ശുഭദിന സന്ദേശം : പ്രതിദാനവും പ്രതിഫലവും (2) |ഡോ.സാബു പോൾ

”നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു”(രൂത്ത് 2:12).

post watermark60x60

ഇന്നലത്തെ ചിന്ത തുടരുന്നു…..

രണ്ട് കാര്യങ്ങളാണ് ബോവസിൻ്റെ അനുഗ്രഹത്തിലുള്ളത്.
1️⃣ നിൻ്റെ പ്രവൃത്തിക്ക് യഹോവ പകരം നൽകും.
2️⃣ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചു വന്നതിനാൽ പൂർണ്ണ പ്രതിഫലം തരും.

Download Our Android App | iOS App

എന്തായിരുന്നു രൂത്തിൻ്റെ പ്രവൃത്തി…?
▪️ഭർത്താവ് മരിച്ച ശേഷം അമ്മാവിയമ്മയ്ക്കു നന്മ ചെയ്തു.
▪️മാതാപിതാക്കളെയും സ്വദേശത്തെയും വിട്ടു.
▪️അറിയാത്ത ജനത്തിൻ്റെ അടുക്കൽ വന്നു.

പ്രതിദാനം

സലാം (Salam) എന്ന എബ്രായ പദമാണിതിനുപയോഗിച്ചിരിക്കുന്നത്. നഷ്ടം അല്ലെങ്കിൽ ക്ഷതം സംഭവിച്ചതിന് പകരം നൽകുക(Recompense) എന്നാണർത്ഥം.

ഫിലേമോന് നഷ്ടങ്ങൾ വരുത്തിവെച്ച ഒനേസി മോസിനു പകരം, ‘ഞാൻ തന്നു തീർക്കാം'(വാ.19) എന്ന് പൗലോസ് പറയുമ്പോൾ ഉപയോഗിക്കുന്ന apotino എന്ന ഗ്രീക്കുപദമാണ് ബോവസും ഉപയോഗിച്ചതെന്ന് പഴയ നിയമത്തിൻ്റെ ഗ്രീക്കു ഭാഷാന്തരമായ സപ്തതി തെളിയിക്കുന്നു.

പ്രതിഫലം

മസ്ക്കൊരെത്ത് (Maskoreth) എന്ന എബ്രായപദമാണ് പ്രതിഫലം എന്നതിനുപയോഗിച്ചിരിക്കുന്നത്. പഴയ നിയമത്തിൽ മറ്റു മൂന്നു സ്ഥലങ്ങളിൽ മാത്രമേ ഈ വാക്ക് ഉള്ളൂ(ഉൽ.29:15; 31:7,41). അതെല്ലാം യാക്കോബിനോടുള്ള ബന്ധത്തിലാണ് താനും. വേതനം നൽകാൻ വേണ്ടി ഒരാളെ സേവനത്തിനായി നിയോഗിക്കുക എന്ന അർത്ഥമാണിതിനുള്ളത്.

ബൈബിളിൻ്റെ അവസാന അദ്ധ്യായത്തിൽ ‘ഓരോരുത്തനു അവനവൻ്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്'(വെളി.22:12) എന്ന വാക്കുകളോടെയാണ് ഉപസംഹരിക്കുന്നത്.

രൂത്തിൻ്റെ പ്രവൃത്തികളിൽ ഒന്ന് മനുഷ്യനോടുള്ള ബന്ധത്തിലും മറ്റൊന്ന് ദൈവത്തോടുള്ള ബന്ധത്തിലുമാണ്. മനുഷ്യനോടുള്ള ബന്ധത്തിൽ(അമ്മാവിയമ്മയോട്) ചെയ്തതിന് പകരം നൽകുമെന്നാണ് ബോവസിൻ്റെ ഒന്നാമത്തെ അനുഗ്രഹം.

തുണയും പണവും എല്ലാം നഷ്ടപ്പെട്ടതിന് ദൈവം അവൾക്കു പകരം നൽകി. കാലാ പെറുക്കാൻ പോയവൾ ധനാഢ്യയായി മാറി. ‘ചെറിയവരിൽ ഒരുത്തനു ചെയ്യുന്നത്’ സ്വർഗ്ഗസ്ഥനായ ദൈവം ശ്രദ്ധിക്കുന്നുവെന്നും അതിന് പ്രതിഫലം നൽകുന്നുവെന്നും ക്രിസ്തുവും ഓർമ്മിപ്പിക്കുന്നുണ്ട്.

ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കേണ്ടതിന് മൊവാബിനെയും തൻ്റെ ബന്ധങ്ങളെയും ത്യജിച്ച രൂത്തിന് പൂർണ്ണ പ്രതിഫലം ദൈവം നൽകുമെന്നാണ് ബോവസ് അനുഗ്രഹിക്കുന്നത്.

‘നീ എന്തുകൊണ്ടാണ് എന്നോട് കരുണ കാണിക്കുന്നത്’ എന്ന രൂത്തിൻ്റെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ, നീ ചെയ്ത കാര്യങ്ങൾക്ക് ഒരു ചെറിയ പ്രതിഫലം മാത്രമാണ് താൻ നൽകുന്നതെന്നും എന്നാൽ യഹോവ നൽകുന്നത് പൂർണ്ണമായ പ്രതിഫലമായിരിക്കും എന്നുമാണ് ബോവസിൻ്റെ മറുപടി.

ദൈവസന്നിധിയിൽ അടുത്തു വരാൻ യാതൊരു യോഗ്യതയുമില്ലാത്തവളെ വിശേഷജനത്തിൻ്റെ ഭാഗമാക്കി തീർക്കുക മാത്രമല്ല, ദാവീദ് സന്തതിയായ മശിഹായുടെ വംശാവലിയിൽ ഉൾപ്പെടുത്തുക കൂടി ചെയ്തുവെന്നതാണ് പൂർണ്ണ പ്രതിഫലം.

പ്രിയമുള്ളവരേ,

നഷ്ടങ്ങൾ അനുവദിച്ചവൻ പകരം നൽകും. അവനിൽ തന്നെ ആശ്രയിക്കുന്നവന് പൂർണ്ണ പ്രതിഫലം നൽകാൻ അവൻ വിശ്വസ്തനുമാണ്.

അതുകൊണ്ട് കഷ്ടനഷ്ടങ്ങളാകുന്ന റാഞ്ചൻ പക്ഷികൾ ദൈവസന്നിധിയിൽ നിന്ന് നമ്മെ അകറ്റാൻ അനുവദിക്കാതെ വിരിക്കപ്പെട്ട ചിറകിൻ നിഴലിലേക്ക് ഓടിയടുത്തു ചെല്ലാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like