ലേഖനം: കൊറോണയും യിസ്രായേലിന്‍റെ മശിഹാ പ്രത്യാശയും | പാ. സണ്ണി പി സാമുവൽ

2020 ഏപ്രിൽ എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെയുള്ള ദിവസങ്ങൾ യിസ്രയേലിന് അവധി ദിവസങ്ങൾ ആയിരുന്നു. യെഹൂദാ കലണ്ടർ അനുസരിച്ച് ഈ ദിവസങ്ങൾ 5780 വർഷം നീസാൻ മാസം പതിനാലാം തീയതി മുതൽ ഇരുപത്തി രണ്ടാം തീയതി വരെയാണ്. നീസാൻ മാസത്തിന്റെ മറ്റൊരു പേരാണ് ആബീബ്. ആബീബ് മാസം പതിനാലാം തീയതി സൂര്യാസ്തമയത്തോടെ ആരംഭിക്കുന്ന അവധിദിവസങ്ങൾ ഇരുപത്തിരണ്ടാം തീയതി നിശാരംഭം വരെ നീണ്ടു നിൽക്കുന്ന പെസഹാ ആചരണ ദിനങ്ങൾ ആണ്. എന്നാൽ കൊവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യിസ്രയേൽ മേൽപ്പറഞ്ഞ അവധി ദിവസങ്ങൾ ലോൿ ഡൗൺ ആയി പ്രഖ്യാപിക്കുമോ എന്ന് ഹെൽത്ത് മിനിസ്റ്റർ യാക്കോവ് ലിറ്റ്സ്മാനോട് മീഡിയ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി രസാവഹം ആയിരുന്നു.

“ഞങ്ങളുടെ വീണ്ടെടുപ്പിന്റെ കാലമായ പെസഹാക്ക് മുൻപ് മശിഹ വരും എന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. മിസ്രയീമിൽ നിന്നും ഞങ്ങളെ വിളിച്ചു കൊണ്ടു വന്നതു പോലെ മിശിഹാ ഞങ്ങളെ പുറത്തു കൊണ്ടുവരും എന്ന് എനിക്ക് തീർച്ചയുണ്ട്. ഇതിൽ നിന്നെല്ലാം മശിഹാ ഞങ്ങളെ സ്വതന്ത്രരാക്കി പുറത്തു കൊണ്ടു വരും. ലോകത്തിലെ എല്ലാ കഷ്ടങ്ങളിൽ നിന്നും ഞങ്ങളെ എത്രയും പെട്ടെന്ന് വീണ്ടെടുക്കും.” അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയെ ജനം സ്വാഗതം ചെയ്തില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ മന്ത്രി പ്രസ്താവിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല എന്ന് മാത്രമല്ല ഭാഗികമായ ലോക് ഡൗണിലൂടെയും നിയന്ത്രണങ്ങളിലുടെയും പെസഹാ പെരുന്നാൾ ആചരിക്കേണ്ടിയും വന്നു.

2020 മെയ് 21ന് സൂര്യാസ്തമയം (Sunset) മുതൽ 22ന് നിശാരംഭം (Night fall) വരെയുള്ള ഒരു ദിവസം യിസ്രായേലിന്റെ മറ്റൊരു ഉത്സവ ദിവസം ആയിരുന്നു. യോം യെരൂഷാലേയിം (Yom Yerushalayim)- യെരൂശലേമിന്റെ ദിവസം എന്നർത്ഥം. യിസ്രായേലിന്റെ തലസ്ഥാനനഗരിയായ യെരുശലേമിനെ ഷഡ്ദിന യുദ്ധത്തിൽ യിസ്രായേൽ പിടിച്ചടക്കിയ ഓർമ്മ ദിവസം. അത്യാഘോഷ പൂർവ്വമാണ് 1967 മുതൽ ഈ ദിവസം കൊണ്ടാടുന്നത്. യിസ്രായേലിന്റെ ദേശീയ പതാകയുമായി തെരുവിൽ നൃത്തം ചെയ്തും, ആട്ടിൻ കൊമ്പു കൊണ്ടുള്ള കാഹളം (Shofar) നീട്ടി ഊതിയും, ആശംസകൾ കൈമാറിയും, പ്രാർത്ഥനകൾ നടത്തിയും ജനം തിമിർപ്പിൽ ആയിരിക്കും. ഈ വർഷം പൊതു ചടങ്ങുകളും ആഘോഷങ്ങളും കാണുകയില്ല എന്നാണ് ലോകം കരുതിയത്. കാരണം ലോകവ്യാപകമായി കൊറോണ സമൂഹ വ്യാപനം ദുരന്തം വിതെച്ചു കൊണ്ടിരിക്കുകയായിരുന്നുവല്ലോ. എന്നാൽ ലോകത്തെ ഞെട്ടിച്ചു കൊണ്ട് അന്നേ ദിവസം ആഘോഷ ദിനമായി ഗവൺമെൻറ് പ്രഖ്യാപിച്ചു. മാസ്ൿ നിർബന്ധം (Mandatory) അല്ലായിരുന്നു. അത് തികെച്ചും വ്യക്തിപരം ആയിരുന്നു. കാരണം, യെരൂശലേമിനെ കോവിഡ് വിമുക്തമാക്കി പ്രഖ്യാപിച്ചിരുന്നു. തൽഫലമായി, ജനം തെരുവിലിറങ്ങി. ആഘോഷം പൊടിപൊടിച്ചു. ഇത് ലോകത്തിന്റെ കണ്ണിൽ പൊടിയിടാനായി അരങ്ങേറിയ നാടകീയ രംഗങ്ങൾ ആയിരുന്നു. കാരണം, യിസ്രായേലിൽ നിന്നും കൊറോണയെ പൂർണമായും തുടച്ചു മാറ്റുവാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഏറ്റവും തിന്മയായത് വരുവാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 2020 ജൂൺ 2 ന് രാത്രി11 മണിക്കുള്ള HAARETZ ന്റെ റിപ്പോർട്ട് അനുസരിച്ച് 17285 രോഗികളും, 24 മണിക്കൂറിനിടെ 116 പുതിയ കേസുകളും, 290 മരണങ്ങളും ഉണ്ടായി. കടുത്ത സമൂഹ വ്യാപനം നടന്നിരിക്കുന്നു എന്ന് സുവ്യക്തം. 2020 ജൂലൈ 6 ആയപ്പോഴേക്കും ചിത്രം വീണ്ടും മാറി. 40,000 പുതിയ കേസുകളും 375 മരണങ്ങളും ആയി കണക്ക് ഉയർന്നു. സമ്പൂർണ ലോൿഡൗൺ ഒഴിച്ചു കൂടാനാവാത്തതാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി തന്നെ പറയേണ്ട സാഹചര്യം സംജാതമായി. ഈ ലേഖനം തയ്യാറാക്കുന്ന ജൂലൈ 17-നു രോഗികളുടെ എണ്ണം 46,059 ഉയർന്നു. മരണസംഖ്യ 384 ആയി. 20,370 പേർ രോഗവിമുക്തി നേടി. 25,305 പേർ കടുത്ത രോഗികളാണ്. നെറ്റ് ന്യൂസ് ഡോട്ട് കോം ജൂലായ് 15-നു പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിദിനം 2000 പുതിയ രോഗികൾ ഉണ്ടാകുന്നു. അതിൽ 30 പേർ അത്യാസന്ന നിലയിൽ അഡ്മിറ്റ് ആകുന്നു. ഒരാഴ്ചത്തെ നിർബന്ധ സാമ്പത്തിക ലോൿഡൗൺ പരിഗണനയിൽ ആയിരിക്കുന്നു.

ഈ മഹാമാരി നിമിത്തം ഉണ്ടായ സാമ്പത്തിക മാന്ദ്യം കാരണം കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന് ഒരു നേരത്തെ ആഹാരം വെട്ടികുറക്കേണ്ടി വന്നുവെന്ന് 14% പറയുന്നു. ജനസംഖ്യയുടെ 34.3% കടുത്ത മാനസ്സിക സമ്മർദ്ദത്തിലൂടെയും പിരിമുറുക്കത്തിലൂടെയും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. 26.2% ആൾക്കാരെ ഡിപ്രഷൻ ബാധിച്ചു. ഏകാകിത്വം അനുഭവപ്പെടുന്നത് 23.5%പേർ. 25.8% കുട്ടികളുടെ വൈകാരികതലം വളരെ ദുർബ്ബലം ആയി. തങ്ങൾ കോവിഡ് രോഗികൾ ആകുമെന്ന് 55.7% പേർ ഭയപ്പെടുന്നു. ആകെ ജനസംഖ്യയുടെ 46.1% പേർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യിസ്രായേലി അറബ് സമൂഹത്തിൽ 57%-ത്തെ സാമ്പത്തിക മാന്ദ്യം ബാധിച്ചു.

എന്നിരുന്നാലും യിസ്രായേലി ജനതക്ക് ഗവൺമെന്റിൽ പൂർണ്ണ വിശ്വാസമാണ്. ഈ ‘റിസെഷനെ’ ഗവൺമെന്റ് നേരിടുമെന്നും തങ്ങൾ അതിജീവിക്കുമെന്നും അവർ കരുതുന്നു.

മന്ത്രി ഉച്ചൈസ്തരം ഘോഷിച്ചതു പോലെ വിടുതലുമായി മശിഹ വന്നില്ല, എന്നു മാത്രമല്ല ആഘോഷങ്ങൾക്കായി വേർതിരിച്ച പൊതുപരിപാടികൾ സമൂഹ വ്യാപനം വർദ്ധിപ്പിക്കുകയും ചെയ്തു. വിസ്വാസം നല്ലതാണ് പക്ഷേ അത് തീവ്രവാദം ആകരുത്.

ഇത്തരുണത്തിൽ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഗോൾഡൻ ബ്രൗൺ പുറത്തുവിട്ട ഒരു പ്രസ്താവന ഉദ്ധരിക്കട്ടെ. 2020 മാർച്ച് 26 തീയതി വ്യാഴാഴ്ച ഗാർഡിയൻ ദിനപത്രം അത് പ്രസിദ്ധീകരിക്കുകയുണ്ടായി. കൊറോണ കാരണം സംജാതമാക്കപ്പെട്ടിരിക്കുന്ന മെഡിക്കൽ – സാമ്പത്തിക ആപൽസന്ധികൾ നേരിടുവാനായി ഒരു താല്കാലിക ലോകഗവൺമെന്റ് രൂപം ചെയ്യുവാനായി അദ്ദേഹം ലോക നേതാക്കന്മാരോട് ആവശ്യപ്പെട്ടു എന്നതായിരുന്നു പ്രസ്തുത പ്രസ്താവന. “ഇതൊരു രാജ്യത്തിനുള്ളിൽ പരിഹരിച്ച് തീർക്കാവുന്ന പ്രശ്നമല്ല. ആഗോളതലത്തിൽ ഇതിനായി ഒരു പ്രതികരണം ഉണ്ടായേ മതിയാവൂ. ഇത് ഒരു മെഡിക്കൽ എമർജൻസി ആകയാൽ കൂട്ടായ യത്നം ഇതിന് ആവശ്യമായിരിക്കുന്നു. മെഡിക്കൽ മേഖലയെ പരിപോഷിപ്പിച്ച് എടുക്കുവാൻ നാം ശ്രമിക്കും തോറും സാമ്പത്തിക മേഖല പ്രതിസന്ധിയിൽ ആയിക്കൊണ്ടിരിക്കും. ആകയാൽ ഒരു വാക്സിൻ കണ്ടുപിടിക്കുക, ലാഭേച്ഛ കൂടാതെ അത് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുക എന്നിങ്ങനെ ഒരു ദ്വിമുഖപദ്ധതി നാം തയ്യാറാക്കേണ്ടിയിരിക്കുന്നു. അത് ലോകരാഷ്ട്രങ്ങൾ കൂട്ടായി ഏറ്റെടുക്കേണ്ട ദൗത്യമാണ്. ഒപ്പം അതാതു രജ്യങ്ങളുടെ റിസർവ്/ സെൻട്രൽ ബാങ്കുകൾ ഒത്തുചേർന്ന് ഗവൺമെൻറ് ഫണ്ട് സാമ്പത്തിക വളർച്ച മുന്നിൽ കണ്ടു ഒന്നിച്ച് ചെലവഴിക്കുക.”

ഗോൾഡൻ ബ്രൗൺ ആൾ ചില്ലറക്കാരനല്ല കേട്ടോ. 2008 ഒക്ടോബറിൽ ലോക സാമ്പത്തിക വ്യവസ്ഥ തകർച്ചയുടെ വക്കിലായിരുന്നു. അന്ന് ബ്രിട്ടനിലെ ബാങ്കുകൾ നാശകൂപത്തിന്റെ പടിക്കൽ എത്തി നില്ക്കുകയായിരുന്നു. എന്നാൽ അന്ന് അവയെ തകർച്ചയിൽ നിന്നും തന്ത്രപൂർവ്വം കരകയറ്റി എടുത്ത്സാമ്പത്തിക വിഗ്ദ്ധനാണ് ബ്രൗൺ.

ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്രൗണിന്റെ പ്രസ്താവനകൾ സ്വാഗതാർഹമാണ്. കാരണം ഓരോ രാജ്യങ്ങളും പ്രത്യേകം പ്രത്യേകമായി കൊറോണക്കെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് ആഗോള സാമ്പത്തിക വിപണിയിൽ വൻ നഷ്ടത്തിനു കാരണമാകും. ഇത് വാക്സിന്റെ വിലയിലും ഗണ്യമായ വ്യത്യാസമുണ്ടാക്കും. ലോകരാഷ്ട്രങ്ങൾ ഒരു പൊതു മിനിമം പരിപാടി ആസൂത്രണം ചെയ്തു കാര്യങ്ങൾ നീക്കിയാൽ ഗവേഷണ രംഗത്തെ ആവർത്തനങ്ങൾ ഒഴിവാക്കാൻ കഴിയും. തദ്വാര ഉല്പാദന ചെലവ് കുറയ്ക്കാനും കഴിയും. G-20 രാജ്യങ്ങൾക്ക് ഏകലോക ക്രമത്തിന്റെ തലപ്പത്തു നിന്നു വാക്സിൻ കണ്ടുപിടിക്കുവാൻ കഴിയുമെന്ന് ബ്രൗൺ പ്രത്യാശ പ്രകടിപ്പിച്ചു. കാര്യങ്ങൾ എങ്ങോട്ടാണ് നീങ്ങുന്നത്?

ബ്രൗണിന്റെ പ്രസ്താവനകൾ വിരൽചൂണ്ടുന്ന ഏകലോക ഭരണക്രമം എന്ന സിദ്ധാന്തം ബൈബിൾ പ്രവചനത്തിലേക്കു വിരൽചൂണ്ടുന്ന കൈചൂണ്ടിയാണ്. ഏകലോക ഭരണക്രമം എന്നത് എതിർക്രിസ്തുവിന്റെ ഭരണക്രമം ആണ്. “വൺ വേൾഡ് ഓർഡർ,” എന്ന ഒരു തത്വം ഇപ്പോൾ തന്നെ ഗൂഢമായി പ്രചരിക്കുന്നുണ്ടല്ലോ. “ഇല്യൂമിനാറ്റി” പോലുള്ള രഹസ്യ സംഘടനകൾ എകലോക ഭരണത്തിനായി നിലകൊള്ളുകയും അതിനായി ഫണ്ട് ശേഖരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നുണ്ടല്ലോ. എതിർക്രിസ്തുവിന്റെ ലോകാധിപത്യത്തിനായുള്ള രംഗപ്രവേശത്തിന് അകത്തളങ്ങളിൽ കളമൊരുക്കൽ രഹസ്യമായി നടന്നുകൊണ്ടിരിക്കുന്നു.

എന്തൊരു വൈരുദ്ധ്യം! ഒരേ സംഭവം രണ്ടു വ്യത്യസ്ത വിരുദ്ധ കാഴ്ചപ്പാടുകൾ. യിസ്രായേലി മന്ത്രിയുടെ പ്രസ്താവന അമിതാവേശം നിറഞ്ഞതും സമയോചിതം അല്ലാത്തതും കാലത്തെ വിവേചിക്കാത്തതും ആയിപ്പോയി. കാരണം ദൈവത്തിന്റെ പ്രവർത്തന പദ്ധതിയുടെ കലൻഡർ ദൈവത്തിന്റെ പുസ്തകമായ തനാക്കിൽ അന്വേഷിച്ചു നോക്കുന്നതിൽ യെഹൂദൻ എന്നും പരാജയമായിരുന്നല്ലോ.

എങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ കാണുന്ന ആത്മാർത്ഥതയും ഒപ്പം പ്രത്യാശയും അഭിനന്ദനാർഹമാണ്. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായി മശിഹ വരും തീർച്ച. എന്നാൽ, അതിനുമുൻപ് അധർമ്മ മൂർത്തി എന്ന എതിർ ക്രിസ്തുവിന്റെ പ്രത്യക്ഷത ഉണ്ടാകും എന്ന് ബൈബിൾ പ്രവചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. യിസ്രയേലിന്റെ മശിഹയായി വെളിപ്പെടേണ്ടവൻ അതിനു മുൻപ് സഭയുടെ കാന്തനായി വെളിപ്പെടുമല്ലോ. അതിന്റെ ഒരുക്കങ്ങളാണ് ലോകത്ത് ആകമാനമായി നടന്നുകൊണ്ടിരിക്കുന്നത്. മണവാട്ടി സഭ ഭൂമിയിൽ നിന്നും എടുക്കപ്പെട്ടു കഴിഞ്ഞാൽ ഇവിടെ ഒരു ഏക ലോക ഭരണ വ്യവസ്ഥ നിലവിൽ വരും. അതിന്റെ അധിപതി എതിർക്രിസ്തു ആയിരിക്കും. ആ അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപിക്കുന്നുണ്ട്. അത് സമയത്തിനു മുമ്പ് വെളിപ്പെടാതിരിക്കേണ്ടതിനു തടയുന്നത് സഭയാണല്ലോ. സഭയുടെ ഉൽപ്രാപണം ആണല്ലോ നമ്മുടെ ഏകപ്രത്യാശ. അതിനായി നമുക്ക് ഒരുങ്ങാം. ആമേൻ, കർത്താവേ വരേണമേ.

പാസ്റ്റർ. സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.