ഇന്നത്തെ ചിന്ത : ദൈവത്തിന്റെ അഭിഷിക്തനെതിരെ കൈ ഉയർത്തരുത് | ജെ.പി വെണ്ണിക്കുളം

ദാവീദിനെ എങ്ങനെയെങ്കിലും വധിക്കണമെന്ന ദുഷ്ടചിന്തയുള്ളവനായിരുന്നു ശൗൽ. ഒരിക്കൽ അവിചാരിതമായി രണ്ടുപേരും ഒരു ഗുഹയിൽ വന്നുപെട്ടു. ദാവീദ് ശൗലിനെ കണ്ടെങ്കിലും ശൗൽ ദാവീദിനെ കണ്ടില്ല. അവിടെവച്ച് ദാവീദിനു ശൗലിനെ നിഷ്പ്രയാസം വധിക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷെ, താൻ അതു ചെയ്തില്ല. ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചെടുത്തിട്ടുപോലും ദാവീദിന് മനഃസാക്ഷിക്കുത്തു ഉണ്ടായി. അക്കാലങ്ങളിൽ അങ്ങനെ ചെയ്താൽ ഒരാളെ അപമാനിക്കുന്നതിന് തുല്യമായി കണ്ടിരുന്നു (2 ശമുവേൽ 10:4,5). താൻ തൊട്ടത് ദൈവത്തിന്റെ അഭിഷിക്തനെയാണെന്ന തിരിച്ചറിവ് ദാവീദിനുണ്ടായി. പ്രിയരെ, മനസാക്ഷിയുള്ളവർക്കു മാത്രമേ തങ്ങളുടെ തെറ്റുകളെക്കുറിച്ചു ബോധ്യം ഉണ്ടാവുകയുള്ളൂ. അല്ലാത്തവർ എത്ര വർഷം കഴിഞ്ഞാലും തെറ്റു തുടർന്നുകൊണ്ടേയിരിക്കും.
സങ്കീർത്തനങ്ങൾ 105:15ൽ ഇങ്ങനെ വായിക്കുന്നു; “എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു”.
1 ദിനവൃത്താന്തം 16:22ലും ഇതു തന്നെ നാം വായിക്കുന്നുണ്ട്.
ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്ന അഭിഷിക്തന്മാരെ തൊടുന്നതും നിന്ദിക്കുന്നതും ഒരു ദൈവപൈതലിന് ചേർന്നതല്ല.

post watermark60x60

ധ്യാനം: 1 ശമുവേൽ 24
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like