ശുഭദിന സന്ദേശം : വരവും വിവരവും | ഡോ.സാബു പോൾ

ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു”(1രാജാ.3:5).

post watermark60x60

കൊരിന്ത്യ സഭയെക്കുറിച്ച് തമാശ രൂപേണ ദൈവദാസൻമാർ പറയാറുണ്ട്, എല്ലാവരവും അവർക്കുണ്ടായിരുന്നെങ്കിലും ‘വിവരം’ എന്ന വരമുണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണ് കൃപാവരങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് അൽപ്പം വിശദമായി തന്നെ പൗലോസ് അപ്പൊസ്തലന് എഴുതേണ്ടി വന്നത്.

ശലോമോൻരാജാവിനെക്കുറിച്ച് പഠിക്കുമ്പോഴും സമാനമായ ചില കാര്യങ്ങൾ കാണാം. ദൈവം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിട്ട് ‘എന്തു വരം വേണമെങ്കിലും ചോദിച്ചുകൊൾക’ എന്നു പറഞ്ഞപ്പോൾ ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ശലോമോൻ ‘ഗുണവും ദോഷവും തിരിച്ചറിഞ്ഞു ജനത്തിന് ന്യായപാലനം ചെയ്യാൻ വിവേകമുള്ളോരു ഹൃദയ’മാണ് ചോദിച്ചത്. അതു കൊണ്ട് അതുല്യമായ ജ്ഞാനം നൽകിയതോടൊപ്പം സമ്പത്തും മഹത്വവും കൂടെ ദൈവം അവന് നൽകുകയും ചെയ്തു(1 രാജാ.3:5-14).

Download Our Android App | iOS App

ഇനി, ശലോമോൻ്റെ ആഗ്രഹത്തെ ഒന്ന് അടുത്ത് പഠിക്കുക. അദ്ദേഹം സ്വന്ത ജീവിതത്തിൽ ദൈവഹിതപ്രകാരം വിവേകത്തോടെ ജീവിക്കണമെന്നല്ല ആഗ്രഹിച്ചത്, ജനത്തിന് വിവേകത്തോടെ ന്യായപാലനം ചെയ്യണമെന്നാണ്. ന്യായപാലനത്തിൽ ശലോമോൻ അസാധാരണ മികവ് പുലർത്തുകയും ചെയ്തു.

അവൻ്റെ പ്രാർത്ഥന പോലെ തന്നെയാണ് തൻ്റെ തത്വചിന്തയും പ്രായോഗിക ജീവിതവും എന്നതിന് രണ്ടു തെളിവുകൾ….

1️⃣ ”എൻ്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിനു നിഷേധിച്ചില്ല”(സഭാ. 2:10) എന്നതായിരുന്നു ശലോമോൻ്റെ ഫിലോസഫി. ‘ദൈവത്തിന് ഹിതകരമല്ലാത്തത് കാണില്ല’ എന്ന് അവനൊരിക്കലും തീരുമാനിച്ചില്ല. എന്നാൽ ദാവീദിനെ നോക്കുക, “ഒരു നീച കാര്യം എൻ്റെ കണ്ണിനു മുമ്പിൽ വെക്കുകയില്ല” എന്നതാണവൻ്റെ ദൃഢനിശ്ചയം.

തെറ്റായ നോട്ടം അഥവാ തെറ്റായ ലക്ഷ്യം മാർഗ്ഗത്തെയാകെ സ്വാധീനിക്കും. നോട്ടത്തിൽ തെറ്റിയാൽ ഓട്ടത്തിൽ തെറ്റും. ദൈവത്തിങ്കലേക്കും ന്യായപ്രമാണത്തിലേക്കും നോട്ടം കേന്ദ്രീകരിച്ച ഹൃദയപ്രകാരമുള്ള ദാവീദ് ദൈവഹിതപ്രകാരം ജീവിതം നയിച്ചപ്പോൾ കണ്ണിന് അനാവശ്യ സ്വാതന്ത്ര്യം നൽകിയ ശലോമോൻ പല ആകർഷണങ്ങളിൽ കുടുങ്ങി ദൈവത്തിൽ നിന്നകന്നു പോയി.

2️⃣ ആലയം പണിയണമെന്നത് ശലോമോൻ്റെ ഉറച്ച തീരുമാനമായിരുന്നു. എന്നാൽ അതോടൊപ്പം അവൻ പൂജാഗിരികളിൽ യാഗം കഴിക്കുകയും ധൂപം കാട്ടുകയും അന്യദൈവങ്ങളെ നമസ്ക്കരിക്കുകയും ചെയ്തു(1ശമൂ.11:4-8).

എന്നാൽ ആലയം പണിയപ്പെടാതിരുന്ന സമാഗമനകൂടാരത്തിൻ്റെ കാലത്ത് ദാവീദിൻ്റെ ആഗ്രഹം ‘യഹോവയുടെ മനോഹരത്വം കാണുക’, ‘മന്ദിരത്തിൽ ധ്യാനിക്കുക’, ‘ആയുഷ്ക്കാലമൊക്കെയും ആലയത്തിൽ പാർക്കുക’ എന്നിവയായിരുന്നു (സങ്കീ.27:4).

ആലയം പണിതവൻ സത്യാരാധനയിൽ നിന്നകന്നു പോയപ്പോൾ ദൈവസാന്നിധ്യത്തിനു വേണ്ടി ആഗ്രഹിച്ചവനെ ദൈവകരം ചേർത്തു പിടിച്ചു.

പ്രിയമുള്ളവരേ,
നമ്മുടെ ‘പെർഫോമൻസ്’ അല്ല ദൈവത്തിനാവശ്യം, നമ്മെത്തന്നെയാണ്. പെർഫോമൻസ്(പ്രവചനം, ഭൂതങ്ങളെ പുറത്താക്കൽ, വീര്യ പ്രവൃത്തികൾ) നടത്തിയവരെ അറിയില്ലെന്ന് കർത്താവ് പറയുമ്പോൾ സ്വർഗ്ഗസ്ഥൻ്റെ ഇഷ്ടം ചെയ്ത് ജീവിക്കുന്നവൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുമെന്നും അരുളിച്ചെയ്തു(മത്താ.7:21, 22).

ഇത് പെർഫോമൻസിൻ്റെ കാലമാണ്. തകർപ്പൻ പ്രകടനങ്ങൾ നടത്തിയാൽ ആൾക്കൂട്ടത്തിൻ്റെ കൈയടി നേടാൻ കഴിഞ്ഞേക്കാം. പക്ഷേ, ദൈവം നോക്കുന്നത് ജീവിതത്തിൽ വിശുദ്ധിയും വിശ്വസ്തതയുമുള്ളവരെയാണ്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like