ലേഖനം: അബ്രഹാമിന്റെ കാഴ്ചപ്പാടുകൾ | ബെന്നി ഏബ്രാഹാം

എബ്രായർ 11-ാം അധ്യായത്തിൽ അബ്രാഹാം വിശ്വാസത്തിൽ ഉറച്ചവനും, പ്രത്യാശയിൽ നിറഞ്ഞവനുമായിട്ടാണ് കാണുന്നത്.
” വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും, യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്തു കൊണ്ട് ‘ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരത്തിനായി കാത്തിരുന്നു”(എബ്രായർ 11-9,10).
“ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരത്തിനായി കാത്തിരുന്നു”എന്ന കാഴ്ചപ്പാട് ഏകദേശം BC-1850 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന പഴയ നിയമ വിശുദ്ധനായ അബ്രഹാമിന് എങ്ങനെ ലഭിച്ചു? പുതിയനിയമ വിശ്വാസികളായ നമുക്ക് തിരുവചനത്തിൽകൂടി ഈ നഗരം ‘പുതിയയെരുശലേം’ എന്ന നഗരമാണന്ന് മനസ്സിലാക്കാവുന്നതാണ്(വെളിപ്പാട്21-10,11,12). യോഹന്നാൻ അപ്പോസ്തലനു പത്മോസ് ദ്വീപിൽ വെച്ചു ദൈവം ഇത് വെളിപ്പെടുത്തി കൊടുത്തതാണ്. എന്നാൽ ക്രിസ്തുവിന്റെ പാപപരിഹാര ബലിയിൽ കൂടി മാത്രം പ്രാപ്യമായ ഈ പ്രത്യാശയും അതിലേക്കുള്ള കാത്തിരിപ്പും,പ്രവേശനവും അബ്രഹാമിന് എങ്ങനെ ലഭിച്ചു?

post watermark60x60

കാരണം അബ്രഹാമിന്റെ കാഴ്ചപ്പാട് ‘വാഗ്ദത്തകനാനെ’ സംബന്ധിച്ചുള്ളതായിരുന്നുവെന്ന് ഉല്പത്തി പുസ്തകം 12 മുതലുള്ള അധ്യായങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.’നിന്റെ സന്തതിക്ക് ഈ ദേശം കൊടുക്കുമെന്ന് ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു'(ഉൽപ്പത്തി12-7,13-15).”നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും”(ഉൽ12-3) എന്നും”നിന്റെ സന്തതിയെ നക്ഷത്രങ്ങളെ പോലെ ആക്കുമെന്നും (ഉൽ15-5) ദൈവം അവനോട് പറഞ്ഞിട്ടുണ്ട്.അബ്രാഹാം യെഹോവയിൽ വിശ്വസിച്ചു.
എന്നാൽ എബ്രായ ലേഖനത്തിലേക്ക് കടന്നുവരുമ്പോൾ അടിസ്ഥാനങ്ങൾ ഉള്ളതായ ഒരു നഗരത്തിനായി കാത്തിരിക്കുന്ന അബ്രഹാമിനെ ആണ് കാണുന്നത്.വാഗ്ദത്ത കനാൻ എന്ന അവന്റെ കാഴ്ചപ്പാടുകൾ സ്വർഗ്ഗീയ നഗരത്തിലേക്ക് എത്തിച്ചേരുവാനുള്ള കാരണം -ഗലാത്യർ 3-6മുതലുള്ള വാക്യങ്ങളിൽ പറയുന്നുണ്ട്.-“അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ അതുകൊണ്ട് വിശ്വാസികൾ അത്രേ അബ്രഹാമിന്റെ മക്കൾ എന്നു അറിവിൻ. എന്നാൽ ദൈവം വിശ്വാസം മൂലം ജാതികളെ നീതീകരിക്കുന്നു എന്ന തിരുവെഴുത്ത് മുൻകണ്ടിട്ട് “നിന്നിൽ സകലജാതികളും ജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രഹാമിനെ മുൻകൂട്ടി അറിയിച്ചു’.

‘നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്നുള്ളത് ‘സുവിശേഷം’ ആണെന്ന് ഗലാത്യർ3-8 പറയുന്നു.അതേ ഇതു സുവിശേഷത്തിന്റെ സംഗ്രഹം ആണ്,ഇതു ദൈവവചനത്തിന്റെ ‘മർമ്മം’ആണ്,ഈ വചനത്തിൽ ക്രിസ്തുവിന്റെ മരണ, അടക്ക, പുനരുത്ഥാനം അടങ്ങിയിരിക്കുന്നു.
പുതിയനിയമ കാലഘട്ടത്തിൽ വിശ്വാസംമൂലം ജാതികൾ നീതികരിക്കപ്പെടുന്ന തിരുവെഴുത്ത് കണ്ടുകൊണ്ട് ദൈവം അബ്രാഹാമിനോടു ‘നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്നുള്ള സുവിശേഷം മുമ്പ് കൂട്ടി അറിയിച്ചു(ഗലാ3-8).ഒന്നുകൂടി വിശദമായി പറഞ്ഞാൽ ദൈവം തന്റെ പുത്രനായ ക്രിസ്തുവിനെ അബ്രഹാമിന്റെ സന്തതിയായി അയക്കുമെന്നും, ആ സന്തതിയായ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് വീണ്ടെടുപ്പ് ഉണ്ടെന്നും, അങ്ങനെ ക്രിസ്തു മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപെടും എന്നുള്ള സുവിശേഷം അബ്രഹാമിനെ അറിയിച്ചു. അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു അത് അവന് നീതിയായി കണക്കിട്ടു. ക്രിസ്തുവിൽ വിശ്വസിക്കുന്ന വിശ്വാസികൾ അബ്രാഹാമിന്റെ മക്കൾ ആണ്.അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടു കൂടെ അനുഗ്രഹിക്കപെടുന്നു.
‘നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്നുള്ള സുവിശേഷം അബ്രഹാമിന്റെ ഹൃദയത്തിൽ ദൈവം കോറിയിട്ടു.ആ വചനത്തിന്റെ ആഴങ്ങളും മർമ്മങ്ങളും തുടക്കത്തിൽ അബ്രഹാം ഗ്രഹിച്ചില്ലായിരിക്കാം,ചില പരാജയങ്ങൾ ജീവിതത്തിൽ കടന്നു വന്നു;എങ്കിലും അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു.ആ ‘സുവിശേഷം’ അബ്രഹാമിനെ ശരിയായ വഴിയിൽ കൂടി എത്തേണ്ടിടത്ത് എത്തിച്ചു. അഥവാ ദൈവം ശിൽപ്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ ഒരു നഗരത്തിനായി ‘കാത്തിരിക്കുവാൻ’ വിശ്വാസത്താൽ പ്രാപ്തനാക്കി. ഒരർത്ഥത്തിൽ തന്റെ സന്തതിയായ ക്രിസ്തുവിൽ കൂടി മാത്രം പ്രാപ്യമായ സ്വർഗ്ഗീയദേശത്തെ അബ്രാഹാം കാംക്ഷിച്ചു.

Download Our Android App | iOS App

ഒരുങ്ങിയിരിക്കുന്നവരാണ് കാത്തിരിക്കുന്നത് ‘ക്രിസ്തുവിന്റെ സുവിശേഷം’ ദൈവം ശിൽപ്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരിക്കുവാൻ നമ്മെയും പ്രാപ്തരാക്കി. “ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു”(ഗലാത്യർ3-29). കാഹളം ധ്വനിക്കാറായി,അതിനാൽ നമുക്ക് അബ്രഹാമിനെപോലെ വിശ്വാസവും കാഹളം ധ്വനിക്കാറായി, അതിനാൽ നമുക്ക് അബ്രാഹാമിനെ പോലെ വിശ്വാസവും അനുസരണയും ഉള്ളവരായി കാത്തിരിക്കാം.

ബെന്നി ഏബ്രാഹാം
വസായ് റോഡ്.

-ADVERTISEMENT-

You might also like