ശുഭദിന സന്ദേശം : ആകുലമരുതേ വ്യാകുലമരുതേ |ഡോ. സാബു പോൾ

”ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു”(മത്താ.6:31).

post watermark60x60

ഒരു പ്രായമായ സ്ത്രീ പാർക്കിൽ ഒറ്റപ്പെട്ട് വിഷാദത്തോടെ ഇരിക്കുകയായിരുന്നു…

എതിർ ബഞ്ചിൽ ഇരുന്ന് എന്തോ കുത്തിക്കുറിക്കുകയായിരുന്ന കൗമാരക്കാരൻ ആകുലചിത്തയായിരിക്കുന്ന ആ വൃദ്ധയെ കൂടെക്കൂടെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു….

Download Our Android App | iOS App

ഒടുവിൽ തൻ്റെ എഴുത്ത് നിറുത്തിയിട്ട് അവൻ ചോദിച്ചു: ”അമ്മേ, ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുകയായിരുന്നു. നിങ്ങൾ വല്ലാതെ വ്യാകുലപ്പെട്ടിരിക്കുന്നു. എന്താണ് പ്രശ്നം..? എന്നെക്കൊണ്ട് കഴിയുന്നപോലെ ഞാൻ സഹായിക്കാം…”

ആ വൃദ്ധ അവനെ
നോക്കിയിട്ട് മറുപടി പറഞ്ഞു:
”കുഞ്ഞേ, നിനക്കറിയാമോ, ഞാൻ ജീവിതത്തിൽ ഒത്തിരി വിഷയങ്ങളെച്ചൊല്ലി ഭാരപ്പെട്ടിട്ടുണ്ട്. എന്നാൽ അവയിൽ മിക്കതും യഥാർത്ഥത്തിൽ സംഭവിച്ചില്ല…..

അവനത് അത്ഭുതമായി.
“ആഹാ, പലതിനെ ചൊല്ലി വ്യാകുലപ്പെട്ടു. പക്ഷേ, അതൊന്നും യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെന്നോ…? കൊള്ളാം. പക്ഷേ, ഇപ്പോൾ എന്തിനാണ് വിഷമിക്കുന്നത്….?”

അൽപ്പം മന:സാക്ഷിക്കുത്തോടെ അവർ മറുപടി പറഞ്ഞു: “എന്തിനാണ് ജീവിതത്തിൽ വളരെയേറെ സമയം അനാവശ്യകാര്യങ്ങളെയോർത്ത് വ്യാകുലപ്പെട്ടതെന്നോർത്താണ് ഇപ്പോൾ ഞാൻ വ്യാകുലപ്പെടുന്നത്….!”

ചിലരങ്ങനെയാണ്. വിഷമിക്കാൻ ഒരു കാരണവും കിട്ടിയില്ലെങ്കിൽ ‘എപ്പോഴാണാവോ അടുത്ത പ്രശ്നം വരുന്നത്’ എന്നോർത്തായിരിക്കും ആധിപിടിക്കുന്നത്…
ഗിരിപ്രഭാഷണത്തിൻ്റെ നല്ലൊരു ഭാഗം വിചാരപ്പെടരുതെന്ന് പറയാനാണ് കർത്താവ് ഉപയോഗിച്ചത്(മത്താ.6:19-34).

*വിചാരപ്പെടാതിരിക്കണമെങ്കിൽ….*

*▪️ശരിയായ ലക്ഷ്യം*
പുഴുവും തുരുമ്പും നശിപ്പിക്കാത്ത, മോഷ്ടിക്കപ്പെടാൻ കഴിയാത്ത, സ്വർഗ്ഗത്തിൽ നിക്ഷേപവും ഹൃദയവും ലക്ഷ്യവും ആയിരിക്കണം. അതൊരിക്കലും നഷ്ടപ്പെടുമെന്ന് ആകുലപ്പെടേണ്ട കാര്യമില്ലല്ലൊ.

*▪️ശരിയായ തെരഞ്ഞെടുപ്പ്*
ദൈവത്തെ സേവിക്കാൻ തീരുമാനിക്കുന്ന ഒരു വന് മാമ്മോനെക്കൂടെ സേവിപ്പാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ഗൃഹ ബിംബവും കൊണ്ട് ബെഥേലിലേക്ക് പോകാൻ ശ്രമിച്ച റാഹേലിൻ്റെ ദുരവസ്ഥയായിരിക്കും സംഭവിക്കുക.

*▪️ശരിയായ കാഴ്ച്ച*
സ്വർഗ്ഗീയ പിതാവിൻ്റെ കരുതൽ കാണാൻ പ്രകൃതിയിലേക്ക് കണ്ണോടിച്ചാൽ മതി. പ്രകൃതിയാകുന്ന സഭായോഗത്തിൽ പറവകളും പുല്ലുകളും താമരയുമൊക്കെ ദൈവീക കരുതലിൻ്റെ വിശ്വസ്തതയെക്കുറിച്ച് സാക്ഷ്യം പറയും.

*▪️ശരിയായ അന്വേഷണം*
ദൈനംദിന ആവശ്യങ്ങളെയോർത്ത് വ്യാകുലപ്പെടാതെ, ചെയ്യേണ്ട ഉത്തരവാദിത്തങ്ങളും അദ്ധ്വാനവും നിർവഹിക്കുകയും ഒപ്പം ആത്മീയ കാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുക.

പ്രിയമുള്ളവരേ….
…ഇന്ന് പലരും ഭൂമിയിൽ സ്വരൂപിക്കുവാനുള്ള അക്ഷീണ പ്രയത്നത്തിലല്ലേ?
…ആത്മീയർ പോലും മാമ്മോന് അടിമകളായി ദ്രവ്യാഗ്രഹത്തോടെ മുന്നേറുകയല്ലേ ?
… ഒന്നുമല്ലാത്തവയെ കരുതുന്ന ദൈവത്തിൻ്റെ പ്രവൃത്തികളിലേക്ക് നോക്കുന്നതിന് പകരം കുതന്ത്രങ്ങൾ കൊണ്ട് നമ്മെക്കാൾ സ്വരൂപിച്ചവരെ നോക്കി അസൂയപ്പെടുകയല്ലേ?
…ആത്മീയ കാര്യങ്ങളാണ് നിത്യമായി നില നിൽക്കുന്നതെന്നറിയാമെങ്കിലും സൂക്ഷ്മജീവികൾ തകർക്കാൻ സാദ്ധ്യതയുള്ള ഭൗതീക കതയുടെ പിന്നാലെ പായുകയല്ലേ?

കർത്താവ് പറഞ്ഞ ലക്ഷ്യത്തിലേക്ക് മടങ്ങി വരാം…..
വ്യാകുലതകൾ അകന്നു മാറും….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
(മറ്റു ചില കർത്തവ്യങ്ങൾ കൂടിയുള്ളതിനാൽ *ശുഭദിന സന്ദേശം* ആഴ്ചയിൽ രണ്ട് ദിവസമായി പരിമിതപ്പെടുത്തുന്നു. പ്രാർത്ഥനയ്ക്കും സഹകരണത്തിനും നന്ദി.)

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like