ലേഖനം: മരുഭൂമിയും ജാഗ്രതയും | പൊടിയമ്മ തോമസ്‌, ഒക്കലഹോമ

നമ്മുടെ ഈ മരുഭൂപ്രയാണം ഒരു പരീക്ഷണ ശാലയാണ്. നമ്മുടെ ദൈവത്തിലുള്ള വിശ്വാസം ആഴത്തിൽ ശോധന ചെയ്യപ്പെടുന്ന സ്ഥലമാണ് മരുഭൂമി. ആയതിനാൽ വളരെയധികം ജാഗ്രതയുള്ളവർ ആയിരിക്കേണം ഓരോ യാത്രക്കാരനും. മരുഭൂമിയുടെ അനുഭവം ആരും തന്നെ സ്വതവേ ഇഷ്ടപ്പെടുന്നില്ല, കാരണം ആരും സഹായിക്കുവാനോ താങ്ങുവാനോ, കരുത്തുവാനോ, എന്തിനേറെ ഏറ്റവും അടുത്ത് നിന്നവർ പോലും ഇല്ലാതെ
പോകുന്ന അവസ്ഥ! നിലവിളിക്കുകയല്ലാതെ മറ്റൊന്നിനും ഒരു സാധ്യതയുമില്ലാത്ത സ്ഥലം. മരുഭൂമിയിൽ ഒറ്റപ്പെട്ട ഹാഗാര് പൈതലിന്റെ മരണം കാണുവാൻ കഴിയാതെ നിലവിളിക്കുന്നു. ഹാഗാറിന്റെ പൈതലിന്റെ നിലവിളി സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ചെവിയിലെത്തി, മരുഭൂമിയിലെ നീരുറവയെ തുറന്നു മറുപടി നൽകി. മനുഷ്യൻ നൽകിയാൽ പരിമിതികളുണ്ട്, എന്നാൽ ദൈവം തന്നാൽ അളവില്ലാതെ നൽകും!

post watermark60x60

മരുഭൂമിയുടെ അനുഭവം ദൈവത്തെ ജാഗ്രതയോടെ അന്വേഷിക്കാൻ ഒരു മുഖാന്തിരമാണ്, നാം ജാഗ്രതയോടെ അന്വേഷിക്കുമ്പോൾ അവനെ
കണ്ടെത്തും. മാത്രമല്ല, തിരുവചനത്തിൽ പ്രവാചകൻ വിളിച്ചു പറയുന്നതുപോലെ ‘അവൻ എന്നെ വശീകരിച്ചു മരുഭൂമിയിലേക്ക് കൊണ്ടുപോയി ഹൃദ്യമായി സംസാരിച്ചു’. മറ്റൊരു ശബ്ദവും നമുക്ക് കേൾപ്പാൻ കഴിയാത്ത ഏകാന്തതയിൽ നാം ദൈവശബ്ദം കേൾക്കും. ചൂടേറിയ മണലാരിണ്യത്തിൽ, ഭയപ്പെടുത്തുന്ന കുറ്റികാടുകളുള്ള, ദാഹജലത്തിനു ധൗരഭ്യം നേരിടുന്ന യാത്രയിലും നാം കരയുമ്പോൾ നമ്മോടു കൂടെ യാത്ര ചെയ്യുവാൻ നമ്മുടെ കർത്താവ് മാത്രം. ഈ യാഥാർഥ്യം ഈ കാലഘട്ടത്തിനു എത്രയോ അനുയോജ്യമാണ് ! അനേകർ കൊറോണ വൈറസിന്റെ ബാധയാൽ ഒറ്റപ്പെട്ടു കഴിഞ്ഞു, അനേകർ മരണത്തിനു വിധേയരായി ജീവനോടെ ഈ ഭൂമിയിൽ ദൈവം നമ്മെ ശേഷിപ്പിച്ചിരിക്കുന്നതു ഒരു
യഥാസ്ഥാനത്തിന്നും മടങ്ങിവരവിനും വേണ്ടിയാണ്. “പെരുഞ്ഞാറയും, കൊക്കും, മീവൽ പക്ഷിയും മടങ്ങിവരവിന് കാലം അറിയുന്നു, എന്റെ ജനമോ അറിയുന്നില്ല” എന്ന പ്രവചനവാക്യം ഓർപ്പിച്ചെഴുതുന്നു. “കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ലെന്നേ ജനം ഗ്രഹിക്കുന്നതുമില്ല” (യെശയ്യാ 1:3 ). നാം നമ്മെ തന്നെ ശോധന ചെയ്തു ദൈവത്തിങ്കലേക്കു ജാഗ്രതയോടെ അടുത്ത് വരാം.

ഇപ്പോൾ നാം കടന്നുപോകുന്ന പ്രതിസന്ധിയുടെ കാലഘട്ടം, നമ്മ ജാഗ്രതയുള്ളവരായിരിക്കുവാൻ ശീലിപ്പിക്കുന്നതാണ്. ഹാമാൻ യഹൂദന്മാരെ നശിപ്പിക്കുവാൻ, വിരോധമായി കല്പന എഴുതിച്ചപ്പോൾ ശൂശൻ പട്ടണം കലങ്ങി, എന്നാൽ മൊർദെക്കായിയും എസ്തേറും യഹൂദ ജനത്തോടുകൂടെ ഉപവസിച്ചു പ്രാർത്ഥിച്ചു. അവരുടെ വിലാപത്തെ ദൈവം ആർപ്പിന്റെ അനുഭവമാക്കി. ഈ ലോക് ഡൌൺ കാലയളവിൽ നാം മിണ്ടാതെയിരിക്കരുത്, ദേശങ്ങളുടെയും ജനത്തിന്റെയും വിടുതലിനുവേണ്ടി ദൈവത്തോട് അടുത്ത് ചെല്ലാം, അവൻ നമ്മോടു കൃപ കാണിക്കും. ഇയ്യോബിന്റെ കഠിന ശോധനയുടെ വേളയിലും ദൈവം അവനെ ഓരോ നിമിഷവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ കഷ്ടത വളരെ ദൈവം ഇരട്ടിയായി അനുഗ്രഹിച്ചു. നമ്മുടെ കഷ്ടതയുടെ നടുവിൽ ദൈവം നമ്മെ നോക്കികൊണ്ടിരുന്നു. നാം അവനെ ജാഗ്രതയോടെ അന്വേഷിച്ചു വിശ്വാസത്തിൽ
നിലനിൽക്കുമോ എന്ന് പരീക്ഷിച്ചു അറിയുവാൻ അവനാഗ്രഹിക്കുന്നു. അവൻ നമ്മ മരുഭൂമിയാകുന്ന കഷ്ടതയുടെ തീച്ചൂളയിലൂടെ കടത്തിവിട്ടു പൊന്നുപോലെ പുറത്തു കൊണ്ട് വരും. ആകയാൽ കരുണ ലഭിപ്പാൻ തല്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിക്കുവാനായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്ത് ചെല്ലുക. നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം; നമ്മെ തളർത്തുന്ന പിശാചിന്റെ തന്ത്രങ്ങളെ തിരിച്ചറിയുന്നവരായിരിക്കാം. അനുസരിക്കുന്ന ത്യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു. വചനമെന്ന മായമില്ലാത്ത പാൽ കുടിച്ചു ഓരോ ദിവസവും വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയിലും സമൃദ്ധിയുള്ളവരായി മുന്നേറുവാൻ ഏവരെയും ദൈവം സഹായിക്കട്ടെ! ഈ ലേഖനം വായിക്കുന്ന ഓരോ പ്രിയപെട്ടവരോടും ഈ ലേഖനകർത്താവിനു പറയാനുള്ളത് ഏതു മരുഭൂമിയുടെ അവസ്ഥയിലും ജാഗ്രതയുള്ളവരായി കർത്താവിനോടു പറ്റിനിന്നു നിത്യജീവനിൽ പ്രവേശിക്കാം.

Download Our Android App | iOS App

പൊടിയമ്മ തോമസ്‌, ഒക്കലഹോമ

-ADVERTISEMENT-

You might also like