ഭാവന: ലോക്ഡൗണിനു ശേഷമുള്ള ആദ്യത്തെ ആരാധന | ദീന ജെയിംസ്, ആഗ്ര

അടുത്തയാഴ്ച മുതൽ ആരാധന ആരംഭിക്കുന്നു എന്ന് കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് സിസിലി സഹോദരിയുടെ മനസ്സിൽ ഒരു വെപ്രാളം. പോരാത്തതിന് ഇന്നലെ സഭാപാസ്റ്ററിന്റെ ഫോൺ വന്നിരുന്നു, ഒൻപതുമണി മുതൽ നാല് ഷിഫ്റ്റ്‌ ആയിട്ട് ആരാധനയുണ്ട്, ഒരുമണിക്കൂർ സമയപരിധിയിൽ. ഏതു സമയം പങ്കെടുക്കുന്നു എന്ന് പേര് കൊടുക്കണം. അതനുസരിച്ചു പാസ്‌റ്റർ സഭയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ലിസ്റ്റ് ഇടും. കൊവിഡ്ഭീതിയും ലോക് ഡൗൺമൂലവും ആരാധന നിർത്തിയപ്പോൾ എന്തൊരു വെപ്രാളമായിരുന്നു. ഒരാരാധന മുടക്കിയതായി ഓർമയിൽ പോലുമില്ല. ഈ സ്ഥിതിയിൽ എങ്ങനെ പോകാനാ?? ആർക്കേലും കൊറോണ ഉണ്ടെങ്കിൽ… ദൈവമേ… സിസിലി സഹോദരി ആകെ വിഷമത്തിലായി.പോകാതിരിക്കാൻ പറ്റുമോ? സഭക്കാരും പാസ്‌റ്ററും എന്ത് കരുതും. ഇതിപ്പോൾ മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതിയിൽ ആയല്ലോ… കൊറോണ വരുത്തിവച്ച ഓരോ വിനകളേ, സഹോദരി മനസ്സിൽ ഓർത്തു. ഏതായാലും സഭയിലെ അടുത്ത കൂട്ടുകാരിയായ അനുവിനെ വിളിച്ചു കാര്യങ്ങൾ തിരക്കാൻ തീരുമാനിച്ചു. രണ്ടുപേരും വലിയ കൂട്ടുകാരാണ്. പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ഒക്കെ പോകുന്നത് ഒരുമിച്ചാണ്. പോരാത്തതിന് രണ്ടുപേരുടെയും ഭർത്താക്കന്മാർ വിദേശത്തും. സംസാരിച്ചപ്പോഴല്ലേ മനസിലായത് അവളും ഇതേ മാനസികാവസ്ഥയിൽ തന്നെയാണ്.

ഏതായാലും ആദ്യത്തെ സെക്ഷൻ (9മണി മുതൽ 10വരെ )ആരാധനയിൽ പോകാൻ തീരുമാനിച്ചു, ഒപ്പം കുട്ടികളെ വീട്ടിൽ തന്നെ ഇരുത്താനും. രാവിലെതന്നെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു ഒരുങ്ങിയപ്പോഴല്ലേ ഓർത്തത് കൈയിലുള്ള മാസ്ക് കറുത്തതാണ്. അയ്യോ, വെള്ളസാരി ഉടുത്തു കറുത്തമാസ്ക് വച്ച് എങ്ങനെ പോകും, അതും ആരാധനയ്ക്ക്… സിസിലി സഹോദരി ധർമ്മസങ്കടത്തിലായി. വെള്ളത്തൂവാല കെട്ടാൻ പന്ത്രണ്ട് വയസുകാരൻ മകൻ ഉപദേശിച്ചു. ഓ, അതൊക്ക മോശമല്ലേ ഒരു മാസ്ക്പോലുമില്ലെന്ന് ആളുകൾ കരുതും. അപ്പോഴേക്കും കോളിങ് ബെൽ മുഴങ്ങി, അനുസഹോദരിയായിരുന്നു. രണ്ടുപേരും സഭാഹോളിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്‌ച സിസിലിസഹോദരിയെ ഞെട്ടിച്ചു. സഭയിലെ നേഴ്സുമാരായ രണ്ടു പെൺകുട്ടികൾ. ദൈവമേ, സ്ക്രീനിംഗ്… സിസിലിസഹോദരിയുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. ഒരു വിധം മുന്നോട്ട് പോയി. ആശ്വാസം… കുഴപ്പമില്ല. സഭാഹോളിനകത്തു കയറിയ സഹോദരി വീണ്ടും ഞെട്ടി.. സാമൂഹിക അകലം പാലിച്ചു കസേരകൾ. അയ്യോ, കസേരയിൽ ഇരുന്നു എങ്ങനെ ആരാധിക്കാനാ… ഏതായാലും സഹിച്ചല്ലേ പറ്റൂ. സഹോദരി മനസ്സിൽ ഓർത്തു. ആരാധന ആരംഭിച്ചു.

മാസ്ക് ധരിച്ചിരിക്കുന്നത് കൊണ്ട് പെട്ടന്ന് ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല. രണ്ടു മാസത്തിൽ അധികമായി സാക്ഷ്യം പറഞ്ഞിട്ട്, ദൈവം നടത്തിയ വഴികൾ ഏറെയുണ്ട്. എന്നാൽ സമയക്കുറവുമൂലം സാക്ഷ്യം ഇല്ലെന്നു പാസ്‌റ്റർ പറയുന്നത് കേട്ട സഹോദരിയുടെ മുഖം മ്ലാനമായി.പ്രസംഗവിഷയം ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുംതോറും സന്തോഷിച്ചുകൊൾവിൻ എന്നതായിരുന്നു. എന്നാൽ സിസിലിസഹോദരിയ്ക്കു സന്തോഷം ഉളവാക്കിയ കാര്യം ആനി സഹോദരി ഈ സെക്ഷനിൽ ഇല്ലായിരുന്നു എന്നതാണ്. പുള്ളിക്കാരിയുമായി മനസുകൊണ്ട് അത്ര അടുപ്പത്തിലല്ല. പിന്നെ കണ്ടാൽ പ്രൈസ് ദി ലോർഡ് പറയാതിരിക്കാൻ പറ്റാത്തതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുവായിരുന്നു. ഇനിയിപ്പോൾ അതും വേണ്ടല്ലോ. ഒരു മണിക്കൂർ വേഗം കഴിഞ്ഞു. അടുത്ത സെക്ഷൻ ആരാധനയ്ക്കുള്ളവർ എത്തിച്ചേരാൻ തുടങ്ങിയിരിക്കുന്നു. വലിയ തൃപ്തിയൊന്നും തോന്നിയില്ല സഹോദരിയ്ക്ക്ആരാധനയിൽ. പുറത്തിറങ്ങി സാമൂഹികഅകലം പാലിച്ചുകൊണ്ട് ഓരോരുത്തരോടും പ്രൈസ് ദി ലോർഡ് പറയുമ്പോൾ സഹോദരിയുടെ മനസ്സിൽ ആരോ മന്ത്രിച്ചു ആ വാക്യം “ഇങ്ങനെയല്ലോ പിതാവേ നിനക്ക് പ്രസാദം തോന്നിയത്. ”

ദീന ജെയിംസ്, ആഗ്ര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading