ശുഭദിന സന്ദേശം : മൂടുപടവും മുഖപടവും | ഡോ.സാബു പോൾ

മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ”(1കൊരി.11:5).

ഇന്നത്തെ സന്ദേശം ഖണ്ഡന ശാസ്ത്രപരമാണ് (Polemic). ”ഇങ്ങനെ സഭ തെറ്റായി പഠിപ്പിച്ചിരുന്ന അനേകം കാലങ്ങളിലെ വെളിപ്പാടിനായി… വിളിക്കുക.” എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പോൾ രാജിൻ്റെ വചന വിരുദ്ധ ഉപദേശം ഒരാൾ എനിക്ക് അയച്ചുതരികയായിരുന്നു. അതിൽ അദ്ദേഹം സമർത്ഥിക്കുന്നത് ‘സ്ത്രീകൾക്ക് മൂടുപടം ആവശ്യമില്ല’ എന്നാണ്.

അദ്ദേഹത്തിൻ്റെ വാദങ്ങളെ ചുരുക്കിപ്പറയാം.
▪️രണ്ടു മൂന്നു വാക്യങ്ങളുടെ പിൻബലത്തിൽ ഉപദേശം ഉറപ്പാക്കാം.(പൂർണ്ണമായി നമ്മളും യോജിക്കുന്നു.)
▪️മൂടുപടം വേണമെന്നതിന് ഒരേയൊരു വാക്യമേയുള്ളൂ(1 കൊരി.11:5).
▪️എന്നാൽ മൂടുപടം വേണ്ട എന്നു പറയുന്ന മൂന്നു വചനങ്ങളുണ്ട് (1 കൊരി.11:13 -16, 2 കൊരി.3:14, 3:16).
▪️’ഇങ്ങനെയുള്ള മര്യാദ'(മൂടുപടം ധരിക്കുന്ന രീതി) ദൈവസഭകൾക്കില്ല എന്ന് പൗലോസ് വ്യക്തമായി പറയുന്നതിനാൽ ദൈവസഭയുടെ ഭാഗമായ പുരുഷൻമാർക്കോ സ്ത്രീകൾക്കോ മൂടുപടം ആവശ്യമില്ല.

ലോക്ക് ഡൗൺ കാലത്തിൻ്റെ പ്രത്യേകതകളിലൊന്നാണ് ‘വാളെടുത്തവനെല്ലാം വെളിച്ചപ്പാട്’ എന്ന ചൊല്ലു പോലെ എല്ലാവരും വ്യാഖ്യാതാക്കളും പ്രസംഗകരുമായിരിക്കുന്നു എന്നത്. വേദപുസ്തക വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനമെന്തെന്നറിയാത്തവർ മലയാളം പരിഭാഷ മാത്രം വായിച്ച് വ്യാഖ്യാനങ്ങൾ പടച്ചുവിടുകയാണ്.

*യാഥാർത്ഥ്യം എന്ത്?*

1 കൊരി.11:5 ൽ ‘സ്ത്രീ മൂടുപടം ഇടണം’ എന്ന് പറയുന്നതിൻ്റെ പിന്നിലെ കാരണങ്ങൾ നിരത്തുകയാണ് തുടർന്നുള്ള വാക്കുകളിലൂടെ പൗലോസ്. സ്ത്രീകൾ മുടി നീട്ടി വളർത്തുന്നതിലൂടെ പ്രകൃതി തന്നെ ഇക്കാര്യം പഠിപ്പിക്കുന്നില്ലയോ എന്ന് പൗലോസ് പറയുന്നതിനെ ഈ നവവ്യാഖ്യാതാവ് നേർ വിപരീതമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. 11:3-16 വരെയുള്ള വാക്യങ്ങൾ മൂടുപടം ധരിക്കണമെന്ന കാര്യം തന്നെയാണ് ചർച്ച ചെയ്യുന്നത്.

”ഒരുത്തൻ തർക്കിക്കാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല, ദൈവ സഭകൾക്കുമില്ല എന്ന് ഓർക്കട്ടെ”(16) എന്ന് പൗലോസ് പറയുന്നത് കൊരിന്തിലുള്ളവർ ഇത് ചെയ്യാതിരിക്കുമ്പോൾ ബാക്കി സഭകളിലെല്ലാം അത് അനുഷ്ഠിക്കുന്നു എന്നാണ്.

ഇനി അദ്ദേഹം നൽകുന്ന മൂടുപടത്തിൻ്റെ അടുത്ത തെളിവ് 2 കൊരി.3:14,16 വാക്യങ്ങളാണ്. അത് മോശയുടെ മൂടുപടത്തെക്കുറിച്ചാണ് പറയുന്നത്. രണ്ട് ഭാഗത്തും മൂടുപടം എന്നാണ് മലയാളത്തിൽ പറയുന്നതെങ്കിലും സ്ത്രീകൾ തല മൂടാതെ (Head uncovered) പ്രാർത്ഥിക്കുന്നതിനെക്കുറിച്ച്1 കൊരി. 11 ൽ പറയുമ്പോൾ, 2 കൊരി. 3 ൽ മോശ മുഖം മൂടിയതിനെക്കുറിച്ചാണ് പറയുന്നത്. മോശയുടെ മുഖത്തെ ത്വക്ക് പ്രകാശിക്കുന്നതു കണ്ട് യിസ്രായേൽജനം ഭയപ്പെട്ടതിനാലാണ് അവൻ മുഖം തുണികൊണ്ട് മറച്ചത് (പുറ.34:30-35).

സ്ത്രീകൾ ‘തലയിൽ തുണിയിടുന്ന’ കാര്യവും മോശ ‘മുഖം തുണികൊണ്ട് മറെച്ച’ കാര്യവും തമ്മിൽ തിരിച്ചറിയാതെ, മൂലപദങ്ങൾ പഠിച്ച വ്യാഖ്യാതാക്കൾ നൽകുന്ന വ്യാഖ്യാനങ്ങളെന്തെന്ന് വായിക്കുക പോലും ചെയ്യാതെ തോന്നുന്ന പോലെ വ്യാഖ്യാനിക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ അബദ്ധത്തിൽ വെളിപ്പെടുന്നത്.

പ്രിയമുള്ളവരേ,
നാം ഇച്ഛിക്കുന്നതു പോലെ വചനത്തെ കോട്ടിക്കളയുകയല്ല, വളരെ ബഹുമാനത്തോടെ വചനം പറയുന്നത് തിരിച്ചറിഞ്ഞ് അനുസരിക്കാൻ തീരുമാനിക്കാം. അതാണ് സ്വർഗ്ഗീയ പിതാവ് ഇഷ്ടപ്പെടുന്നത്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.