ലേഖനം: മഹാമാരികൾ – ഒരു ബൈബിൾ വീക്ഷണം | എഡിസൺ ബി ഇടയ്ക്കാട്

2020ന്റെ തുടക്കത്തിൽ നിലവിലെ സാഹചര്യം പരിഗണിച്ച് ലോകാരോഗ്യ സംഘടന നടത്തിയ പ്രഖ്യാപനമാണ് ‘മഹാമാരി’. കോവിഡ് 19 എന്ന മാരകരോഗമാണ് മഹാമാരി പ്രഖ്യാപനത്തിന് കാരണമായത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആരംഭിച്ച് ഇന്ത്യയടക്കം 200ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച വൈറസ് രോഗമാണ് കോവിഡ് 19. 75 ലക്ഷത്തിലധികം ആൾക്കാർ രോഗബാധിതരാകുകയും നാലര ലക്ഷത്തോളം വരുന്ന ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുകയും ചെയ്ത മാരകരോഗമാണിത്. മാത്രമല്ല രോഗവ്യാപനം തടയാനായിട്ടില്ല. ദൈനംദിനം കൂടിവരുന്ന രോഗ ബാധിതരുടെ എണ്ണവും മരണനിരക്കും ഭയപ്പെടുത്തുന്നു. പ്രതിരോധ മരുന്നുകളും വാക്സിനുകളും കണ്ടുപിടിക്കാൻ സാധിക്കാത്തതിനാൽ വരും ദിവസങ്ങൾ കൂടുതൽ ഭയാനകമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രോഗത്തിന്റെ ഈ രൂക്ഷത ലോകത്തെ മുഴുവൻ അടച്ചുപൂട്ടലിലേക്ക് നയിച്ചു. ലോകത്തിലെ ഭൂരിപക്ഷ രാജ്യങ്ങളും ഒരുപോലെ ലോക്ക് ഡൗണുകളും, കർഫ്യൂവും പ്രഖ്യാപിച്ചു. അതീവസുരക്ഷാ കേന്ദ്രങ്ങളായ കൊട്ടാരം മുതൽ കുടിൽ വരെ രോഗം അതിവേഗം പടർന്നുപിടിച്ചു. പരസ്പര സഹകരണം, സമ്പർക്കം എന്നിവ ഒഴിവാക്കി സാമൂഹ്യ അകലം പാലിക്കുക എന്ന നിലയിലേക്ക് ലോകരാഷ്ട്രങ്ങൾ ഒന്നാകെ മാറി. മാസ്ക്, ഗ്ലൗസ് എന്നിവ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി. രാജ്യങ്ങൾ തങ്ങളുടെ ഖജനാവിലെ മുഴുവൻ പണവും രോഗത്തെ പ്രതിരോധിക്കാനായി ഉപയോഗിച്ചു. ആരാധനാലയങ്ങൾ, തൊഴിലിടങ്ങൾ, പഠനകേന്ദ്രങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ സകലതും അടച്ചു പൂട്ടി. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സ്വയം പര്യാപ്തത നേടിയ വികസ്വര, വികസിത രാഷ്ട്രങ്ങൾ പോലും ഈ മാരക രോഗത്തിന് മുന്നിൽ വിറയ്ക്കുകയാണ്.
എണ്ണമറ്റ രോഗികൾ, കുന്നുകൂടിയ ശവശരീരങ്ങൾ, അടക്കാൻ സ്ഥലമില്ലാത്ത ശവക്കോട്ടകൾ, നിസ്സഹായരായ ആരോഗ്യപ്രവർത്തകർ, സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, മരുന്നിനായിട്ടുള്ള നെട്ടോട്ടം, സാമൂഹിക അകലം, ക്വാറന്റൈൻ, ഐസൊലേഷൻ, ലോക്ക് ഡൗൺ, കർഫ്യൂ അങ്ങനെ മനുഷ്യനു ചുറ്റും ഭയം നിറഞ്ഞ അന്തരീക്ഷം. ഭരണസ്തംഭനങ്ങൾ, സാമ്പത്തിക പ്രതിസന്ധി, തൊഴിൽ നഷ്ടം, ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത കുറവ് അങ്ങനെ നഷ്ടത്തിന്റെ മറ്റു ചില കണക്കുകൾ കൂടെ..

മഹാമാരി
“ലോക വ്യാപകമായ രോഗങ്ങൾ” എന്നതാണ് മഹാമാരി എന്ന വാക്കിന്റെ അർത്ഥം. നൂറ്റാണ്ടുകളുടെ തുടക്കം മുതൽ തന്നെ ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവനെടുത്ത മാരകമായ രോഗങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. ക്ഷയം, എയ്ഡ്‌സ്, H1N1, വസൂരി, പ്ലേഗ്, കോളറ, എന്നിവയെല്ലാം മഹാമാരികളുടെ പട്ടികയിൽ പെടും. എന്നാൽ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്തംഭിപ്പിച്ച ഒരു ആരോഗ്യ പ്രതിസന്ധി ഇതിന് മുൻപ് ഉണ്ടായിട്ടില്ല.
ബൈബിൾ ചരിത്രത്തിൽ യിസ്രായേലിന് അനുകൂലമായോ പ്രതികൂലമായോ സംഭവിച്ചിട്ടുള്ള വിവിധ മഹാമാരികളെ നമുക്ക് കാണാൻ കഴിയും. കൂടെക്കൂടെ പാപം ചെയ്യുന്ന യിസ്രായേലിന് ശിക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരം മഹാമാരികൾ ഉണ്ടാകാറുള്ളത്. പഴയനിയമത്തിൽ 40 ൽ അധികം പ്രാവശ്യം മഹാമാരികൾ എന്ന പദം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ബൈബിളിലെ മഹാമാരികൾക്ക് ‘പാൻഡെമിക് ‘ എന്ന വിശാല അർത്ഥം നൽകുന്നില്ല. ഒരു രാജ്യത്തെയോ ഒരു കൂട്ടത്തെയോ മാത്രമായി ബാധിക്കുന്ന ഇത്തരം മഹാമാരികളെ ‘എപിഡെമിക് ‘ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം.

എന്താണ് ഈ മഹാമാരികൾക്ക് പിന്നിലെ കാരണങ്ങൾ

1. ഗുരുതരമായ നിയമ ലംഘനങ്ങൾ
ദൈവം യിസ്രായേൽ ജനതയ്ക്കും നേതൃത്വങ്ങൾക്കും കൃത്യമായ നിയമങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇത്തരം നിയമങ്ങളുടെ ലംഘനങ്ങൾ പലപ്പോഴും കടുത്ത ശിക്ഷകളിലേക്ക് നയിക്കാറുണ്ട്. ആവർത്തനം 28:15 മുതൽ ദൈവമായ യഹോവ ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കാതിരുന്നാൽ ശാപം പിന്തുടരുമെന്നും ഭയം, മാരകരോഗങ്ങൾ, മഹാമാരികൾ എന്നിവ ബാധിക്കുമെന്നും ദൈവം താക്കീത് നൽകുന്നു. ദൈവീക അനുമതിയില്ലാതെ ദാവീദ് യിസ്രായേൽ ജനതയുടെ എണ്ണം എടുത്തപ്പോൾ എഴുപതിനായിരം പേർ മഹാമാരിയാൽ പട്ടുപോയതായി നാം കാണുന്നുവല്ലോ.
ലോകത്തിന്റെ നിയമങ്ങളെക്കാൾ ദൈവീകാലോചനകൾക്ക് മുന്തിയ പരിഗണന ആവശ്യമുണ്ടെന്ന് ഈ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

2. തുടർച്ചയായുള്ള പാപം
നിരന്തരമായി ചെയ്യുന്ന പാപം, മനുഷ്യനെ ദൈവീക ശിക്ഷകളിലേക്ക് നയിക്കാറുണ്ട്. പാപത്തിന് ദൈവം താക്കീതുകൾ നൽകാറുണ്ട്. ആ താക്കീതുകൾ തള്ളിക്കളയുമ്പോൾ ദൈവീക കരം ഭാരമായി നമ്മിൽ വെളിപ്പെടും. യെഹേസ്കേൽ 5:11 ‘നിന്റെ എല്ലാ വെറുപ്പുകളാലും സകലമ്ലേച്ഛതകളാലും എന്റെ വിശുദ്ധ മന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല’. പന്ത്രണ്ടാം വാക്യത്തിലൂടെ മഹാമാരി, ക്ഷാമം, വാൾ, പ്രകൃതിക്ഷോഭം എന്നിവകൊണ്ട് ന്യായം വിധിക്കുമെന്ന സന്ദേശവും നൽകുന്നു.
തന്റെ ലംഘനങ്ങളെ മറെക്കുന്നവന് ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും. (സദൃശ്യവാക്യങ്ങൾ 28:13)

3. വിഗ്രഹസേവ
അന്യദേശത്ത് അവരുടെ മ്ലേച്ച വിഗ്രഹങ്ങളെ സേവിച്ചും അവയ്ക്കു ധൂപം കാട്ടിയും ജീവനുള്ള ദൈവത്തെ യിസ്രായേൽ അവഹേളിച്ചു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്, അവയെ ഉണ്ടാക്കരുത്, നമസ്കരിക്കരുത് എന്നീ കല്പനകളെ കാറ്റിൽപറത്തി യിസ്രായേൽ തങ്ങൾക്ക് ബോധിച്ചത് പോലെ നടന്നപ്പോൾ ദൈവം തന്റെ ജനത്തിന് താക്കീതിന്റെ സന്ദേശം കൈമാറി. ഞാൻ വാൾകൊണ്ടും, ക്ഷാമം കൊണ്ടും, മഹാമാരി കൊണ്ടും സന്ദർശിക്കും. (യിരെമ്യാവ്‌ 44-13)
ദൈവത്തേക്കാൾ അധികമായി മറ്റെന്തിനെയും സേവിക്കുന്നത് വിഗ്രഹാരാധനയായി പരിഗണിക്കപ്പെടുന്ന പുതിയ നിയമ വ്യവസ്ഥ ഈ നൂറ്റാണ്ടിൽ നാം മറന്ന് പോകരുത്.

നിരന്തരമായുള്ള തെറ്റുകളും നിയമലംഘനങ്ങളും ദൈവീക കോപത്തിലേക്ക് നയിക്കും. യിസ്രായേലിനോടുള്ള ദൈവത്തിന്റെ ഉടമ്പടികളിലും നിയമങ്ങളിലും ആ രാജ്യം നിരന്തര പിഴവ് വരുത്തിയപ്പോൾ കടുത്ത നടപടികൾ ആ രാജ്യം ദൈവത്തിൽ നിന്നും നേരിടേണ്ടി വന്നു. ആയതുപോലെ നിരന്തര പാപപ്രവർത്തികൾ നമുക്കും ദോഷത്തിന് കാരണമാകും. പിഴവുകൾ വരുത്താത്ത ക്രിസ്തീയ ജീവിതമാണ് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.കൃപായുഗം പിന്നിടാൻ സമയമായി. അവൻ ഇതുവരെയും നമ്മോട് ദീർഘക്ഷമ കാണിച്ചു. ഇനിയും തെറ്റുകൾ ആവർത്തിച്ചും, ദൈവീക സന്ദേശങ്ങൾ അവഗണിച്ചും ദൈവത്തെ കോപിപ്പിക്കരുത്. ഈ ഭൂമിയിലെ ജീവിതം ആസ്വദിച്ച് നിത്യത നഷ്ടപ്പെടുത്തുന്നതാണ് നാം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തം. നൂറ്റാണ്ട് കണ്ട വലിയ മഹാമാരിയുടെ കാലത്ത് മാതൃകാപരമായ ക്രിസ്തീയ ജീവിതം നയിച്ച് നമുക്ക് മുന്നോട്ടു പോകാം. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ !!!

എഡിസൺ ബി ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.