ആ പിതാവിനെ പിന്തിരിപ്പിച്ചത്.

post watermark60x60

ആടുകളെ മേയിക്കുന്ന സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ചുള്ള വഴിയാത്രയിൽ ഹീനമായ ആക്രമണം ആദ്യമായി അവരിൽ നിന്നും നേരിട്ടത് യോസേഫിനാണ്. അതുകൊണ്ടാണ് യാത്ര പുറപ്പെടുന്നതിന് മുമ്പ്: ” നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠ കൂടരുത് ” എന്ന ശക്തമായ താക്കീത് അവർക്ക് നൽകിയത്
(ഉല്പത്തി 45:24).

വഴി യാത്രകളിലാണ് പതിയിരുപ്പുകൾ കൂടുതലായുള്ളത്. വിമർശനങ്ങൾ, കയർപ്പുകൾ, ഗൂഢാലോചകൾ ഒക്കെയുള്ള വീഥികളിലൂടെയാണ് നാമും പ്രയാണം തുടരുന്നത്. അതിനാൽ ഇടവിടാതെയുള്ള പ്രാർത്ഥനക്ക് ഇടവേള പാടില്ല.

ദൂരത്തു നിന്നു കണ്ടപ്പോഴേ അടുത്തുവരും മുമ്പെ കൊല്ലേണ്ടതിന്നു യോസേഫിന് വിരോധമായി ദുരാലോചന ചെയ്തവരാണ് തന്റെ സഹോദരർ. ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ദൗത്യവുമായി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വഴിയിൽ വെച്ച് നശിപ്പിക്കുവാൻ പതിയിരിക്കുന്ന സുവിശേഷ വിരോധികൾ ധാരാളമുണ്ട്. ആകയാൽ പൂർണ്ണസ്ഥിരതയോടെ ഇടവിടാതെ ആത്മാവിൽ പ്രാർത്ഥിച്ചാൽ വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു കർത്താവ് വിടുവിക്കും.

വഴിയിൽവെച്ച് നശിച്ചു പോകേണ്ടവരല്ല നാം. പകുതി വഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടവരുമല്ല. നമുക്ക് ഒരു ലക്ഷ്യമുണ്ട്, തളരാതെ കരുത്തോടെ അതിലേക്ക് മുന്നേറണം.

ദൈവം കോപിച്ചിട്ടു വഴിയിൽവെച്ചു നമ്മുടെ ബലം ക്ഷയിച്ചു; നാം വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനായ യേശുവിനെ ചുംബിക്കേണം. സഭാശുശ്രൂകനോടോ സഹവിശ്വാസികളോടോ ശണ്ഠ കൂടരുത്.
നമുക്കു ഒരു ദോഷവും ചെയ്യാത്തവരോട് ഭോഷന്മാരെപ്പോലെ വെറുതെ ശണ്ഠയിടരുതു.

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിച്ച് ജീവിച്ചാൽ നമ്മുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നുളവാകുന്ന ശണ്ഠയും കലഹവും നിർമ്മൂലമാകും.

പഴയ മനുഷ്യനെ ധരിച്ച് നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞു
സഭയിൽ ഭിന്നതയും, പക്ഷവും, പിണക്കമുണ്ടാക്കി മുന്നോട്ടു പോയാൽ വിശ്വാസക്കപ്പൽ തകർന്നു പോകും.

എന്നാൽ ശുഭകരമായി പ്രവർത്തിപ്പാൻ നമ്മെ അഭ്യസിപ്പിക്കയും നാം പോകേണ്ടുന്ന വഴിയിൽ നമ്മെ നടത്തുകയും ചെയ്യുന്ന ദൈവത്തെ ബഹുമാനിച്ച് തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ച് മുന്നേറിയാൽ
വിശ്വാസ ജീവിത പടകിനു നേരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകളെ അടക്കി, ശാന്തതയോടും സന്തോഷത്തോടും കൂടെ നാം ആഗ്രഹിക്കുന്ന തുറമുഖത്തു ദൈവം നമ്മെ എത്തിയ്ക്കും.

ജോസ് പ്രകാശ്

-ADVERTISEMENT-

You might also like
Comments
Loading...