ഭാവന: കായ്ക്കാത്ത വൃക്ഷം | റോബിന്‍സണ്‍ ജോയ്, നാഗ്പൂര്‍

തന്റെ ഭവനത്തിന് അല്പം അടുത്തുള്ള 6 ഏക്കർ ഭൂമി വിൽക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുതൽ അത് കുറഞ്ഞ വിലക്ക് തട്ടിയെടുക്കാനായി പുറക്കോട്ടു പറമ്പിലെ സ്റ്റീഫൻ ബ്രദറിന് ഒരു കലശലായ ആഗ്രഹം, അത് താൻ സ്ഥിരമായി പ്രാർത്ഥനയിൽ വയ്ക്കാൻ മറന്നതുമില്ല. രാവിലെയും, ഉച്ചക്കും, വൈകിട്ടും ദാനിയേലിനെ പോലെ ആ സ്ഥലത്തിന്റെ ദിശയിലേക്ക് തിരിഞ്ഞിരുന്ന് പ്രാർത്ഥിക്കുന്നത് ഒരു പതിവാക്കി.
തന്റെ 24 മണിക്കൂറും പ്രവർത്തന നിരതമായ ഓഫീസിലിരുന്ന് യേശു ക്രിസ്തു വളരെ ശ്രദ്ധാപൂർവ്വം, കോവിഡ് 19 കാലയളവിൽ തന്നെ ശപിച്ച ആളുകളുടെയും, തന്റേതല്ലാതെയിരുന്ന് തന്നിലേക്ക് തിരിഞ്ഞ ആളുകളുടെയും ടേറ്റ പരിശോധിക്കുകയും, പട്ടിണി പാവങ്ങളായ ആളുകൾക്ക് ആഹാരം കൊടുക്കുന്നതിനായി ചിലരുടെ മനസ്സുകളിൽ താല്പര്യം ഉണ്ടാക്കുകയും, അന്യായമായി മറ്റുള്ളവരെ പീഡിപ്പിക്കുന്ന ആളുകൾക്ക് തങ്ങളുടെ അത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിയാനായി അല്പം സമയം കൂടി നീട്ടി കൊടുക്കുന്ന കാര്യം നോക്കുകയും, തന്നെ ലാഭേച്ഛ കൂടാതെ പിൻപറ്റുന്ന ആളുകളെയോർത്ത് പുഞ്ചിരി തൂകുകയും, പറവകൾക്കും, മൃഗങ്ങൾക്കും ആഹാരം കൊടുക്കുന്ന കാര്യത്തെ പറ്റി അതുമായി ബന്ധപ്പെട്ട പ്രധാന ദൂതനുമായി സംസ്സാരിക്കയും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് തനിക്കും, പിതാവിനും, പരിശുദ്ധാത്മവിനും മാത്രം ബന്ധപ്പെടാനുള്ള ഫോൺ അടിച്ചത്.

“പപ്പാ, ശാലോം.. എല്ലാ മഹത്വവും അങ്ങേക്ക്,” യേശു ഫോണെടുത്ത് പറഞ്ഞു.
“മോനെ, നീ ഓഫീസ്സിൽ നല്ല തിരക്കിലായിരിക്കും, അല്ലേ?” (പിതാവ്)
“സാരമില്ല പപ്പാ, തിരക്കൊഴിഞ്ഞിട്ടൊരു സമയം ലഭിക്കില്ലല്ലോ, എന്താ കാര്യം?” (പുത്രൻ)
“മോനെ, നിനക്ക് ഇന്ത്യയിലെ, കേരളത്തിലെ പുറക്കോട്ടു പറമ്പിലെ സ്റ്റീഫനെ അറിയാമോ?” (പിതാവ്)
“നമ്മുടെ കക്ഷിയായിരുന്നു, പക്ഷേ ഇപ്പോൾ വർഷങ്ങളായി നമ്മളോട് പുള്ളിക്ക് ഒരു ബന്ധവുമില്ല” (പുത്രൻ)
“അതെന്താ മോനെ അങ്ങനെ പറയുന്നത്?” (പിതാവ്)
“ആ വ്യക്തി അധരം കൊണ്ട് മാത്രം നമ്മെ ബഹുമാനിക്കുന്നു, അത്രേയുള്ളു പപ്പാ” (പുത്രൻ)
“പക്ഷേ പുള്ളിയുടെ പക്കൽ ധാരാളം സമ്പാദ്യമുണ്ടല്ലോ? പിന്നെന്തിനാണ് വില കുറച്ച് വസ്തു കിട്ടുന്നതിനായി മുട്ടിപ്പായി അപേക്ഷ കഴിക്കുന്നത്?” (പിതാവ്)
“എന്തു ചെയ്യാനാ പപ്പാ, വിശ്വാസത്തിൽ വന്നപ്പോൾ എന്തൊരു തീഷണതയായിരുന്നു, ഇല്ലായ്മയിൽ നിന്നും ഏവർക്കും കൊടുത്തു കൊണ്ടിരുന്നു. അതു കൊണ്ടാണ് ഞാൻ പുള്ളിയെ മറ്റുള്ളവർക്ക് ധാരാളമായി കൊടുക്കാനായി അധികമായി അനുഗ്രഹിച്ചത്, പക്ഷേ അത് പുള്ളി തന്റേതാക്കി മാറ്റി” (പുത്രൻ)
(തുരുമ്പും പുഴുവുമുള്ളിടത്ത് ധനം സമ്പാദിക്കാതെ സ്വർഗ്ഗത്തിൽ നിക്ഷേപിപ്പിൻ എന്ന് പറഞ്ഞതിനെ തന്റെ ജനം എത്ര നിസ്സാരമായി കാണുന്നു എന്നോർത്തും, ഈ മനുഷ്യരെ നേടാനായി താൻ സഹിച്ച പാടുകൾ ഓർത്തിട്ടും പുത്രന്റെ കണ്ണുകൾ നിറഞ്ഞു.)
“ഇപ്പോൾ അത് അത്യാഗ്രഹമായി മാറി,അല്ലേ?” (പിതാവ്)
“അതേ” (പുത്രൻ)
“ഇനി ഇപ്പോൾ എന്തു ചെയ്യാനാ ഉദ്ദ്യേശിക്കുന്നത്?” (പിതാവ്)
“നമുക്ക് പരിശുദ്ധാത്മാവുമായി ആലോചിക്കാം” (പുത്രൻ)
പിതാവും പുത്രനും കൂടെ പരിശുദ്ധാത്മാവുമായി കോൺഫ്രൻസ് കോൾ വഴി ബന്ധപ്പെട്ടു. പരിശുദ്ധാത്മാവ് അപ്പോൾ ഭൂമിയിൽ സോഷ്യൽ മീഡിയ മുഖേന നടന്നു കൊണ്ടിരിക്കുന്ന മീറ്റിംഗുകളിൽ ആത്മാർത്ഥമായി പങ്കെടുക്കുന്നവർക്കിടയിൽ മാനസാന്തരത്തിനായി പരിവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
“പപ്പാക്കും പുത്രനും, ശാലോം” (പരിശുദ്ധാത്മാവ്)
“ഇന്ത്യയിലെ, കേരളത്തിലെ പുറക്കോട്ടു പറമ്പിലെ സ്റ്റീഫനെ പറ്റി ഒരു അന്തിമ തീരുമാനമെടുക്കാനാ വിളിച്ചത്” (പുത്രൻ)
“എന്താ അങ്ങയുടെ അഭിപ്രായം” പിതാവ് ആരാഞ്ഞു.
“എന്തു പറയാനാ ഒരു കാലത്ത് കത്തിയെരിഞ്ഞു കൊണ്ടിരുന്ന ഒരു തീ പന്തമായിരുന്നു, നമ്മൾ കൊടുത്ത ആത്മീയ വരങ്ങൾ എല്ലാം ഉപയോഗിച്ചിട്ട് വർഷങ്ങളായി ഇപ്പോൾ… ഞാൻ പുള്ളിയെ വിട്ടു പോയ കാര്യം പോലും പുള്ളിക്കറിയില്ല” (പരിശുദ്ധാത്മാവ്)
(വെറുമൊരു ശ്വാസമായിരിക്കുന്ന മനുഷ്യരെ നേടാനായി സ്വർഗ്ഗത്തിലെ മഹിമകൾ വെടിഞ്ഞ് ഭൂമിയിൽ പുത്രൻ സഹിച്ച പാടുകൾ ഓർത്തപ്പോൾ മുഴുവൻ മാനവരാശിയെയും ഇല്ലാതാക്കാനുള്ള ക്രോധമായിരുന്നു പിതാവിന് ഉണ്ടായത്, പക്ഷേ തന്റെ ഓമന പുത്രനെ ഓർത്ത് മൗനമായിരുന്നു)
“സഭയിലെ പാസ്റ്ററും കുടു:ബവും, അടുത്തുള്ള പാവങ്ങളും ഈ ലോക്ഡൗൺ സമയത്ത് വല്ലാതെ പാടുപെടുകയാ എന്നിട്ടും ഒന്നും കൊടുക്കാതെ വില കുറച്ച് നിലം മേടിക്കാനായി നിലവിളിക്കുകയാ,” പുത്രൻ പറഞ്ഞു.
കായ്ക്കാത്ത വൃക്ഷത്തെ വെട്ടിമാറ്റാൻ ഞാൻ നേരത്തെ പറഞ്ഞതാണല്ലോ, പക്ഷേ പുത്രൻ ഒരു വർഷം കൂടെ നിൽക്കട്ടെ, അടുത്ത ഒരു വർഷം കൂടെ.. അങ്ങനെ നീക്കി നീക്കി കൊണ്ടു പോയതു കൊണ്ടല്ലേ.. (പരിശുദ്ധാത്മാവ്)
(യേശു ക്രിസ്തു ഒലിവ് മലയിൽ രക്തം വിയർപ്പ് പോലെ ഒഴുക്കി പ്രാണ വേദനയിൽ കരഞ്ഞ് പ്രാർത്ഥിച്ചത് ഓർത്ത് പരിശുദ്ധാത്മാവ് ദു:ഖിച്ചു – മനുഷ്യർക്ക് നിത്യതയിലെത്തുന്നതിലും കൂടുതലായി ഭൗതിക ധന സമ്പാദനത്തിലാണല്ലോ താല്പര്യം)
എന്തു തീരുമാനവുമെടുക്കുവാനുള്ള പൂർണ്ണ അധികാരം പുത്രന് കൊടുത്തു കൊണ്ട് പിതാവും പരിശുദ്ധാത്മാവും തങ്ങളുടെ ഫോണുകൾ താഴെ വച്ചു. ഇത്രയൊക്കെ ദേഷ്യം മനുഷ്യരോട് ഉണ്ടായിട്ടും പുത്രനായ തന്നെ ഒരു ശ്വാസം മാത്രമായ മനുഷ്യരെ നേടാനായി അയക്കാൻ തയ്യാറായ പിതാവിന്റെ സ്നേഹത്തെ ഓർത്ത് യേശു ക്രിസ്തുവിന് പിതാവിനോട് കലശലായ ബഹുമാനം തോന്നി.
അപ്പോൾ ഓഫീസിലേക്ക് ഒരു അത്യാവശ്യ ഫയൽ എടുക്കാൻ വന്ന തന്റെ എക്കാല വിശ്വസ്തനും, സാത്താനെതിരായ ഏതു യുദ്ധത്തിലും വിജയം കൈവരിക്കുന്നവനും, വിശ്വവിഖ്യാതിയുമായ മിഖായേൽ ദൂതനെ കണ്ട പുത്രനായ യേശു ക്രിസ്തു ‘മിഖായേൽ’ എന്ന് നീട്ടി വിളിച്ചു. കേൾക്കേണ്ട താമസം, അടുത്ത് കൂടാൻ കഴിയാത്ത വെളിച്ചത്തിൽ വസിക്കുന്ന പുത്രന്റെ അടുക്കലേക്ക് രണ്ട് ചിറകുകൾ കൊണ്ട് മുഖം മറച്ച്, രണ്ട് കൊണ്ട് പാദങ്ങൾ മൂടി, രണ്ട് കൊണ്ട് പറന്ന് വന്ന് നിന്നു ‘രാജ്യവും മഹത്വവും സദാ അങ്ങേക്ക്’ എന്ന് പറഞ്ഞു.
“മിഖായേൽ… ഗബ്രിയേലിനെ എത്രയും പെട്ടെന്ന് എന്റെ അടുക്കലേക്ക് പറഞ്ഞ് വിടണേ”
പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാക്കുന്ന ഇടത്ത്, വിശ്വാസത്തിൽ നിന്നും വീണു പോയവരുടെ വൻ മാളികകൾ പൊളിച്ച് അവിടെ ജാതീയരായവർ വിശ്വാസത്തിൽ വന്ന് അല്പം പോലും ലജ്ജ കൂടാതെ കവലകളിൽ നിന്ന് കർത്താവിനെ സാക്ഷീകരിക്കുന്നതു കൊണ്ട് അവർക്കായി വൻ കൊട്ടാരങ്ങൾ പണിയുന്നതും നോക്കി നിൽക്കുകയായിരുന്നു ഗബ്രിയേൽ. മിഖായേൽ തന്റെ അടുക്കലേക്ക് വരുന്നതു കണ്ട് ഗബ്രിയേൽ ‘ശാലോം‘ എന്ന് പറഞ്ഞ് മിഖായേലിനെ അഭിവാദനം ചെയ്തു.
“ഗബ്രിയേൽ, അങ്ങയെ പുത്രനായ യേശു ക്രിസ്തു അത്യാവശ്യമായി വിളിക്കുന്നു..”
“ഓ..ശരി, ഇതാ ഞാൻ പോകുന്നു” എന്ന് പറഞ്ഞ് ഗബ്രിയേൽ കണ്ണിമയ്ക്കുന്ന നേരത്തിൽ പറന്നു പോയി.
തന്റെ എക്കാല വിശ്വസ്ത ദൂതന്മാരിൽ ഒരുവനും ഏത് രഹസ്യ സന്ദേശവും ഒരു കുഴപ്പവും കൂടാതെ എത്തിക്കേണ്ടിടത്ത് സുരക്ഷിതമായി എത്തിക്കുന്നതിൽ അതീവ പ്രാവീണ്യം നേടിയവനുമായ ഗബ്രിയേൽ അടുത്ത് കൂടാൻ കഴിയാത്ത വെളിച്ചത്തിൽ വസിക്കുന്ന പുത്രന്റെ അടുക്കലേക്ക് രണ്ട് ചിറകുകൾ കൊണ്ട് മുഖം മറച്ച്, രണ്ട് കൊണ്ട് പാദങ്ങൾ മൂടി, രണ്ട് കൊണ്ട് പറന്ന് വന്ന് ‘രാജ്യവും മഹത്വവും സദാ അങ്ങേക്ക്’ എന്ന് പറഞ്ഞു യേശു ക്രിസ്തുവിന്റെ അടുക്കൽ വന്നു.
“ഗബ്രിയേൽ, ഇന്ത്യയിലെ കേരളത്തിലെ പുറക്കോട്ടു പറമ്പിലെ സ്റ്റീഫന്റെ അടുക്കൽ ചെന്ന് അവന്റെ വീട്ടു കാര്യങ്ങൾ വേഗത്തിൽ ക്രമീകരിക്കാൻ പറഞ്ഞിട്ട് വാ, സമയം ഒട്ടും കളയരുത്; സന്ദേശം കൈമാറിയ ശേഷം എത്രയും പെട്ടെന്ന് വന്ന് റിപ്പോർട്ട് ചെയ്യ്.”
ഒരു നിമിഷം കൊണ്ട് ഗബ്രിയേൽ തിരികെ പുത്രന്റെ അടുക്കൽ എത്തി റിപ്പോർട്ട് ചെയ്തു.

അതിനു ശേഷം പുത്രൻ ഏത് മനുഷ്യനും പേരു കേട്ടാൽ കിടുകിടെ വിറക്കുന്ന മരണ ദൂതനെ വിളിച്ച് ഇന്ത്യയിലെ കേരളത്തിലെ പുറക്കോട്ടു പറമ്പിലെ സ്റ്റീഫന്റെ മനസ്സിൽ മരണ ഭീതി ഇടാൻ പറഞ്ഞയച്ചു. നിലം വില കുറച്ച് ലഭിക്കാനായി മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന സ്റ്റീഫൻ ബ്രദറുടെ മനസ്സിൽ എവിടെ നിന്നോ, “നിന്റെ വീട്ടു കാര്യങ്ങൾ എത്രയും വേഗം ക്രമീകരിക്ക, നിന്റെ സമയം അടുത്തിരിക്കുന്നു” എന്ന് ആരോ വ്യക്തമായി സംസ്സാരിക്കുന്നത് കേട്ടു. മരണ ഭീതി തന്നെ കടന്നു പിടിച്ചു, തന്റെ ശരീരമാസകലം വിയർത്ത് വിറങ്ങലിച്ചു.. ക്ഷണ നേരം കൊണ്ട് താൻ ദൈവിക പദ്ധതിയിൽ നിന്നും വീണു പോയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ മുടിയനായ പുത്രനെ പോലെ മടങ്ങി വരാൻ സ്റ്റീഫൻ ബ്രദർ തീരുമാനിക്കയും ചെയ്തു.
പിന്നീടുള്ള സ്റ്റീഫൻ ബ്രദറുടെ ജീവിതം വളരെ വത്യസ്തമായി, ഉള്ളതെല്ലാം ദാനം ചെയ്തു മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ തന്റെ ഹൃദയം കർത്താവിൽ ആന്ദ പുളകിതമായി. ഇതു കണ്ടു നിന്ന ത്രിയേക ദൈവം അനോന്യം നോക്കി പുഞ്ചിരി തൂകി. മിഖായേൽ, ഗബ്രിയേൽ, മരണദൂതൻ എന്നിവർക്കും വളരെ സന്തോഷം തോന്നി. തന്റെ മരിച്ചവനായിരുന്ന പുത്രൻ മടങ്ങി വന്നത് കൊണ്ട് പിതാവാം ദൈവം ദൂതന്മാരുമായി ഒരുമിച്ച് സന്തോഷിപ്പാനായി ഒരു ചെറിയ കൂട്ടായ്മ വച്ചു. അതിൽ സംബന്ധിച്ച ശേഷം “കായ്ക്കാത്ത വൃക്ഷങ്ങളെയെല്ലാം ഇങ്ങനെ തന്നെ മുറിച്ചു മാറ്റും, പക്ഷേ ഫലം കായ്പാനായി പുത്രൻ സമയം നീട്ടി കൊടുക്കുന്നത് കൊണ്ട് അല്പം താമസം വരുന്നു അത്രമാത്രം. തങ്ങളുടെ പക്കലുള്ള ധനം മുഴുവൻ തങ്ങൾ ഉണ്ടാക്കി, അത് തങ്ങൾക്ക് മാത്രമുള്ളതാണെന്ന് ആരും ചിന്തിക്കയുമരുത്, മറ്റുള്ളവർക്ക് വിശ്വസ്തതയോടെ വീതിച്ചു കൊടുക്കാനായി ഏല്പിച്ചിരിക്കുന്നു എന്നേയുള്ളു എന്ന് ഒരു ശ്വാസം മാത്രമായ മനുഷ്യർ ഓർത്താൽ വളരെ നല്ലത്” എന്ന്പരിശുദ്ധാത്മാവ് പറഞ്ഞു.

റോബിന്‍സണ്‍ ജോയ്, നാഗ്പൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.