ശുഭദിന സന്ദേശം : അടുക്കുക അകലുക | ഡോ.സാബു പോൾ

“പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”( യാക്കോ.4:7,8).

ലോകമഹാമാരിക്ക് പരിസമാപ്തി വരുത്തുവാൻ കഠിന പരിശ്രമത്തിലാണ് ലോക രാഷ്ട്രങ്ങളെല്ലാം…
ഉദ്ദേശിക്കുന്നതു പോലെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ഭരണാധികാരികൾ അതിൻ്റെ കാരണങ്ങൾ കണ്ടെത്തുകയും പൊതുജനത്തെ ബോധവൽക്കരിക്കയും ചെയ്യുന്നുണ്ട്…

ഒമാനിൽ ഇന്നലത്തെ കണക്കനുസരിച്ച് പൊസിറ്റീവ് കേസുകൾ പതിനായിരം കവിഞ്ഞു. അതിൽ അയ്യായിരം കേസുകൾ ഉണ്ടായത് കഴിഞ്ഞ പത്ത് ദിവസം കൊണ്ടാണ്.

ഇത്ര ക്രമാതീതമായ വർദ്ധനവിന് കാരണം താഴെപ്പറയുന്നവയാണെന്ന് മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടവർ അറിയിച്ചു.

1. പെരുന്നാൾ സമയത്ത് ‘വീട്ടിൽ സുരക്ഷിതരായിരിക്കുക’ എന്ന നിയമം പലരും പാലിച്ചില്ല.
2. ടെസ്റ്റിംഗുകളുടെ എണ്ണം വർദ്ധിച്ചു.

മേൽപ്പറഞ്ഞ കാരണങ്ങൾ വായിച്ചപ്പോൾ പാപമാകുന്ന ലോകമഹാമാരിയുടെ വ്യാപനത്തിനു പിന്നിലും സമാനമായ കാരണങ്ങളല്ലേ എന്ന ചിന്തയുണ്ടായി.

1. ആഘോഷങ്ങളുടെ ലഹരിയിൽ പലപ്പോഴും അതിർവരമ്പുകൾ ലംഘിക്കാനുള്ള പ്രവണത മനുഷ്യനിൽ വർദ്ധിക്കുന്നു.
കേരളം വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നത് കോടികളുടെ മദ്യം അകത്താക്കിയാണ്. ബെവ്കൊ ആപ്പ് തയ്യാറായ ആദ്യ ദിനം തന്നെ 40 കോടി 68 ലക്ഷം രൂപയുടെ മദ്യം വിറ്റഴിഞ്ഞു…
പിന്നെ മദ്യലഹരിയിൽ മൂന്നു കൊലപാതകങ്ങൾ…

‘സ്റ്റേ സെയ്ഫ്’ എന്ന മുദ്രാവാക്യം ആരോഗ്യരംഗത്തെ വിദഗ്ദർ അവതരിപ്പിച്ചത് മാരകരോഗം വ്യാപിക്കാതിരിക്കാനായിരുന്നു. അത് ഫലപ്രദമാക്കിയ കേരളത്തിൽ വ്യക്തമായ ഫലവും കണ്ടു. പക്ഷേ, മറ്റു പലയിടങ്ങളിലും ഈ നിയമത്തെ ജനം അവഗണിച്ചു. ഇന്നലെ വരെയുണ്ടായിരുന്ന തങ്ങളുടെ സ്വാതന്ത്ര്യം പെട്ടെന്ന് നഷ്ടമായതു പോലെയാണ് പലർക്കും തോന്നിയത്. അതുകൊണ്ട് പതിനായിരങ്ങളുടെ ജീവൻ പൊലിഞ്ഞു.

ഇന്നത്തെ വാക്യം പറയുന്നതുപോലെ പിശാചിനോടും പാപ സാഹചര്യങ്ങളോടും അകന്നു നിൽക്കുകയും ദൈവത്തോട് ചേർന്നു നിൽക്കുകയും ചെയ്താൽ പാപ വൈറസിൻ്റെ വ്യാപന ശ്രൃംഖല തകർക്കപ്പെടും. ഇന്നലെ വരെ തുടർന്നു വന്ന ചിലതൊക്കെ വേണ്ടെന്ന് വയ്ക്കുന്നത് അൽപ്പം വിഷമകരമാണെങ്കിലും നിത്യ മരണത്തിൽ നിന്ന് രക്ഷനേടാൻ വേറെ മാർഗ്ഗമില്ല…

2. ടെസ്റ്റിംഗ് കൃത്യമായി നടത്തുമ്പോഴാണ് രോഗവ്യാപനത്തോത് വ്യക്തമായി അറിയാൻ കഴിയുന്നത്. ചിലർക്ക് യാതൊരു രോഗലക്ഷണവുമുണ്ടാവില്ല. എന്നാൽ കോവിഡ് പോസിറ്റീവ് ആയിരിക്കും. അവരുമായി സമ്പർക്കത്തിലാകുന്നവരിലേക്കും വൈറസ് പകരുകയും ചെയ്യുന്നു. ഈ അപകടം തിരിച്ചറിഞ്ഞ ഗവൺമെൻ്റുകൾ സമ്പർക്കപ്പട്ടികയിൽ വന്ന സകലരുടെയും പരിശോധന നടത്താൻ തുടങ്ങി. അപ്പോൾ രോഗികളുടെ എണ്ണം വർദ്ധിച്ചെങ്കിലും അങ്ങനെയുള്ളവരെ തിരിച്ചറിയാനായത് അടുത്ത ഘട്ടത്തിലെ വ്യാപനത്തെ പിടിച്ചു നിർത്താൻ സഹായിച്ചു.

“നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ”(2കൊരി.12:5) എന്ന് പൗലോസ് ബുദ്ധിയുപദേശിക്കുന്നു. ചിലരെക്കണ്ടാൽ പുറമെ പാപത്തിൻ്റെ ലക്ഷണമൊന്നുമുണ്ടാകില്ല. നല്ല വിനയവും മന്ദസ്മിതവും മേമ്പൊടിയായി സ്തോത്രവും ഹല്ലേലുയ്യയും ഉണ്ടാകും…

പക്ഷേ, അകത്ത് വൈരാഗ്യവും, മത്സരവും, കുതികാൽ വെട്ടും, ദുരുപദേശവും ഉണ്ടാകാം. വചനക്കിറ്റുകൊണ്ട് റാപ്പിഡ് ടെസ്റ്റ് കൃത്യമായി നടത്തിയാലേ ഈ രോഗികളെ തിരിച്ചറിയാനാവൂ. ഇല്ലെങ്കിൽ ഇവർ നിശ്ശബ്ദമായി ഈ വൈറസിനെ പ്രതിരോധശേഷി കുറഞ്ഞ ബലഹീന വിശ്വാസികളിലേക്ക് പകരും….

പ്രിയമുള്ളവരേ,
ഭൗതീക ജീവിതം ഏതു നിമിഷവും തീരാവുന്നതാണ്. ജനിച്ചവരെല്ലാം മരിച്ചേ തീരൂ. എന്നാൽ നിത്യ ശിക്ഷാവിധിയായ നരകം നമുക്ക് ഒഴിവാക്കാൻ കഴിയുന്ന ഒന്നാണ്. അത് ചെയ്യേണ്ടത് ഇവിടെ ജീവിച്ചിരിക്കുമ്പോഴാണ് (2 കൊരി.5:10).

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.