ലേഖനം: യഹോവ, നാശക ദൂതനോട് കല്പിച്ചപ്പോൾ | ജിസ്ന സിബി, കുവൈറ്റ്‌

ലോകം മഹാമാരിയുടെ ബാധയാൽ ഭീതിയിലും വ്യസനത്തിലും ആയിരിക്കുമ്പോൾ ഒരു യഥാർത്ഥ ക്രിസ്തുവിശ്വാസിക്ക് അധൈര്യപ്പെടേണ്ട സംഗതിയില്ല എന്നുള്ള വസ്തുത ഇവിടെ പ്രതിപാദിക്കട്ടെ.
ബി. സി കാലഘട്ടത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ വേദപണ്ഡിതന്മാരാലും ചരിത്രകാരന്മാരാലും എഴുതപ്പെട്ട തിരുവെഴുത്തുകളുടെ സത്യത്തിൽ ആധികാരികമായി തന്നെ ദൈവാത്മാവിന്റെ അഭിഷേകത്താൽ തലമുറകൾക്കു വേണ്ടി തങ്കലിപികളാൽ എഴുതി വെച്ച പഴയ നിയമപുസ്തകങ്ങളിൽ, ജനം പാപത്തോടു പാപം കൂട്ടി ദൈവത്തെ മറന്ന് ജീവിക്കുന്നതിന്റെ
പരിണിതഫലമായി, ദൈവകോപം ജനത്തിന്റെ മേൽ വരികയും, നോഹയുടെ കാലം മുതൽ ഉണ്ടായ ജലപ്രളയം മുതൽ നാശകരമായ പലവിധ ബാധകളാൽ ദൈവം ജനത്തെ നശിപ്പിക്കുകയും അതോടൊപ്പം അനുതാപത്തിന്റെയും സത്യദൈവത്തിങ്കലേക്കുള്ള ജനത്തിന്റെ ഹൃദയപൂർവ്വമായ മടങ്ങിവരവും, ദൈവത്തിന്റെ മഹാകരുണയും വെളിപ്പെട്ടതെല്ലാം ഇന്നിന്റെ നാളുകളിൽ നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്ന വസ്തുതകളാണ്. ഈ മഹാമാരിക്ക്‌ നടുവിൽ ഒരു ദൈവവിശ്വാസിയുടെ വിശ്വാസം ഒരു ചോദ്യചിഹ്നമായി നാമവശേഷിക്കുമോ..? ഒരിക്കലുമില്ല, തന്റെ ജനത്തിന്റെ പ്രാർത്ഥനയ്ക്കും യാചനകൾക്കും മുൻപിൽ ദൈവം മൗനമായിരിക്കയില്ല. ദൈവം ദീർഘക്ഷമയും മഹാദയാലുവുമാണ്.

1ദിനവൃത്താന്തം 21ആം അധ്യായത്തിൽ യഹോവയുടെ അഭിഷക്തനായ ദാവീദ് രാജാവ്, സാത്താന്യ പ്രേരണയാൽ യിസ്രായേൽ രാജ്യത്തെ, ‘ബേർശേബാ മുതൽ ദാൻ’ വരെ യിസ്രായേലിനെ എണ്ണി, അവരുടെ സംഖ്യ എത്രയെന്നു തിട്ടപ്പെടുത്തി. എന്നാൽ ദൈവത്തിനു ഈ കാര്യം അനിഷ്ടമായതുകൊണ്ടു ദൈവം യിസ്രായേലിനെ ബാധിച്ചു. യഹോവാഭക്തനായ ദാവീദ്‌ ഇങ്ങനെയൊരു ഭോഷത്വം പ്രവർത്തിച്ചതിൽ, ദൈവം യെരുശലേമിനെ നശിപ്പിക്കേണ്ടതിനു ഒരു ദൂതനെ അയച്ചു. യിസ്രായേലിൽ “മഹാമാരി” നിമിത്തം എഴുപത്തിനായിരത്തോളം പേർ വീണുപോയി. തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കാണുവാൻ കഴിയും, ദാവീദ്‌ തന്നെത്താൻ താഴ്ത്തി അനുതാപ ഹൃദയത്തോടെ യഹോവക്ക് പ്രസാദമുള്ള യാഗവും ആരാധനയും അർപ്പിച്ചു പ്രാർത്ഥന കഴിച്ചപ്പോൾ, യഹോവ അനർത്ഥത്തെ കണ്ടു ! അവയെക്കുറിച്ചു അനുതപിച്ചു, നാശക ദൂതനോട് മതി ;നിന്റെ കൈ പിൻവലിക്ക എന്നു കൽപ്പിച്ചു. അപ്പോൾ ബാധ ജനത്തെ വിട്ടുമാറി.

വേദപുസ്തകാടിസ്ഥാനത്തിലും വിശ്വാസജീവിതത്തിലെ കാഴ്ചപ്പാടിനാലുള്ള അനുഭവസമ്പത്തിലും നമുക്ക് വിളിച്ചു പറയുവാൻ കഴിയും, എല്ലാ വിഷയങ്ങൾക്കും ദൈവസന്നിധിയിൽ പരിഹാരമുണ്ട്. യഹോവ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നവൻ ആണ്. ആ യഹോവയുടെ ഭുജത്തിന്റെ വല്ലഭത്വം വ്യവസ്ഥപ്രകാരം നാം പ്രാപിച്ചെടുക്കണം. ഈ ക്ഷണികമായ ജീവിത യാത്രയിൽ, പാപക്കറയുടെ മാലിന്യത്താൽ ലോകജനത സൃഷ്ടാവിനെ മറന്നു,ദ്രവ്യവും, കാമിനിയും,കമനീയതയും തേടി സർവശക്തനായ ദൈവം നമ്മെ ഈ ഭൂമിയിൽ ആക്കി വെച്ചതിന്റെ ഉദ്ദേശം എന്താണെന്നുള്ള തിരിച്ചറിവ് പോലും ഇല്ലാതെ,നാളെയുടെ സുഖലോലുപതക്കായ്,എങ്ങനെയൊക്കെ-യോ നെട്ടോട്ടമോടുമ്പോൾ, മോശയുടെ കാലത്തു പിച്ചളസർപ്പം നാട്ടിയ തൂണിന്റെ മുകളിലേക്ക് ജനം നോക്കിയതുപോലെ, ദൈവമുഖത്തേക്ക്‌ ഒന്നു നോക്കുവാൻ ഈ ലോകത്തിനു നൽകിയ ഈ “മഹാമാരി” ദൈവത്താൽ അനുവദിക്കപ്പെട്ടതത്രെ എന്നതിൽ തർക്കമില്ല. കണ്ണുനീരിനെ മറികടക്കാത്ത ദൈവം ഈ വിലാപ നാളുകളെ നൃത്തമാക്കി തീർക്കും. മീഖാ പ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ (മീഖാ :6-9)”മനുഷ്യാ, നല്ലതു എന്തെന്നു അവൻ കാണിച്ചു തന്നിരിക്കുന്നു. ന്യായം പ്രവർത്തിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ ചോദിക്കുന്നത് “.

സംഭവബഹുലമായ ഈ മഹാമാരിയുടെ കാലഗതിയിലെ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം കർത്താവിന്റെ ചിറകിൻമറവിൽ മാത്രം ശരണം പ്രാപിച്ചു, കുറവുകളേയും അകൃത്യങ്ങളേയും കണ്ടുണർന്നു ഈ നാളുകളിൽ വ്യക്തിപരമായ ജീവിതത്തിനും ദേശങ്ങൾക്കും വേണ്ടിയുള്ള സൗഖ്യത്തിനും വിടുതലിനുമായി ഇടുവിൽ നിന്ന് തങ്ങളെത്തന്നെ താഴ്ത്തി ദൈവസന്നിധിയിൽ കണ്ണുനീരോടെ പ്രാർത്ഥിക്കാം.

ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമായ സ്വർഗീയ രാജാവുമൊത്തുള്ള യുഗാ യുഗങ്ങളുടെ നിത്യജീവിതത്തിനായുള്ള ഭംഗമില്ലാത്ത പ്രത്യാശയോടെ തങ്ങളുടെ ഭൗമീക പ്രവാസകാലം ഭയത്തോടെ കഴിപ്പാൻ ഒരു ദൈവവിശ്വാസിക്ക് കൂടുതലായി ദൃഢധൈര്യവും ഭക്തിയും, പുതുക്കമുള്ള മനസ്സും ഉണ്ടാകട്ടെ. കോവിഡ്-19 അഥവാ കൊറോണാ വൈറസ് എന്ന മഹാമാരി മുഖാന്തരം വിപ്ലവാത്മകമായ ആത്മീക ചലനം ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ. അമർത്യതയുള്ളവനും, അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമായ സർവശക്തനായ ദൈവത്തിന്റെ കൃപ നമ്മോടു കൂടെ എപ്പോഴും ഉണ്ടായിരിക്കും…….. ആമേൻ

ജിസ്ന സിബി, കുവൈറ്റ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.