ലേഖനം: തകർച്ചയിൽ താങ്ങുന്ന താതന്റെ കരം | ജിസ്ന സിബി, കുവൈറ്റ്‌

ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവീക വാഗ്ദത്തങ്ങൾ അതിന്റേതായ പൂർണ്ണ
മാഹാത്മ്യത്തോടെ പ്രാപിക്കുവാൻ ദൈവത്തിന്റെ സമയത്തിനായ് പ്രാർത്ഥനയോടെ
കാത്തിരിക്കണം, ഉല്പത്തി പുസ്തകം 37ആം അധ്യായം വായിക്കുമ്പോൾ,ദൈവത്താൽ
ദർശനം ലഭിച്ച ജോസഫിന് ആ ദൈവീക വാഗ്ദത്തം ജീവിതത്തിൽ വെളിപ്പെടുവാൻ
ദീർഘ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ജോസഫ് ദൈവസന്നിധിയിലും മനുഷ്യരുടെ
മുൻപാകെയും വിശ്വസ്തതയും നീതിയും ഉള്ളവനായിരുന്നു. ഒരു ജാതീയനായ പോത്തിഫർ
ജോസെഫിന്റെ ജീവിതം കണ്ടിട്ടു തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏൽപ്പിച്ചു
ജോസഫിനോട് കൂടെയുള്ള ദൈവസാന്നിധ്യവും, യഹോവയുടെ അനുഗ്രഹവും പോത്തിഫറിന്
പോലും വ്യക്തമായി മനസ്സിലാക്കുവാൻ സാധിച്ചു. ലോകത്തിന്റെ എല്ലാ സാഹചര്യങ്ങളും
അനുകൂലമായിരുന്നിട്ടും പോത്തിഫർ തന്റെ ഗൃഹം മുഴുവൻ അവനെ ഏൽപ്പിച്ചിട്ടും ദൈവകൃപ
അവനിൽ നിന്നും ചോർന്നു പോകുവാൻ ഇടയായില്ല. പാപത്തെ വെറുത്തു വിശുദ്ധിക്ക്
വേണ്ടി നിലകൊണ്ടു. അതിന്റെ പേരിൽ അവനു കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്നു.
അവിടെയും, താൻ ലോകപ്രകാരം ഉപകാരം ചെയ്ത പാനപാത്രവാഹകരുടെ പ്രമാണിയും
ജോസഫിനെ മറന്നു.

എന്നാൽ വിശ്വസ്തനായ ദൈവം തക്കസമയത്തു ആരുടെയും
അന്തരംഗങ്ങളിൽ നിരൂപിക്കപ്പെടാത്ത ഒരു വലിയ പദ്ധതി അവനു വേണ്ടി ഒരുക്കിക്കൊടുത്തു.
ഫറവോന്റെ സ്വപ്നം ആർക്കും വ്യാഖ്യാനിക്കാൻ കഴിയാതെ വന്നപ്പോൾ ജോസഫിനു വേണ്ടി
ദൈവം ഒരു വഴി തുറക്കുകയായിരുന്നു. ഒരു രണ്ടാം വരവ്, രാജകീയ സ്ഥാനത്തേക്കുള്ള
പ്രവേശനത്തിന്റെ തുടക്കം. ഏതെല്ലാം വഴി നമുക്കു മുൻപിൽ അടഞ്ഞാലും ദൈവീക പദ്ധതി
പൂർണ്ണതയിൽ എത്തിക്കാൻ വേണ്ടി ദൈവം ഒരുക്കുന്ന ചില ദുർഘട സാഹചര്യങ്ങളെ കണ്ടു നാം
നിരാശപ്പെട്ടു പോകരുത്. കഷ്ടതകൾ, നിന്ദകൾ, പരിഹാസങ്ങൾ, ഒറ്റപ്പെടലുകൾ, മാനസീക
സംഘർഷങ്ങൾ, ഉപദ്രവങ്ങൾ, ഞെരുക്കങ്ങൾ പ്രതിസന്ധികൾ എല്ലാം ജീവിതത്തിന്റെ മധ്യത്തിൽ
കടന്നു വരുമ്പോൾ ഭാരപ്പെടരുത്, തളർന്നു പോകുവാൻ ദൈവം ഒരുനാളും അനുവദിക്കുകയില്ല.
അവന്‍ മനം തകര്‍ന്നവരെ സൗഖ്യമാക്കുകയും നമ്മുടെ മുറിവുകളെ കെട്ടുകയും ചെയുന്ന ദൈവമാണ്.
നമ്മുടെ സ്വർഗീയ രാജാവ് സർവ്വശക്തനാണ്; നക്ഷത്രങ്ങളുടെ എണ്ണം നോക്കി
അവയെ എല്ലാം പേര്‍ ചൊല്ലി വിളിക്കുന്ന ദൈവമാണ്.
ദൈവത്താല്‍ കഴിയാത്താ വല്ല കാര്യമുണ്ടോ..? യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ദൈവ പൈതലിനു പ്രതികൂലമുണ്ട്, ജീവിതത്തിൽ ഇതിനെയെല്ലാം വിജയകരമായി തരണം ചെയ്യണമെങ്കിൽ
ദൈവത്തോട് പറ്റിചേർന്നിരുന്നു പ്രാർത്ഥനയും ഉപവാസവും വർദ്ധിപ്പിക്കണം. പാഴ്മലകളിൽ
നദികളെയും, താഴ്‌വരകളുടെ നടുവിൽ ഉറവുകളെയും, മരുഭൂമിയ നീർപൊയ്കയും
വരണ്ടനിലത്തെ നീരുറവയും ആക്കുന്ന ഒരു സർവ്വശക്തനെയാണ് നാം സേവിക്കുന്നത് എന്ന
ഉറച്ച ബോധ്യം എപ്പോഴും നമ്മളിൽ ഉണ്ടാകണം.ദൈവ സന്നിധിൽ വിശ്വസ്തതയോടെ
നിന്നു, കർത്താവിൽ പൂർണമായി ആശ്രയിച്ചു അവന്റെ മുഖത്തേക്ക് മാത്രം നാം നോക്കുന്നു
എങ്കിൽ ദൈവം നമ്മെ ഒരുനാളും ലജ്ജിപ്പിക്കയില്ല. യഹോവയുടെ വീര്യപ്രവർത്തികൾ നിമിത്തം
അവനെ സ്തുതിപ്പാൻ, അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം പൂർണഹൃദയത്തോടെ അവനു
മഹത്വം കരേറ്റുവാൻ നാം എപ്പോഴും തയാറാകണം. സകല പ്രാർത്ഥനായാലും യാചനയാലും ഏതു
നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിനായി ജാഗരിച്ചും കൊണ്ട് പ്രാർത്ഥനയിൽ സ്ഥിരത
കാണിപ്പാൻ നമ്മൾ ഒരുക്കമുള്ളവരാകേണം.

നാം ദൈവസന്നിധിയിൽ കരയുമ്പോൾ ശത്രുവിന്‍റെ
ഗൂഢ തന്ത്രങ്ങൾ എല്ലാം പരാജയപ്പെടും. ഏഴ് പത്തു ഏറെ ആയാൽ എൺപതു മാത്രമുള്ള ഈ
ക്ഷണികമായ ജീവിതത്തിലെ ക്ലേശങ്ങളെ നോക്കി നമ്മുടെ ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ
നിന്ന് പിന്മാറുവാൻ ഒരിക്കലും ഇടയാകരുത്.’ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ
വേർപിരിക്കുന്നതു എന്ത്’ എന്നു നാം ഈ നാളുകളിൽ ശോധന ചെയ്ത് അറിയണം. അപ്പോസ്തലനായ
പൗലോസ് പറഞ്ഞത് പോലെ കഷ്ടതയോ, പട്ടിണിയോ, സങ്കടമോ, ഉപദ്രവമോ,
മരണത്തിനോ, ജീവനോ, ദൂതന്മാർക്കോ വാഴ്ചകൾക്കോ, അധികാരങ്ങൾക്കോ
ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു
സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവ സ്നേഹത്തിൽ നിന്നും നമ്മെ
വേർപിരിപ്പാൻ കഴിയില്ല എന്നു നാം ഉറച്ചിരിക്കണം. ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികൾ
ആകേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ടാസിറ്റസ് എന്ന ഗ്രന്ഥകാരൻ എഴുതിയ പുസ്തകത്തിൽ
നിന്നുള്ള വസ്തുതകൾ ഞാൻ ഇവിടെ ഓർമിപ്പിക്കട്ടെ, പീഡിത സഭയുടെ ചരിത്ര പാടുകൾ
ശേഷിപ്പിച്ച റോമിലെ കൊളോസിയത്തിനുള്ളിൽ വെച്ചു ക്രിസ്ത്യാനികൾ വന്യമൃഗങ്ങളുമായി
മൽപ്പിടുത്തം നടത്തി രക്തസാക്ഷികളാകേണ്ടിയിരുന്നു. നീറോ ചക്രവർത്തിയുടെ കാലഘട്ടത്തിൽ
ക്രിസ്ത്യാനികളെ വന്യമൃഗങ്ങളുടെ തോലുടുപ്പിച്ചു നായാട്ടുനായ്ക്കൾ കടിച്ചുകീറുന്നതിനായി
എറിഞ്ഞു കൊടുത്തു. പലരെയും ക്രൂശിൽ തറച്ചു കൊന്നു. നീറോയുടെ ഉദ്യാനത്തിൽ പലരും
കത്തി നിൽക്കുന്ന തീപന്തങ്ങൾ ആയി മാറി. നീറോ രഥത്തിൽ സഞ്ചരിച്ചു ആ കാഴ്ച കണ്ടു
രസിക്കുമായിരുന്നു. ജീവനോടെ ക്രിസ്ത്യാനികളുടെ ശരീരഭാഗങ്ങൾ മുറിച്ചു മാറ്റുന്നത് അധികാരികൾക്ക് ഹരമായിരുന്നു. പ്രിയ ദൈവമക്കളെ, നമ്മുടെ ഈ നാളുകളിൽ നമ്മുടെ
അരുമനാഥനായ കർത്താവിനെ പൂർണ്ണമനസ്സോടെ സേവിപ്പാനുള്ള ആരാധന സ്വാതന്ത്ര്യം
നമുക്കുണ്ട്. കോവിഡ്-19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയുടെ സംഭവബഹുലമായ
ഈ കാലഘട്ടത്തിൽ ഭവനങ്ങളിൽ നാം ആയിരിക്കുന്നല്ലോ, ജീവിതഭാരച്ചുമടുകളെ കർത്താവിന്റെ
കരത്തിൽ ഭരമേല്പിച്ചു ദൈവസന്നിധിയിൽ പൂർണ പ്രാഗത്ഭ്യത്തോടെ അടുത്തു വരുവാൻ,അവിടുത്തെ വിളിയും തിരഞ്ഞെടുപ്പും അധികം ഉറപ്പാക്കി ദൈവ സ്നേഹത്തിന്റെ ആഴവും ഉയരവും
മനസിലാക്കി, തങ്ങളെത്തന്നെ താഴ്ത്തി നാൾക്കുനാൾ പുതുക്കം പ്രാപിച്ചു. ക്രിസ്തുവെന്ന
തലയോളം സകലത്തിലും വളരുവാൻ, ഹൃദയങ്ങളെ തന്നെ കീറി നമ്മെ തന്നെ ഒരുക്കുവാൻ നാം
കൂടുതലായി തയാറാകുമോ…? വിശ്വാസ ജീവിത പോർക്കളത്തിൽ ധീരതയോടെ പോരാടി ഓട്ടം
തികയ്ക്കാൻ, നാം ക്രിസ്തുവിനോടുള്ള തീക്ഷണതയിൽ ഉത്സാഹികൾ ആകുവാൻ ദൈവം നമ്മെ
പിന്നെയും പ്രാപ്തരാക്കട്ടെ…

‘ഈ ലോകത്തിൽ കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നു അരുളി ചെയ്ത ജയാളിയായ നമ്മുടെ കർത്താവ്, നമ്മെ
ജീവപര്യന്തം വഴി നടത്തും, ധൈര്യപ്പെടുവിൻ ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പിൻ, വിളക്കിൽ എണ്ണ
നിറച്ചു മണവാളന് വേണ്ടി കാത്തിരുന്ന കന്യകമാരെ പോലെ നാളും നാഴികയും അറിയായ്കയാൽ
ഉണർന്നിരിപ്പാൻ ദൈവം നമ്മെ സഹായിക്കട്ടെ. കർത്താവിന്റെ ഗംഭീരനാദത്തിനായ് ആ
കാഹളശബ്ദത്തിൽ എടുക്കപ്പെടുവാൻ വാഞ്ചയോടെ കാത്തിരിക്കുന്ന വിശുദ്ധ മണവാട്ടിയായി നമുക്ക് ഒരുങ്ങാം. അപ്പോസ്തോലനായ പൗലോസിനെ പോലെ സകലത്തെയും ചപ്പെന്ന്
എണ്ണുവാൻ, ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിച്ചു കൊണ്ട് ആ സ്വർഗീയ പൗരത്വം
നമുക്കും കരസ്ഥമാകാം…

ഇതാ ഞാൻ വേഗം വരുന്നു എന്ന് അരുളി ചെയ്ത യേശുവേ ,അങ്ങയുടെ
വരവിനായി വിശുദ്ധിയോടെ പ്രത്യാശയോടെ കാത്തിരിപ്പാനുള്ള കൃപ അടിയങ്ങൾക്കു
നൽകേണമേ…. ആ ശുഭ തുറമുഖത്തു എത്തുവാനുള്ള അതിയായ വാഞ്ചയോടെ സകല മാനവും
മഹത്വവും ധന്യനായ ഏകാധിപതിയായ യേശു ക്രിസ്തുവിനു മാത്രം അർപ്പിക്കുന്നു…. ആമേൻ.

– ജിസ്ന സിബി, കുവൈറ്റ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.