ചെറു ചിന്ത: യഹോവയുടെ കൃപ…. നീതിപ്രസംഗിയായ നോഹയ്ക്ക് | ജിബിൻ ജെ.എസ് നാലാഞ്ചിറ

ഉല്പത്തി പുസ്തകം അദ്ധ്യായം 6 പരിശോധിക്കുമ്പോൾ ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടു യഹോവയായ ദൈവം അനുതപിക്കുന്നതായി ( Genesis 6:6 ) കാണാൻ സാധിക്കുന്നു. ആ കാലത്തിൽ അതിയായ പാപങ്ങൾ ദേശത്തിൽ വ്യാപിച്ചു കൊണ്ടിരുന്നു. ഈ പാപം നിറഞ്ഞ ദേശത്തിലാണ് നോഹക്ക് യഹോവയുടെ കൃപ ( Genesis 6:8 ) ലഭിച്ചത്.

ഇവിടെ നോഹക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത് പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ്,
ഒന്നാമത്തേത്; ‘ഈ പാപം നിറഞ്ഞ ലോകത്തിൽ പാപം ചെയ്യാതെ നീതിമാനായും, നിഷ്കളങ്കനായും ജീവിക്കുവാനുള്ള ദൈവത്തിന്റെ കൃപ’. പ്രിയരേ, പാപം ചെയ്യുവാൻ അവസരം ലഭിക്കാതെ ഞാൻ എന്ന വ്യക്തി നിഷ്കളങ്കനാണെന്നോ, നീതിമാനാണെന്നോ, ദൈവത്തോട് കൂടെ നടക്കുന്ന വ്യക്തിയാണെന്നോ പറയുന്നതിൽ അർദ്ധം ഇല്ല, മറിച്ചു ഈ പാപം നിറഞ്ഞ ലോകത്തിലും കർത്താവിൽ ആശ്രയിച്ചു കൊണ്ട് വിശുദ്ധിയോടെ, നിഷ്കളങ്കതയോടെ മുമ്പോട്ട് പോകുന്നതാണ് പ്രയാസമേറിയ കാര്യം. ഇത്തരത്തിൽ ക്രിസ്തീയ ജീവിതം നയിക്കുവാൻ ദൈവത്തിന്റെ കൃപ ആവശ്യമാണ്.

രണ്ടാമത്തേത്; ‘ദൈവം പറയുന്ന കാര്യം അതുപോലെ പ്രവർത്തിക്കുവാനുള്ള ദൈവത്തിന്റെ കൃപ’.
6:14- 21 വരെ വായിക്കുമ്പോൾ പെട്ടകം നിർമിക്കുന്നതിന് ദൈവം കുറെയധികം നിർദേശങ്ങൾ കൊടുക്കുന്നുണ്ട്. 6:22 ൽ നമുക്ക് കാണാം, ദൈവം തന്നോട് കൽപ്പിച്ചത് ഒക്കെയും നോഹ ചെയ്തു. അങ്ങനെ തന്നെ അവൻ ചെയ്തു.
പ്രിയരേ, നമ്മുടെ ഇഷ്ടത്തിന് ഓരോ കാര്യങ്ങൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും പ്രയാസമില്ലാത്ത കാര്യമാണ്. എന്നാൽ ദൈവം പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുവാൻ അതനുസരിച്ചു മുമ്പോട്ടു പോകുവാൻ പ്രയാസമാണ്. അവിടെ നോഹ വിശ്വസ്തനായിരുന്നു, നീതിമാനായിരുന്നു.

സംഖ്യാ പുസ്തകം 20: 7-8 വരെ നോക്കുമ്പോൾ , മോശയോട് ദൈവം പറഞ്ഞു നീ പാറയോട് കല്പിക്ക എന്ന്. പക്ഷെ മോശ പാറയെ അടിക്കാൻ ഇടയായി തീർന്നു. സംഭവിച്ചതോ കനാൻ ദേശം ദൂരെ നിന്ന് കാണുവാനല്ലാതെ കാൽ ചവിട്ടുവാൻ സാധിച്ചില്ല. ഇവിടെ മോശക്ക് ഇത്തരത്തിൽ സംഭവിച്ചത് ജനത്തിന്റെ കലഹം കാരണമായിരുന്നു. പെട്ടെന്നുള്ള ദേഷ്യം കാരണം സംഭവിച്ചതാണ്. പക്ഷെ നഷ്ടം ജനത്തിന് സംഭവിച്ചതിലേറെ മോശക്കായിരുന്നു ഉണ്ടായത്. ജനത്തെ നയിക്കുവാൻ മുമ്പിൽ നിന്നിട്ടും കനാൻ ദേശം കാണാൻ പറ്റാതെ പോയി.

പ്രിയരേ, നാം ഈ ക്രിസ്തീയ ജീവിതം നയിക്കുന്നതിന്റെ ലക്ഷ്യവും ഒരു കനാൻ നാടിനു വേണ്ടിയാണു. നഷ്ടമാക്കുവാൻ പലരും അരികിൽ സ്നേഹമൊക്കെ അഭിനയിച്ചു നടക്കുമ്പോഴും വിവേകപൂർവം ജയത്തോടെ മുമ്പോട്ട് പോകുക.
കൃപയുടെ പൂർണ്ണതയായ ക്രിസ്തുവിനോട് ചേർന്ന് ക്രിസ്തു പറഞ്ഞത് പോലെ സൗമ്യതയോടെ ക്ഷമയോടെ കൃപയിൽ ആശ്രയിച്ചു മുമ്പോട്ട് പോകാൻ ഇടയായി തീരട്ടെ. അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.

ജിബിൻ ജെ.എസ് നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.