ശുഭദിന സന്ദേശം: നഷ്ടരായവരും ഭ്രഷ്ടരായവരും | ഡോ.സാബു പോൾ

”അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.”( യെശ.27:13).

post watermark60x60

യെശയ്യാവിൻ്റെ പ്രവചന ദൃഷ്ടിയിൽ സമകാലീന സംഭവങ്ങളും, അതിൻ്റെ പരിഹാരകനായ മശിഹയുടെ ഉദയവും, അവൻ്റെ കഷ്ടാനുഭവങ്ങളുടെ വിവരണവും, ആത്യന്തിക പരിഹാരത്തിനായുള്ള മടങ്ങിവരവും പ്രതിഫലിക്കുന്നുണ്ട്.

യഹൂദൻ്റെ പാരമ്പര്യത്തിൻ്റെ ചരിത്രരേഖയായ തൽമൂദിൽ വരുവാനുള്ള ലോകത്തിൽ മശിഹയാൽ സംഭവിക്കുന്ന പത്തു ഗോത്രങ്ങളുടെ മടങ്ങിവരവാണ് ഇന്നത്തെ വേദഭാഗം പ്രഘോഷിക്കുന്നതെന്ന് അവർ വിശ്വസിച്ചിരുന്നു….

Download Our Android App | iOS App

എന്നാൽ ക്രിസ്തു വിശ്വാസികൾ
ഇതു സുവിശേഷത്തിൻ്റെ വിളംബരത്തെക്കുറിച്ചുള്ള സവിശേഷ ദൂതാണെന്ന് ഉറച്ചു വിശ്വസിച്ചു.

വെള്ളി കൊണ്ടു അടിച്ചു പണിത രണ്ടു കാഹളങ്ങൾ യിസ്രായേൽ സഭയെ കൂട്ടി വരുത്താനും പുറപ്പെടുവിക്കാനുമായി ഉണ്ടായിരുന്നു(സംഖ്യ.10:1,2). കൂടാതെ യോവേൽ സംവത്സരത്തിൻ്റെ സ്വാതന്ത്ര്യം വിളംബരം ചെയ്യുവാൻ മഹാധ്വനി കാഹളം മുഴക്കുമായിരുന്നു(ലേവ്യ.25: 9).

വീണ്ടും അന്ത്യകാല സംഭവങ്ങളുടെ മറനീക്കുമ്പോഴും കാഹളങ്ങൾ പുന:പ്രവേശം ചെയ്യുന്നുണ്ട്(മത്താ. 24:31, 1 കൊരി.15:52, 1 തെസ്സ.4:16).

സകല മനുഷ്യരും ഭ്രഷ്ടരായവരും നഷ്ടരായവരുമാണ്. പക്ഷേ, ആ അറിവ് അവർക്കില്ല. സുവിശേഷത്തിൻ്റെ കാഹളമാണ് തങ്ങളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ചുള്ള അവബോധം അവർക്കു നൽകുന്നത്…

അശൂരും ഈജിപ്തും യിസ്രായേലിൻ്റെ പ്രധാന പ്രവാസ കേന്ദ്രങ്ങളായിരുന്നു…

സഭയെ സീയോൻ മലയോടും യെരുശലേമിനോടും സാദൃശ്യപ്പെടുത്തി സംസാരിച്ചിട്ടുണ്ട്(എബ്രാ.12:22). ഇതെല്ലാം ചേർത്തു ചിന്തിക്കുമ്പോൾ മശിഹയുടെ മഹാ സുവിശേഷത്തിൻ്റെ മഹൽ ശക്തിയാൽ മടക്കി വരുത്തപ്പെടുന്ന മാനവകുലത്തെയാണ് യെശയ്യാവ് പ്രവചനാത്മാവിൽ ദർശിക്കുന്നത്…

സുവിശേഷം മഹാ കാഹളമാണ്. കാരണം അത് മഹത്തായ രക്ഷയെ വിളംബരം ചെയ്യുന്നു(എബ്രാ.2:4). അതിൽ മഹത്തായ സത്യങ്ങളും മഹത്തായ വാഗ്ദത്തങ്ങളുമുണ്ട്.

പ്രിയമുള്ളവരേ,
നമ്മെ ഭ്രഷ്ടരാക്കാൻ ആർക്കും കഴിയില്ല. നാം നഷ്ടരായവരുമല്ല…..

ക്രിസ്തു നമുക്കായി ജീവൻ നൽകിയത് നമ്മെ മടക്കി വരുത്താനാണ്…
വീണ്ടെടുക്കാനാണ്…

പ്രതിസന്ധികളുടെ പാരമ്യത്തിൽ നിന്ന യിസ്രായേലിനോട് യെശയ്യാവ് ദൂതു പറഞ്ഞതുപോലെ നമ്മുടെ പ്രതിസന്ധികൾക്കു പരിഹാരം വരുത്താൻ മഹാധ്വനി കാഹളം മുഴങ്ങും….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like