ശുഭദിന സന്ദേശം : സ്വാർത്ഥ സ്നേഹം നിസ്വാർത്ഥ സ്നേഹം :ഡോ.സാബു പോൾ

“യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു”(സങ്കീ.116:1).

ഒരേ സഭയിൽ അംഗങ്ങളായ, ഒരേ ആത്മീയ നിലവാരം പുലർത്തുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ ഒരുമിച്ച് യാത്ര ചെയ്ത ബസ് അപകടത്തിൽപെട്ടു. ഒരാളുടെ കൈയൊടിഞ്ഞു. കൂട്ടുകാരൻ ഒരു പോറൽ പോലും എൽക്കാതെ രക്ഷപ്പെട്ടു!

അടുത്തയാഴ്ച അത്ഭുതകരമായി രക്ഷപ്പെട്ടവൻ സഭാ മദ്ധ്യേ സാക്ഷ്യം പറഞ്ഞു:
”ഇത്രയും വലിയ അപകടത്തിൽ രണ്ടു പേരുടെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് സാരമായ പരിക്കുകളുണ്ടായി, അസ്ഥികളൊടിഞ്ഞു…
എന്നാൽ എൻ്റെ ദൈവം ഒരു പോറൽ പോലുമേൽക്കാതെ എന്നെ സൂക്ഷിച്ചു. അവനെത്ര നല്ലവൻ…”

ഒടിഞ്ഞ കൈക്കു പ്ലാസ്റ്ററിട്ട് കൂട്ടുകാരൻ സദസ്സിലിരിപ്പുണ്ട്…
അപ്പോൾ അവന് ദൈവം നല്ലവനല്ലായിരുന്നോ..?

ഇന്നത്തെ സങ്കീർത്തന വാക്യം വായിക്കുമ്പോഴും സമാനമായൊരു സംശയമുയരാം. യഹോവ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാനവനെ സ്നേഹിക്കുന്നു.
അപ്പോൾ പ്രാർത്ഥന കേട്ടില്ലായിരുന്നെങ്കിൽ സ്നേഹിക്കയില്ലായിരുന്നോ…?

യഥാർത്ഥത്തിൽ സങ്കീർത്തകൻ ദൈവത്തെ സ്നേഹിക്കാനൊരു കാരണം കണ്ടെത്തുകയാണ്. പല സങ്കീർത്തനങ്ങളിലും ദൈവത്തെ സ്തുതിക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തി നിരത്തുകയും മറ്റുള്ളവരെ ആരാധനയ്ക്കായി ആഹ്വാനം ചെയ്യുന്നതും കാണാം.

ഒരു ദൈവഭക്തൻ ദൈവത്തെ സ്നേഹിക്കുവാനും പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും കാരണങ്ങൾ കണ്ടെത്തുമ്പോൾ അഭക്തൻ ഏതു കാരണം ചൊല്ലിയും പ്രാർത്ഥനയും ആരാധനയും ഒഴിവാക്കാൻ വഴി തിരയുകയാണ്.

116-ാം സങ്കീർത്തനം ആരെഴുതി എന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മരണത്തിൻ്റെ കയറുകളാൽ കുരുക്കപ്പെട്ട് കരഞ്ഞ, ആയുസ്സ് ദീർഘമാക്കപ്പെട്ട വ്യക്തി ഹിസ്ക്കിയാവ് ആയതിനാൽ ഒരു പക്ഷേ അദ്ദേഹം ആയിരിക്കാം എന്ന ചിന്തയുണ്ട്.

ഹിസ്ക്കിയാവാണ് രചയിതാവെങ്കിൽ ഈ പ്രാർത്ഥനയിലെ സ്നേഹം സ്വാർത്ഥമാകാൻ സാദ്ധ്യതയുണ്ട്.
”ഗൃഹകാര്യം ക്രമത്തിലാക്കുക നീ മരിച്ചു പോകും” (2 രാജാ.20:1) എന്ന യെശയ്യാവിൻ്റെ പ്രവചനം കേട്ട ഹിസ്കിയാവ് ‘അയ്യോ യഹോവേ’ എന്ന് പറഞ്ഞ് കരച്ചിലാരംഭിക്കുന്നു, ആയുസ്സ് നീട്ടിക്കിട്ടുന്നു.

എന്നാൽ…

അതേ യെശയ്യാവ് തന്നെ ‘നിന്റെ പുത്രന്മാരെ ബാബേലിലേക്ക് പിടിച്ചു കൊണ്ടുപോയി ഷണ്ഡൻമാരാക്കും, നിൻ്റെ രാജധാനിയിലുള്ളതെല്ലാം അവർ കൊണ്ടു പോകും’ എന്ന ദൂത്(20:17-18) അറിയിച്ചപ്പോൾ ‘നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്. എൻ്റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലൊ’ എന്നാണ് ഹിസ്ക്കിയാവിൻ്റെ മറുപടി.

ഏതാണ് വലിയ പ്രതിസന്ധി…?
ഒരാൾ രോഗം പിടിച്ചു മരിക്കുന്നതോ….?
അതോ, ആ വ്യക്തിയുടെ തലമുറകളും രാജ്യവും അടിമകളാക്കപ്പെടുന്നതോ..?

പ്രിയമുള്ളവരേ,
സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന സ്വാർത്ഥരാണോ നാം….?
അതോ ദൈവസ്നേഹത്താൽ എല്ലാവരെയും കാണുവാനും മറ്റുള്ളവർക്കായി കരയുവാനും കഴിയുന്നുണ്ടോ..?

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.