ലേഖനം: കൃത്യം നടക്കട്ടെ, ക്രമം മാറ്റിക്കൂടേ… | പാസ്റ്റർ ഫിലിപ്പ് പി. തോമസ്

കോവിസ് ബാധ, ലോകമെമ്പാടും മനുഷ്യനിൽ പല മാറ്റങ്ങൾ ഉണ്ടാക്കി. മനസ്സോടെയല്ലെങ്കിലും, നാം പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കുന്നു. ശീലങ്ങൾ പലതും മാറ്റി. പുതിയ ജീവിത ശൈലിയുമായി നാം മെല്ലെയാണെങ്കിലും പൊരുത്തപ്പെട്ടു. മുഖാവരണം ധരിക്കില്ലെന്ന് വാശി പിടിച്ച അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപും മാസ്ക് ഇട്ടു. ചില്ലി ചിക്കനും ഗോപി മഞ്ചൂരിയുമില്ലാതെ ചപ്പാത്തി തിന്നാമെന്നു പഠിച്ചില്ലേ? ദിവസം പല പ്രാവശ്യം കൈ കഴുകാൻ പഠിച്ചില്ലേ? ആഴ്ചയിലൊരിക്കൽ ഡോക്ടറെ കണ്ടില്ലെങ്കിൽ, എന്തോ കുറച്ചിൽ തോന്നിയിരുന്നവർക്ക് ഇപ്പോൾ ആശുപത്രിയെന്നു കേൾക്കുമ്പോഴേ പേടിയായി. അങ്ങനെ എന്തെല്ലാം ശീലം മാറി, രീതി മാറി, ചിന്തകൾ മാറി, മാറ്റങ്ങളോടുള്ള മനോഭാവവും മാറി .ഇപ്പോഴും നാം ആഹാരം കഴിക്കുന്നു, ഉണരുന്നു, ഉറങ്ങുന്നു.

post watermark60x60

മനുഷ്യൻ മാറ്റങ്ങളെ സ്വതവേ എതിർക്കുന്നു. ഏതു മാറ്റവും ആദ്യം നാം എതിർക്കും, പിന്നീട് മനസില്ലാ മനസ്സോടെ സ്വീകരിക്കും, ക്രമേണ അംഗീകരിക്കും. ചട്ടയും മുണ്ടും ധരിച്ചവർക്ക് സാരിക്കാരെ ഫാഷൻ പ്രേമികളായി തോന്നിയ കാലമുണ്ടായിരുന്നു. സാരിക്കാർക്ക് ചുരിദാർകാരെയും, ചുരിദാറിന് ജിൻസിനെയും അലർജിയായിരുന്നു. റേഡിയോ, ടി.വി, മൊബൈൽ, ഐ പാഡ് ഒക്കെ ചിലർക്ക് ആദ്യം സാത്താന്റെ ഉപകരണമായിരുന്നു .ഇപ്പോൾ അവയെല്ലാം ഒഴിച്ചുകൂടാൻ പറ്റാത്ത ഉപകരണങ്ങളായി. ഇതെല്ലാം ഗുണകരമായി ഉപയോഗിക്കുന്നു, ചിലർ ദുരുപയോഗം ചെയ്യുന്നു .
രാവിലെ ഞാൻ ഒരു ലേഘനം എഴുതിയത് പേപ്പറും പേനയും ഉപയോഗിച്ചായിരുന്നു. അത് പിന്നീട് സ്കാൻ ചെയ്ത് അയച്ചുകൊടുത്തു. പക്ഷേ ഇപ്പോൾ ഇത് എഴുതുന്നത് ടാബ് ലറ്റിലാണ്. ചിലപ്പോൾ മംഗ്ലീഷ് ആപ്പ് ഉപയോഗിക്കാറുണ്ട്. ഇപ്പോൾ ഗൂഗിൾ ഹാൻഡ് റെറ്റിംഗ് എന്ന ആപ്പ് ഉപയോഗിച്ചാണ് എഴുതുന്നത്. അതായത് ഒരു കാര്യം തന്നെ പല രീതിയിൽ ചെയ്യാം. കാര്യം നടന്നാൽ പോരായോ ?
ഏതു കാര്യം ചെയ്യണമെങ്കിലും അതിന് നാം ഒരു രീതി അവലംബിക്കണം. രീതി മാറ്റാൻ പറ്റാത്ത പ്രവൃത്തികളും ഉണ്ടു്. എന്നാൽ ഏതിനാണ് പ്രാധാന്യം ?Function എന്നും Method എന്നും രണ്ട് വാക്കുകൾ നമുക്കറിയാം. Function എന്നാൽ ചടങ്ങ്, കൃത്യം, പ്രവൃത്തി എന്നൊക്കെയാണ്. Method എന്നാൽ രീതി, വിധം, ക്രമം എന്നൊക്കെയും അർത്ഥമാക്കാം. എന്നാൽ ഇതിൽ പ്രാധാന്യം ചടങ്ങിനാണ്, അഥവാ കൃത്യത്തിനാണ്, പ്രവൃത്തിക്കാണ്. പ്രവൃത്തിയേക്കാൾ പ്രാധാന്യം അത് ചെയ്യുന്ന രീതിക്ക് കൊടുക്കുമ്പോൾ നാം ഒരു രീതിക്ക് അടിമപ്പെടുകയുണ്ടായി.!ആത്മിയ കാര്യങ്ങളിലും പലരും ഓരോ രീതികൾക്ക് അടിമപ്പെടുമ്പോൾ അപകടമാണ്. രീതികൾ മാറ്റുമ്പോൾ ചിലർ അസ്വസ്തരാകാറുണ്ട്.

പെന്തക്കോസ്തുകാർക്ക് എഴുതപ്പെട്ട ആരാധനാക്രമമോ, വിവാഹ ശുശ്രൂഷാ രീതിയോ, ശവസംസ്കാര രീതിയോ ഇല്ല. പക്ഷേ എഴുതപ്പെടാത്ത ക്രമം ഉണ്ട്. വിവാഹത്തിന് സ്വർപൂരമീ കരാറിന് എന്നത് സ്വർപ്പൂരമീ ഉടമ്പടിക്ക് എന്ന് തിരുത്തി പാടിച്ചതിന് (നേരത്തെ പാട്ടുകാരോട് പറഞ്ഞ പ്രകാരം ), അന്ന് പ്രസംഗിച്ചയാൾ എന്നെ ഫോണിൽ വിളിച്ച് നീരസം അറിയിച്ചത് ഓർക്കുന്നു. ഇപ്പോൾ ഭൂരിഭാഗം ഗായകരും ഉടമ്പടി എന്നാണ് പാടുന്നത്. മറ്റൊരു വിവാഹത്തിന് വേദഭാഗം നേരത്തെ വായിപ്പിച്ചപ്പോൾ വേദിയിൽ ചിലർ പിറുപിറുക്കാൻ തുടങ്ങി. ശുശ്രൂഷക്ക് മുൻപ് (ഉഭയസമ്മതം ) ആണോ വാക്യം വായിക്കുന്നതെന്ന് ചിലർ ചോദിച്ചു. ഓരോരുത്തർ പരിചയിച്ച രീതി എല്ലാവരും തുടരണം എന്ന് വാശി പിടിക്കുന്നവർ ഉണ്ട്. സഭാ യോഗം എന്നാൽ, രണ്ട് പാട്ട് ,മൂന്ന് പ്രാർത്ഥന, ഒരു പാട്ട്, സങ്കീർത്തന വായന, സാക്ഷ്യം പറച്ചിൽ, പാട്ട്, സ്തോത്ര കാഴ്ച, പ്രാർത്ഥന, പ്രസംഗം, പ്രാർത്ഥന, ആശിർവാദം എന്നാണ് മനസിലെ ചിത്രം. ചില സഭകളിൽ ഇതെല്ലാം ചിലരുടെ കുത്തക അവകാശമാണ്. അതിൽ മാറ്റം വരുത്തിയതിന് പിളർന്ന സഭയുണ്ട് .

Download Our Android App | iOS App

ഒരേ രീതിയിൽ ഒരേ കാര്യം എന്നും ചെയ്യുമ്പോൾ അത് വെറും ഒരു ചടങ്ങായി മാറുന്നു. ആണ്ടുതോറും നടത്തുന്ന 21 ദിവസത്തെ ഉപവാസം ( ഭക്ഷണം കഴിച്ചു കൊണ്ട് ) ,കൺവൻഷൻ ഒക്കെ നാം നടത്തി പോരുന്നു. ഒരു പ്രയോജനവുമില്ലാത്ത, സുവിശേഷം പറയാത്ത കൺവൻഷനാണെങ്കിലും നടത്തിയേ പറ്റൂ. പിതാക്കന്മാർ ഇട്ട അതിരാണ് പോലും….? പിതാക്കന്മാരിട്ട അതിര് മാറ്റരുത് എന്ന് പറഞ്ഞിരിക്കുന്ന വേദ വാക്യത്തിന്റെ അർത്ഥം നമ്മൾ പറയുന്നതൊന്നുമല്ല താനും. ഒരു സഭയിൽ തമ്പാർ മാറ്റി കീബോർഡു വച്ചപ്പോൾ ഒരാൾ ആക്രോശിച്ചു… ” ഈ തമ്പാറടിച്ചാ ഞങ്ങൾ ഒക്കെ അഭിഷേകം പ്രാപിച്ചത്,” ഇതു തന്നെ പോരായോ ?
സങ്കീർണങ്ങളായ പ്രശ്നങ്ങൾ, സമ്മർദങ്ങൾ അനുഭവിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. അവരുടെ യോഗത്തിന് ഇന്നും ഗോത്രപിതാക്കന്മാരുടെ പേരും, സമാഗമനകൂടാരത്തിന്റെ പലകയുടെ വീതിയും മനഃപാഠം പറയിച്ചാൽ മതിയോ ? കാലത്തിന്റെ വെല്ലുവിളികളും സമ്മർദങ്ങളും അനുസരിച്ച് പ്രോഗ്രാമുകൾ മാറ്റണ്ട ? ക്യാമ്പുകളിൽ ചിലരെയൊക്കെ “അക്കോമഡേറ്റ് ” ചെയ്യാൻ വേണ്ടി പിള്ളാരെ ബോറടിപ്പിക്കണോ ?

കൊവിഡ് കാലത്തും പഴയ രീതിയിൽ എല്ലാം നടത്തണമെന്ന് വാശി പിടിക്കണോ ?
മോശയുടെ കാലത്ത് കടലിനെ വിഭജിക്കുവാൻ ഒരു വടിയാണ് ഉപയോഗിച്ചത്. പക്ഷേ യോശുവ യോർദ്ദാനെ വിഭജിക്കുവാൻ അതേ രീതി പിൻതുടർന്നില്ലല്ലോ. മോശയുടെ കാലത്ത് വെള്ളത്തിന്റെ രുചി മാറ്റുവാൻ ഒരു വൃക്ഷം വെട്ടി ഇടുക യായിരുന്നല്ലോ .എന്നാൽ ഏലിശായുടെ കാലത്ത് വെള്ളം ശുദ്ധീകരിക്കുവാൻ പുതിയ തളികയും ഉപ്പും വാങ്ങി .അതിന് പണം ചെലവായപ്പോൾ ആരും എതിർത്തില്ല .ഏലിശാ കുഷ്ഠരോഗിയെ സൗഖ്യമാക്കിയ രീതിയിലല്ലല്ലോ യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കിയത്. യേശു എല്ലാ കുരുടന്മാരെയും ഒരേ രീതിയിലല്ലോ സൗഖ്യമാക്കിയത്. നയീനിലെ വിധവയുടെ മകന്റെ ശവമഞ്ചക്കാൽ തൊട്ട യേശു ലാസറിനെ ഉയിർപ്പിച്ചത് വാക്കുകൾ കൊണ്ടാണല്ലോ. ഇവിടെയൊന്നും രീതികൾക്ക് പ്രാധാന്യം ഇല്ലായിരുന്നു. പ്രവൃത്തി നടക്കണം, രീതിക്കല്ല പ്രസക്തി .
കാലാനുസൃതമായ മാറ്റങ്ങൾ നമ്മുടെ സഭാ യോഗങ്ങളിലും സുവിശേഷീകരണ രീതികളിലും വരുത്തിയില്ലെങ്കിൽ ഒരു കൂട്ടം സഭ വിട്ടു പോകും. ഇന്നത്തെ രീതിയിലുള്ള മെഗാ ക്രൂസേഡുകൾ പാഴ്ചെലവായി മാറിയാൽ കുറ്റക്കാർ നാം തന്നെയാണ്. അടിസ്ഥാന പ്രമാണങ്ങൾക്ക് മാറ്റം വരുത്താതെ, രീതികൾക്ക് അടിമപ്പെടാതെ, പ്രവൃത്തികൾ ചെയ്യാം .

പാസ്റ്റർ ഫിലിപ്പ് പി.തോമസ്

-ADVERTISEMENT-

You might also like