സൗത്ത് സോൺ സൺഡേ സ്കൂൾ സമ്മർ ക്യാമ്പിന് അനുഗ്രഹീത സമാപനം

വേറ്റിനാട് വൈ.എം.സി.എ യൂത്ത് സെന്ററിൽ സംഘടിപ്പിച്ച സൗത്ത് സോൺ സൺഡേ സ്കൂൾ സമ്മർ ക്യാമ്പ് ആത്മീയ ഉണർവും സമൃദ്ധമായ പങ്കാളിത്തവും നിറഞ്ഞ അന്തരീക്ഷത്തിൽ സമാപിച്ചു. കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

“നാവിഗേറ്റ്” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പ് കിഡ്സ് (VBS), ടീനേജർമാർ, അധ്യാപകർ എന്നിവർക്കായി മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി ക്രമീകരിച്ചായിരുന്നു. നാൽപതിലധികം അധ്യാപകരുടെ നേതൃത്വത്തിൽ ഏകദേശം 160 കുട്ടികൾ രണ്ട് ഗ്രൂപ്പുകളിലായി ക്യാമ്പിൽ പങ്കെടുത്തു.

ക്യാമ്പിന്റെ ആത്മീയ ഫലമായി 32 കുട്ടികൾ സുവിശേഷ വേലയ്ക്കായി സമർപ്പിക്കപ്പെട്ടു. 16 പേർ രക്ഷാനുഭവത്തിലേക്ക് നയിക്കപ്പെട്ടതോടൊപ്പം 10 പേർ പുതുതായി ആത്മീയ അഭിഷേകം പ്രാപിക്കുകയും 17 പേർ സ്നാനം സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

മൂന്നാം ദിവസത്തെ ക്ലാസുകൾ “കുട്ടികളുമായി ബന്ധം നിർമ്മിക്കൽ”, “മിഷൻ ചലഞ്ച്”, “കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ബൈബിള്‍ ആജ്ഞ” എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്നു.

സമാപന സമ്മേളനം സൗത്ത് സോൺ സൺഡേ സ്കൂൾ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. ക്രിസ്റ്റുദാസ് അധ്യക്ഷത വഹിച്ചു. സൗത്ത് സോൺ അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ സി. എം. വത്സലദാസ് മുഖ്യ സന്ദേശം നൽകി. സൗത്ത് സോൺ സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സ്കറിയ എബ്രഹാം, സ്റ്റേറ്റ് സൺഡേ സ്കൂൾ സെക്രട്ടറി എവ. സാലു വർഗീസ്, കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ സജി എബ്രഹാം, സ്റ്റേറ്റ് സൺഡേ സ്കൂൾ ബോർഡ് അംഗം ബ്രദർ ബിനു ചാക്കോ, സോണൽ സെക്രട്ടറി ബ്രദർ ഷിജു സൈമൺ, സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്മെന്റ് സെക്രട്ടറി ബ്രദർ ആലൻ ബാലാജി എന്നിവരുള്‍പ്പെടെ വിവിധ ആത്മീയ നേതാക്കൾ പങ്കെടുത്തു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിൽ സ്റ്റേറ്റ് സൺഡേ സ്കൂൾ സെക്രട്ടറി എവ. സാലു വർഗീസ് നിർണായക പങ്കുവഹിച്ചു. സോണൽ പ്രസിഡന്റ് പാസ്റ്റർ സ്കറിയ എബ്രഹാം, സെക്രട്ടറി ഷിജു സൈമൺ എന്നിവരുടെ നേതൃത്വത്തിൽ സോണൽ കമ്മിറ്റി അംഗങ്ങളും വിവിധ സെന്റർ പാസ്റ്റർമാരും സഭാ പ്രവർത്തകരും സജീവമായി പ്രവർത്തിച്ചു.

ക്യാമ്പ് ആത്മീയ വളർച്ചയ്ക്കും യുവജനങ്ങളിൽ ദൈവവിശ്വാസം ശക്തിപ്പെടുത്തുന്നതിനും സഹായകമായ ഒരു ശ്രദ്ധേയമായ ശ്രമമായി വിലയിരുത്തപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.