ഉപന്യാസം: ബൈബിൾ അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള വിശ്വാസികളുടെ പ്രതികരണം | ഒലിവ് റെജി, ഹരിദ്വാര്‍

ഉപന്യാസ വിഷയം: ബൈബിൾ അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള വിശ്വാസികളുടെ പ്രതികരണം | ഒലിവ് റെജി, ഹരിദ്വാര്‍.
ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ നടത്തിയ ഉപന്യാസ മത്സരത്തിന്റെ രണ്ടാം സ്ഥാനം

ചക്ഷുശ്രവണഗളസ്തമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലമാം ചേതസാ ഭോഗങ്ങള്‍ തേടുന്നു
(തുഞ്ചത്ത് എഴുത്തച്ചന്‍)

കാവ്യശകലവ്യാഖ്യാനം: പാമ്പിന്‍റെ വായില്‍ അകപ്പെട്ട മണ്‍ഡുകം, (അവിടെയിരുന്ന്) ഭക്ഷണത്തിന് വേണ്ടി കരയുന്നത് പോലെ, സമയത്തിനാല്‍ വിഴുങ്ങപ്പെട്ട ലോകം (മനുഷ്യന്‍) അല്പായുസ്സുള്ള സുഖങ്ങള്‍ക്കു വേണ്ടി കരയുകയാണ്.
ഉപമ: മഹാമാരിയെന്ന പാമ്പിന്‍റെ വായിലാണ് മനുഷ്യമണ്‍ഡുകം, ഇന്ന്‍.
പണ്ടെങ്ങോ കേട്ടതും, കേട്ടപ്പോള്‍ കര്‍ണ്ണരസകരമായതും, ചിന്തിച്ചപ്പോള്‍ ചിന്തിപ്പിച്ചിരുത്തിയതുമായ ഒരു എഴുത്തച്ചന്‍ കവിതയുടെ വരികളാണ്, ഈ വ്യാധിയോട് മനുഷ്യന്‍റെ (വിശ്വാസിയോ അവിശ്വാസിയോ ആയ്ക്കൊള്ളട്ടെ) പ്രതികരണം കാണുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നത്. എന്താണ് തനിക്ക് ചുറ്റും നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ എന്തൊക്കെയോ കാട്ടികുട്ടുകയും എന്തിനൊക്കെയോ വേണ്ടി കടിപിടി കൂടുകയും ചെയ്യുകയുമാണ് നാം ഉള്‍പ്പെടുന്ന മനുഷ്യകുലം.

എന്നാല്‍ ചിന്തിക്കുന്നവരാരും ഇല്ല എന്നാണോ? ഒരിക്കലുമല്ല. ചിന്തിക്കാവുന്നതിനുമപ്പുറത്തേക്ക് ചിന്തിക്കുന്നവരും നമ്മുടെ ഇടയില്‍ തന്നെയുണ്ട്. പല വീക്ഷണങ്ങളും വിശകലനങ്ങളും വിശദീകരണങ്ങളും അനുദിനം (ക്ഷമിക്കണം! അനുനിമിഷം) നാം കേട്ടുകൊണ്ടിരിക്കുകയാണല്ലോ.
ചിലതിനോട് യോജിക്കുകയും, ചിലതിനോട് വിയോജിക്കുകയും, മറ്റു ചിലതിനോട് ‘അതേയോ’ എന്ന് ചോദിക്കുകയും ചെയ്തുപോകുന്നു.

കേട്ട ചില പ്രതികരണങ്ങള്‍;
COVID-19-നെ ഒരു മിസ്രയീമ്യബാധയായ്‌ ചിലര്‍ ചിത്രീകരിക്കുന്നുണ്ട്. സ്വന്തജനത്തിനെ ശത്രുവിന്‍റെ അടിമത്വത്തില്‍ നിന്നും വിടുവിക്കേണ്ടതിനു ദൈവം അവരുടെ ഇടയില്‍ ബാധ അയച്ചു. അവ കണ്ടു നിന്ന യിസ്രായേല്‍ജനവും, ബാധയേറ്റ മിസ്രയീമ്യജനതയും ദൈവം ആരെന്ന് മനസ്സിലാക്കിയ സമയം. ക്രൈസ്തവസമൂഹം ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഈ മഹാമാരിയെ ദൈവീകന്യായവിധിയായ് പറഞ്ഞു കേള്‍ക്കുന്നതിനോട് പൂര്‍ണ്ണമായും യോജിക്കാനാകുന്നില്ല എങ്കിലും ഒരു സംശയത്തിന്‍റെ നാമ്പ് എവിടെയോ മുളച്ചിട്ടുണ്ട്. (‘എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിക്കുമ്പോള്‍ ഉത്തരം ലഭിക്കാത്തതാണീ സംശയത്തിനു കാരണം).
കട്ടളപ്പടിമേല്‍ രക്തം അടയാളമാക്കിയ ദൈവജനത്തെ വിട്ടുമാറി കടിഞ്ഞൂലുകളെ സംഹരിച്ച ദൂതന്‍റെ പ്രവര്‍ത്തിയും ഇവിടെ ഓര്‍ക്കേണ്ടതായുണ്ട്. ക്രിസ്തുവിന്‍റെ രക്തത്താല്‍ മുദ്രയിടപ്പെട്ട ദൈവജനത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണീ ചിന്ത. സംഹാരദൂതന്‍ കടന്നുപോകും, ജനം വിടുവിക്കപ്പെടും, ശത്രുഗണം ചെങ്കടലില്‍ മുങ്ങിപ്പോകും. വീട്ടിനുള്ളില്‍ പെസഹ ആചരിച്ച് ഒരുക്കത്തോടെ നമുക്ക് കാത്തിരിക്കാം.

കര്‍ത്താവിന്‍റെ വരവിന്‍റെ ലക്ഷണമായും ഈ മഹാമാരിയെ കാണുന്നവരുണ്ട്. വിശ്വസനീയം തന്നെ. വ്യാധിക്കൊപ്പം ഉംപുനും, കൂട്ടപ്പാലായനവും കൂട്ട ആത്മഹത്യയും പട്ടിണിയും കുലപാതകവും, വിമാന‍ത്തകര്‍ച്ചയും സാമ്പത്തീക പ്രതിസന്ധിയും എന്നു വേണ്ട, വെട്ടുക്കിളിയുടെ വിളയാടല്‍ വരെ ഇതിനെ ശരി വെയ്ക്കുന്നു. (നമ്മുടെയൊക്കെ ആഗ്രഹവും അത് തന്നെയല്ലേ.)
മഹാമാരി, ലേഖകവീക്ഷണം COVID എന്ന മഹാമാരിയേക്കാള്‍ വാര്‍ത്താപ്രാധാന്യം ഉള്ള വാക്കായി മാറിയിരിക്കുന്നു lock down എന്നത്. അതായത് ഒപ്പത്തിനൊപ്പം ചിന്തിക്കേണ്ടുന്ന രണ്ട് വാക്കുകള്‍. ഇവ, ദൈവവചനത്തിലെ വാക്കുകള്‍ക്കിടയില്‍ ഗുപ്തമായിരിക്കുന്ന മര്‍മ്മമായ് ചിലപ്പോള്‍ വചനധ്യാനത്തിന്നിടയില്‍ തെളിവാകാറുണ്ട്. അപ്പോള്‍, വചനാടിസ്ഥാനത്തില്‍, എന്താണി മഹാമാരി? Lock down ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ മാത്രം കുത്തകാവകാശമോ? നോക്കാം.
ഇതൊരു വേദനയുടെ പ്രതീകമാണ് – വ്യക്തിപരമായ ജീവിതത്തിലെയും, ആഗോളതലത്തിലെയും. ഒരു കളിമണ്‍പാത്രം ഉണ്ടാക്കുവാന്‍ മണ്ണിനെ ചവിട്ടിക്കുഴച്ച് പാകപ്പെടുത്തിയെടുക്കുന്ന കുശവനോടു ചോദ്യം ചോദിക്കാന്‍ അവകാശമില്ലാത്ത കളിമണ്ണ്‍ അനുഭവിക്കുന്ന വേദന. അല്ലാ, അധികം ഫലം കായ്ക്കേണ്ടതിന് ആകാത്ത കൊമ്പുകളൊക്കെ വെട്ടിമാറ്റുമ്പോള്‍ മുന്തിരിക്കൊമ്പിനുണ്ടാകുന്ന വേദന. ഇതാണ് മഹാമാരി. എങ്കിലും ഒന്ന് ഉറപ്പാണ്‌. ഒരു നല്ല ശേഷിപ്പ് ദൈവം വെച്ചിട്ടുണ്ട്.
അങ്ങനെയെങ്കില്‍, ലോക് ഡൌണ്‍ എന്താണ്?
ഒരു ആലയം പണിയുടെ ഒരുക്കം ( 1 രാജാ. 5, 6 )
5-ാം അദ്ധ്യായത്തില്‍ ശലോമോന്‍ യാഹോവയ്ക്ക് ആലയം പണിയുവാനുള്ള ആലോചനയിലാണ്. തനിക്ക് ദൈവം സ്വസ്ഥത നല്‍കി, പ്രതിയോഗിയില്ല, വിഘ്നവുമില്ല (5 : 4). ആലയംപണി തന്‍റെ പിതാവായ ദാവീദിന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ ദൈവം അവനെ അതിന് അനുവദിച്ചില്ല. ആ പണി വച്ചിരുന്നത് ശലോമോനായിരുന്നു. പിതാവിലൂദെ ലഭിച്ച ദൈവീക ആലോചനയെ ശലോമോന്‍ ഓര്‍ത്തെടുക്കുകയാണ്. സ്വസ്ഥതയോടെ ആലയം പണിയുവാന്‍ പറ്റിയ ഒരു സമയം.
പുറത്ത് മഹാമാരിയാന്നെങ്കിലും വീടുകളിലായിരിക്കുന്ന നാം ഇപ്പോള്‍ സ്വസ്ഥരല്ലേ? ജോലിത്തിരക്കധികമില്ല, ടെന്‍ഷനില്ല, പ്രാര്‍ത്ഥിക്കാനും വചനം ധ്യാനിക്കാനും ഒരു തടസ്സവുമില്ല. എങ്കില്‍, നാം ആകുന്ന മന്ദിരത്തെ പണിയുന്ന കാര്യം ഒന്ന്‍ ആലോചിക്കരുതോ? ഒപ്പം, വ്യക്തിഗത ജീവിതത്തിലും കുടുംബജീവിതത്തിലും ഒക്കെയായി, പലപ്പോഴായി ദൈവം തന്നിട്ടുള്ള ആലോചനകളെ ഓര്‍ത്തെടുത്തു പണിയുവാന്‍ ഇതൊരു നല്ല അവസരമാണ്.

ആലയം പണിക്കായി ശലോമോന്‍ അപ്പന്‍റെ നിത്യസ്നേഹിതനായ ഹീരാമിന്‍റെ സഹായം തേടുന്നു (5:6). ഹീരാമിന് അത് വളരെ സന്തോഷമാകുകയും ആലയം പണിക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുന്നു (5:18). അതേപോലെ, നമ്മുടെ നിത്യസ്നേഹിതനും കാര്യസ്ഥനുമൊക്കെയായ, പരിശുദ്ധാത്മാവിന്‍റെ സഹായം നമുക്കും തേടാം, ചേര്‍ന്നുപണിയാം.

ഉപയോഗിച്ച കല്ലുകളെല്ലാം വെട്ടുകുഴിയില്‍ വെച്ച് തന്നെ കുറവ് തീര്‍ത്തവയും ആയിരുന്നു. എവിടെക്കെയോ ആലയം പണിക്കുള്ള കല്ലുകള്‍ ദൈവം പരുവപ്പെടുത്തികൊണ്ടിരിക്കുകയാണ്. അത് നമ്മുടെ ജീവിതമാകുന്ന ആലയമോ, കുടുംബമോ, സഭയോ ആകാം. ഒരു പണി നടക്കുന്നുണ്ട് നിശ്ചയം.
ന്യായവിധിയും സംരക്ഷണവും (ഉത്പ. 6 – 8)
ഭൂമിയില്‍ അധര്‍മ്മം പെരുകിയ ഒരു കാലമുണ്ടായി. ദൈവത്തിനു സഹിക്കാന്‍ ആവാത്ത വിധം പാപം പെരുകിയ സമയം. എല്ലാം നശിപ്പിക്കപ്പെട്ടു, ജീവനുള്ള സകലതും, സകലരും. എന്നാല്‍ ഒരു നീതിമാന്‍ ദൈവത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു – നോഹ. ദൈവം അവനെയും അവന്‍റെ കുടുംബത്തേയും സംരക്ഷിച്ചു. എങ്ങനെ? മറ്റൊരു lock down –ിലൂടെ. ഇവിടെ സ്ഥിതിയല്പം വ്യത്യസ്തമാണ്. ശിക്ഷയും ദൈവത്തിന്‍റെത്, സംരക്ഷണവും ദൈവത്തിന്‍റെത്. ഇതില്‍ വ്യാഖ്യാനം ആവശ്യമോ? ദൈവം തന്‍റെ നീതിമാന്മാരെ ഈ മഹാമാരിയില്‍ നിന്നും സംരക്ഷിക്കും എന്ന പ്രതീക്ഷയാണ് നോഹയിലൂടെ നമുക്ക് ലഭിക്കുന്നത്.
മാത്രമല്ല, നോഹ പെട്ടകത്തിലേക്കു കയറിപ്പോയ ഭൂമിയിലേക്കല്ല, പെട്ടകം തുറന്ന് ഇറങ്ങുന്നത്. വെള്ളത്തിനാല്‍ ശുദ്ധി ചെയ്യപ്പെട്ട ഒരു പുതിയ ഭൂമിയിലേക്കായിരുന്നു. ഈ മഹാമാരി കഴിയുമ്പോള്‍, നമുക്ക് ചുറ്റും ഒത്തിരി വ്യത്യാസങ്ങള്‍ ഉണ്ടാകുമായിരിക്കും. അയല്‍പക്കത്തുണ്ടായിരുന്ന പലരേയും പലതിനേയും നാം കണ്ടെന്നു വരികില്ല. എന്നാല്‍ ഒന്ന് മറന്ന് പോകരുത്. യാഗം കഴിച്ച് ദൈവത്തെ പ്രസാദിപ്പിച്ചു വേണം പുറത്തേക്ക് ഇറങ്ങാന്‍. (ഉത്പ. 8 : 20, 21)

മടങ്ങി വരുവാനുള്ള സമയം (യോന 1,2 )
ദൈവം തന്നെ 3 ദിവസത്തേക്ക് ക്വാറന്‍റയിനില്‍ ആക്കിയ യോനയെ ഓര്‍ക്കുന്നുണ്ടോ? അതും വീട്ടിന്നകത്തല്ല, മത്സ്യത്തിന്‍റെ വയറ്റില്‍. ഇതുണ്ടാകുന്നതിനു മുന്‍പേ സമുദ്രത്തിനെ ദൈവം ഇളക്കി. അന്യദൈവങ്ങളെ സേവിച്ചിരുന്നവര്‍ അവരുടെ ദൈവങ്ങളോടു അയ്യം വിളിച്ചു തുടങ്ങി. സത്യദൈവത്തെ അറിയാവുന്ന യോനാ നല്ല ഉറക്കവും. കപ്പലില്‍ സ്വസ്ഥമായൊരു സ്ഥലം കണ്ടെത്തി അവന്‍ ഉറങ്ങുകയാണ്, പുറത്ത് ജീവനായുള്ള നിലവിളിയും. (വായിക്കുമ്പോള്‍, ‘അയ്യോ കര്‍ത്താവേ എന്‍റെ പേര് യോനാ എന്നാണോ എന്നൊന്ന് സ്വയം ചോദിക്കുന്നത് നന്നായിരിക്കും). അല്പം മുന്നോട്ടു പോകുമ്പോള്‍ യോനായുടെ ഉറക്കം കെടുന്നതായും മത്സ്യത്തിന്‍റെ വയറ്റില്‍ കിടന്ന് അയ്യം വിളിക്കുന്നതായും നാം കാണുന്നു (2: 1), ഒപ്പം, ‘ഞാന്‍ നേര്‍ന്നത് കഴിച്ചോളാമേ’ എന്നുള്ള പ്രാര്‍ത്ഥനയും (2 : 9). തീരുമാനം സത്യസന്ധമാണെന്നു ദൈവം കണ്ടതും അവനെ ക്വാറന്‍റയിനില്‍ നിന്നും പുറത്തിറക്കി.
ഒന്ന് ചിന്തിച്ചുനോക്കിയേ, ഒരൊറ്റ മനുഷ്യന്‍റെ മടങ്ങിവരവിനു വേണ്ടി ഒരു സമുദ്രത്തെ മുഴുവനും ദൈവം ഇളക്കി. അങ്ങനെയെങ്കില്‍ സത്യത്തിന്‍റെ പരിജ്ഞാനം പ്രാപിച്ച, നാം ഉള്‍പ്പെടുന്ന ഒരു സമൂഹത്തിന്‍റെ അനുസരണക്കേടിനാലും ദൈവവിളിയോടുള്ള മറുതലിപ്പിനാലുമാണോ ഇന്ന്‍ ദൈവം ലോകത്തെ ഇളക്കിയിരിക്കുന്നത്? ഈ മത്സ്യത്തിന്‍റെ വയറ്റില്‍ ദഹിച്ചു പോകും മുന്‍പെ നമുക്ക് അയ്യം വിളിക്കാം, മടങ്ങി വരാം.
കാണാതെ പോയ താലന്തുകളുടെ അന്വേഷണം (ലുക്കോ. 15 : 8-10)
ലോകം മുഴുവനും ‘കൊറോണാവൈറസ്‌’ താണ്ഡവമാടുമ്പോള്‍, സോഷ്യല്‍ മീഡിയ വളരെ സജീവമായിരിക്കുന്നു. താലന്തുകളുടെ ഒരു വലിയ ഖനനം തന്നെ നടക്കുന്നുണ്ടിപ്പോള്‍. പാട്ടുകള്‍ സ്വയം എഴുതി പാടുന്നു, എഴുതപ്പെട്ട പാട്ടുകള്‍ ഒറ്റയ്ക്കും കൂട്ടമായും പാടുന്നു, ഉപന്യാസം എഴുതുന്നു, ചിത്രം വരയ്ക്കുന്നു, ചായം തേയ്ക്കുന്നു, പ്രസംഗിക്കുന്നു, എന്ന് വേണ്ട വീട്ടിലിരുന്നു സഭായോഗം വരെ നടത്തുകയും (കൂടുകയും), ചെയ്യുന്നു.
എന്നാല്‍ ഇവയെല്ലാറ്റിലും കൌതുകകരമായ് തോന്നിയത്, മറഞ്ഞു കിടന്ന പല താലന്തുകളും ഈയൊരു സമയത്ത് വെളിച്ചത്ത് വരുന്നു എന്നുള്ളതാണ്. അനുഗ്രഹീതമായ ഗാനങ്ങളും, മാനസാന്തരത്തിനുതകുന്ന പ്രസംഗങ്ങള്‍ കൊണ്ടും ഫോണ്‍ നിറയുന്നു. ദൈവം ഏല്പിച്ചു തന്നതും, നമ്മള്‍ (മന:പൂര്‍വ്വം) കളഞ്ഞതുമായ ആ ‘ഒരു താലന്ത്’ (ചിലരുടെ കൈയ്യില്‍ നിന്നും ഒന്നില്‍ കൂടുതല്‍ കളഞ്ഞുപോയിരുന്നു!!!) കണ്ടെത്തുവാന്‍ ക്രിസ്തുവാകുന്ന വെളിച്ചം ദൈവജനത്തില്‍ പലരേയും ഈ മഹാമാരി മുഖാന്തരം സഹായിച്ചുകൊണ്ടിരിക്കുന്നു. ‘ഹൊ ! ഇങ്ങനെ ഒരു താലന്ത് ‘ടിയാന്’ ഉണ്ടായിരുന്നോ’ എന്ന് ചോദിക്കുന്നൊരു കാലം – ഇത് കൊറോണക്കാലം.
ഇതെന്ത് ? ഇനിയെന്ത്? ഇതിനോടെങ്ങനെ?
യെഹൂദാബാലന്മാരെ ഇട്ട തീക്കുണ്ഡമാണോ, അതോ ഇയ്യോബിന്‍റെ നഷ്ടങ്ങളുടെ കാലമാണോ ഇത് ? ഏതായാലും ഈയൊരു സമയത്ത് ദൈവമാക്കളാകുന്ന നമുക്ക് ഈ ഭക്തന്മാരെ പോലെ വ്യാധിയോടു പ്രതികരിക്കാന്‍ സാധിക്കുമോ?
നാം ദൈവത്തില്‍ നിന്നും നന്മ കൈക്കൊള്ളുന്നു, തിന്മയും കൈക്കൊല്ള്ളരുതോ? (ഇയ്യോ 2:10)
അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നെ കാത്തിരിക്കും (ഇയ്യോ 13: 15)
ദൈവം വിടുവിച്ചാലും ഇല്ലെങ്കിലും…….രാജാവിന്‍റെ ദേവന്മാരെ സേവിക്കുകയില്ല.(ദാനി 3:17)
അത്തിവൃക്ഷം തളിര്‍ക്കുകയില്ല, മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകുകയില്ല………. എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും (ഹബ 3 : 17, 18 )

 സാരാംശം: 
പാമ്പിന്‍റെ വായിലിരിക്കുന്ന ഈ നിമിഷം, (മനുഷ്യകുലം മുഴുവനായും അവന്‍റെ വയറ്റില്‍ ആകുന്നതിന് മുന്‍പേ) നമുക്ക് ദൈവത്തോട് നിളിവിളിക്കാം. എടുത്ത തീരുമാനങ്ങളെ ഓര്‍ത്തെടുക്കാം, ദൈവവിളിയുടെ മുന്‍പാകെ നമ്മെത്തന്നെ സമര്‍പ്പിക്കാം. ഇതൊരു മടങ്ങിവരവിന്‍റെ സമയമാകട്ടെ.

ഒലിവ് റെജി, ഹരിദ്വാര്‍.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.