ലേഖനം: “നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ” | ജിസ്ന സിബി, കുവൈറ്റ്

യഹോവേ, ഞങ്ങൾ ജ്ഞാനമുള്ള ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ
എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ എന്ന് ദൈവപുരുഷനായ മോശ പാടിയതു പോലെ, നമ്മുടെ അനുദിന ജീവിതം ദൈവീക ജ്ഞാനത്തിലും ഭക്തിയിലും തികവുള്ളവരായി ദൈവഹിതം തിരിച്ചറിഞ്ഞു ദൈവീക പ്രസാദത്തിന്റെ അവകാശികളായി തീരുവാൻ ഇടവരട്ടെ.

പ്രശ്നകലുഷിതമായ സന്ദർഭങ്ങളിൽ അവസരോചിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നാം തികച്ചും ധർമ്മസങ്കടത്തിലും ആശയകുഴപ്പത്തിലും ആകാറുണ്ടല്ലോ, നാം എപ്പോഴും നമ്മുടെ ഹൃദയവിചാരങ്ങളെ ആദ്യം സ്വർഗത്തിലേക്ക് മാത്രമാണോ ഉയർത്താറുള്ളത്.? നമ്മുടെ ദുഃഖങ്ങളെ മനുഷ്യരുടെ മുൻപിൽ അവതരിപ്പിക്കുമ്പോൾ ദൈവപ്രവർത്തി അവിടെ വെളിപ്പെടുകയില്ല എന്ന
പരമാർത്ഥം നാം മറന്നു പോകരുത്. സ്വന്ത വിവേകത്തിൽ ഊന്നാതെ പൂർണ്ണ ഹൃദയത്തോടെ യഹോവയിൽ മാത്രം ആശ്രയിക്കണം. നമ്മുടെ ബലഹീനതയിലും വേദനകളിലും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാരും തിമോത്തിയോസിനെ പോലെ ക്രിസ്തുവിൽ ആശ്വസിപ്പിക്കുന്ന ആശ്വാസകന്മാരും ഉണ്ടാകും. നമ്മുടെ ശരണശൈലമായ യഹോവയുടെ സന്നിധിയിൽ വിഷയങ്ങളെ പകരുമ്പോൾ തന്റെ ജനത്തെ ഒരുനാളും കൈവിടാത്ത, തള്ളിക്കളയാത്ത അവിടുത്തെ ദയയും, ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നതുപോലെയുള്ള അവന്റെ വിചാരങ്ങളും എത്ര ശ്രഷ്ഠമെന്നു നാം രുചിച്ചറിയുവാനും അനുഭവിക്കുവാനും ഇടയായി തീരും. യിസ്രായേലിന്റെ രാജാവായിരുന്ന ദാവീദ്, ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ ഏറ്റവും ഭയപ്പെട്ടു. ദാവീദ് ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചു കൊണ്ടിരുന്നു. ആഖീശിൽ നിന്നും രക്ഷപെടുവാൻ ഒരു ഭ്രാന്തനെപ്പോലെ ദാവീദ് തന്റെ പ്രകൃതി മാറ്റി. ചില മാനുഷിക പോരുകൾക്കു മുൻപിൽ നാമും പലപ്പോഴൊക്കെ ഒന്നുമറിയാത്തവരെപോലെ
മൗനമവലംബിക്കണം. നിനക്കു വിരോധമായി നിന്ദിക്കയും, ധാർഷ്ട്യം സംസാരിക്കയും ചെയ്യുന്ന വ്യാജമുള്ള അധരങ്ങൾക്കു മുൻപിൽ നീ സേവിക്കുന്ന ദൈവം ആരെന്നും ആ ദൈവീകപ്രവർത്തി എന്തെന്നും നിശ്ചയമായും വെളിപ്പെടും.

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ നിന്നെ മാനസികരോഗമുള്ളവനെന്നോ, വിടക്ക് എന്നോ നിന്റെ എതിരാളി നിന്നെ മുദ്ര കുത്തട്ടെ, വിഷാദിക്കരുത്. നമുക്കു ന്യായം പാലിച്ചു തരുന്ന, വ്യവഹാരം നടത്തിതരുന്ന ഒരു ന്യായാധിപതി സ്വർഗത്തിൽ ഉണ്ട്. നിന്നെ വ്യസനിപ്പിക്കുന്ന പ്രതിയോഗിക്ക് മുൻപിൽ ഒരു ഹന്നയെ പോലെ ദൈവസന്നിധിയിൽ കരയുവാൻ നീ തയ്യാറാണോ..? നമ്മുടെ നീതിപ്രവർത്തികളിൽ ഒന്നുമല്ല, അവിടുത്തെ മഹാകരുണയിൽ തന്നെ ആശ്രയിച്ചു കൊണ്ടു നമ്മുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കണം. ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ?

യഹൂദന്മാർ യേശുവിനോട് നിനക്ക് ഭൂതം ഉണ്ടെന്നും മറ്റു ചിലർ അവനെ ഭ്രാന്തൻ എന്നും വിളിച്ചു അപമാനിച്ചു. നിന്നെ തളർത്തുന്നവരുടെ വാക്കുകൾക്കു മുൻപിൽ പതറുവാനുള്ളതല്ല ക്രിസ്തീയ ജീവിതം. നിന്നെ പരീക്ഷിക്കുവാനും വാക്കിൽ കുടുക്കുവാനും വരുന്ന പരീശ ശക്തി ഉണ്ടാകാം. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാനുള്ള അധികാരം തന്ന ക്രിസ്തുവിൽ നാം സന്തോഷിക്കണം. തിരുവെഴുത്തു ഇപ്രകാരം പറയുന്നു. ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അത് പ്രസാദം ആകുന്നു. അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. അതെ, നമ്മുടെ വിശ്വാസ ജീവിതം പരിശുദ്ധാത്മശക്തിയുടെ പ്രദർശനത്തിലാകണം. 1കൊരിന്ത്യർ 2:12ൽ പറയുന്നു നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല. ദൈവം നമുക്ക് നൽകിയ അറിവിനായി ദൈവത്തിൽ നിന്നുള്ള ആത്മാവിനെ അത്രെ പ്രാപിച്ചത്. ശകാരം കേട്ടിട്ടു ആശീർവദിക്കുന്നവരായും, ദൂഷണം കേട്ടിട്ടു
നല്ല വാക്കു പറയുന്നവരും ആകണം. നാം ദൈവത്തിന്റെ മന്ദിരവും, ദൈവത്തിന്റെ ആത്മാവ് നമ്മളിൽ വസിക്കയും ചെയുന്നുവല്ലോ. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സ് വിചാരിച്ചാൽ, ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണാം.

വെളിപാട് -22:11ൽ പറയുന്നത് പോലെ അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ, അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ, നീതിമാൻ ഇനിയും നീതി ചെയ്യട്ടെ, വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. വിശ്വാസത്തിന്റെ നായകനും
പൂർത്തി വരുത്തുന്നവനുമായ യേശുവിനെ മാത്രം നോക്കുക. അവിടുത്തെ ദിവ്യസമാധാനത്താൽ സർവശക്തനായ ദൈവം നമ്മുടെ ഹൃദയങ്ങളെ നിറക്കട്ടെ…. ആമേൻ.

ജിസ്ന സിബി, കുവൈറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.