ശുഭദിന സന്ദേശം: ദൈവഭവനം രാജഭവനം | ഡോ.സാബു പോൾ

“ശലോമോൻ തന്റെ അരമന പതിമൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീർത്തു”(1 രാജാ.7:1).

എന്നാലും ശലോമോൻ ആളു കൊള്ളാമല്ലൊ…

ദൈവാലയം പണിയാൻ ഏഴു(6:37) വർഷം..!
കൊട്ടാരത്തിൻ്റെ പണിക്കോ പതിമൂന്നു വർഷം….!!
ദൈവാലയം പണിയാൻ എടുത്തതിൻ്റെ എകദേശം ഇരട്ടി സമയം എടുത്ത് കൊട്ടാരം പണി പൂർത്തീകരിച്ചു എന്ന് പറയുമ്പോൾ ആത്മീയ കാര്യത്തെക്കാൾ ഭൗതീക കാര്യത്തിന് അമിത പ്രാധാന്യം കൊടുത്തു എന്ന് വ്യക്തമല്ലേ…?

ശലോമോനെ അങ്ങനെ വിധിക്കാൻ വരട്ടെ..! അവസാന കാലത്ത് ഭാര്യമാരാൽ വശീകരിക്കപ്പെട്ട് അന്യദൈവാരാധനയിലേക്ക് പോയി എന്നത് വാസ്തവമാണ്. പക്ഷേ, ആദിമകാലം വിശ്വാസത്തിലും പ്രവൃത്തിയിലും തികഞ്ഞ മാതൃകയോടെ തന്നെയാണ് ശലോമോൻ നിന്നത്.

*❓കുറഞ്ഞ സമയം കൊണ്ട് ആലയം.*

❗ദാവീദ് ആലയത്തിന് വേണ്ടി സകല കാര്യങ്ങളും ക്രമീകരിച്ചു വെച്ചിരുന്നു. അതു കൊണ്ട് നേരെ പണിയിലേക്ക് പ്രവേശിക്കുവാൻ ശലോമോന് സാധിച്ചു. കെട്ടിടം പണിക്ക് വേണ്ടിയുള്ള സാധന സാമഗ്രികൾ കണ്ടെത്തുന്നതും ശേഖരിക്കുന്നതും നന്നായി സമയം വേണ്ട പ്രവൃത്തിയായിരുന്നു.

❗ദൈവാലയം എന്നുള്ളത് അടിയന്തിര ആവശ്യമായിരുന്നു. ദൈവജനത്തിന് ഒരുമിച്ച് കൂടി വരാൻ സ്ഥിരമായ സം‌വിധാനമില്ലാതിരുന്നതിനാൽ അടിയന്തിര പ്രാധാന്യത്തോടെ അതിവേഗത്തിൽ പണികൾ നടന്നു. എന്നാൽ ദാവീദിൻ്റെ അരമന നിലവിലുണ്ടായിരുന്നതിനാൽ പുതിയ കൊട്ടാരം പണി പൂർത്തീകരിക്കുന്നതിന് അത്ര ധൃതിയുടെ ആവശ്യമില്ലായിരുന്നു.

❗ശലോമോൻ ആലയം പണിക്ക് പ്രാധാന്യം കൊടുത്തതു കൊണ്ടല്ലേ ആദ്യം അത് ചെയ്തത്? യാതൊരു വിഘ്നവും താമസവും വരാതിരിക്കാൻ അത് പൂർത്തീകരിച്ചതിനു ശേഷമാണ് അരമനയുടെ പണിയാരംഭിക്കുന്നത്.

❗ആലയത്തിൽ ആരാധനയും അനുബന്ധ കാര്യങ്ങളും മാത്രമാണ് നടക്കുന്നത്. എന്നാൽ കൊട്ടാരത്തിൽ ഭരണപരമായ വിവിധ കാര്യാലയങ്ങൾ പ്രവർത്തിക്കണം. കൂടാതെ സന്ദർശനത്തിനെത്തുന്ന മറ്റ് രാജാക്കൻമാർക്ക് സ്വീകരണം നൽകുന്ന കൊട്ടാരം തൻ്റെ പ്രതാപത്തിൻ്റെ പ്രതീകമാകണമെന്ന് ശലോമോന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ സൗകര്യങ്ങളും ശിൽപ്പകലാ ചാതുരിയും അതിനാവശ്യമാണ്.

അതേ സമയം, ദൈവാലയം ഇല്ലാതിരിക്കെ ആഡംബര ഭവനങ്ങളിൽ പാർത്തവരോട് പ്രവാചകൻ
”ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?”(ഹഗ്ഗാ.1:4) എന്നു ചോദിക്കുന്നുണ്ട്. ആലയത്തെ അവഗണിച്ചതുകൊണ്ട് ദൈവകോപം വിവിധ മേഖലകളിൽ അവർ അഭിമുഖീകരിക്കേണ്ടതായി വന്നു.

പുതിയ നിയമസഭയിൽ ദൈവം വസിക്കുന്നത് അംബരചുംബിയായ കെട്ടിടങ്ങളിലല്ല. വിശ്വസിക്കുന്നവൻ്റെ ഹൃദയത്തിലാണ്. സമൂഹമായി ഒരുമിച്ച് കൂടി വന്ന് ആരാധിക്കുന്ന സ്ഥലമാണ് ആരാധനാലയം. (വിദ്യാഭ്യാസം നടത്തുന്ന കെട്ടിടം വിദ്യാലയം, ശുചീകരണത്തിനുള്ള കെട്ടിടം ശൗചാലയം എന്നതുപോലുള്ള അർത്ഥം മാത്രം) ആ കെട്ടിടത്തിനകത്ത് ദൈവസാന്നിധ്യം വസിക്കുകയല്ല, രണ്ടോ മൂന്നോ പേർ ക്രിസ്തുവിൻ്റെ നാമത്തിൽ കൂടിവരുന്നിടത്ത് ദൈവസാന്നിദ്ധ്യം വെളിപ്പെടുകയാണ് ചെയ്യുന്നത്.

അപ്പോൾ നമ്മുടെ സ്വന്തഭവനവും ആത്മഭവനവും ഏതാണ്….?

ദൈവം ഹൃദയത്തിൽ സന്തോഷത്തോടെ വസിക്കേണ്ടതിന് വിശുദ്ധിയിലും വേർപാടിലും ആരാധനയിലും ആത്മീയഫലം പുറപ്പെടുവിച്ച് ജീവിച്ചാൽ ദൈവഭവനം റെഡിയായിക്കഴിഞ്ഞു….

ശരീരമാകുന്ന ഭവനത്തെ  വൃത്തിയോടും ആരോഗ്യത്തോടും സൂക്ഷിച്ചാൽ ഭൗമഭവനവും ഭംഗിയായി….

സോപ്പുപയോഗിച്ച് കുളിക്കാതെ പൂ ചൂടിയും അത്തറടിച്ചും ജീവിച്ചാൽ ശരിയാവില്ലെന്നാണല്ലൊ കൊറോണ തന്ന ഒന്നാമത്തെ പാഠം….
അനാരോഗ്യ പ്രവണതകളിൽ തുടർന്നാൽ ആരോഗ്യവും ജീവനും നഷ്ടപ്പെടാമെന്ന് കൊറോണ നൽകിയ രണ്ടാം പാഠം….

പ്രിയമുള്ളവരേ,

നമ്മുടെ ആത്മീയ ജീവിതവും ഭൗതീക ജീവിതവും ദൈവകൃപയിലാശ്രയിച്ച് നന്നായി കെട്ടിപ്പടുക്കാം….!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.