ശുഭദിന സന്ദേശം: ആദ്യ സ്നേഹം ആദ്യ വിശ്വാസം | ഡോ.സാബു പോൾ

”എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു”( വെളി. 2:4).

എഫെസോസ് സഭയുടെ പ്രവൃത്തിയും പ്രയത്നവും പ്രശസ്തമായിരുന്നു. വിവേചിക്കാനുള്ള വിവേകമുണ്ടായിരുന്നു.. സഹിഷ്ണുതയുണ്ടായിരുന്നു… സ്ഥിരോത്സാഹമുണ്ടായിരുന്നു….

മലിന സംസർഗ്ഗത്തിൽ നിന്ന് മാറി നിൽക്കാനുള്ള മനക്കരുത്തുണ്ടായിരുന്നു….

എങ്കിലും…..
ആദ്യ സ്നേഹം കുറഞ്ഞു പോയി എന്നൊരു ‘ചെറിയ’ തെറ്റ്. പക്ഷേ, ശിക്ഷ വലിയതാണ്. നിലയിൽ നിന്നും നിലവിളക്ക് മാറ്റും. അർത്ഥാൽ, സഭയെ ഇല്ലാതാക്കും..!

ആദ്യ സ്നേഹം കുറയുന്നത് അത്ര ഗൗരവതരമായ കുറ്റമാണോ….?

ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധത്തോടാണല്ലോ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഉദാഹരണവും അതിൽ നിന്നെടുക്കാം.

വിവാഹം കഴിഞ്ഞയുടനെയുള്ള ദമ്പതികളുടെ പരസ്പര സ്നേഹം പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ബസിൽ യാത്ര ചെയ്യുമ്പോൾ അവർ മാത്രമേ ആ വാഹനത്തിലുള്ളൂ എന്ന പോലെയാണ് അവരുടെ പെരുമാറ്റം. പക്ഷേ, കുറച്ചു നാളുകൾ പിന്നിടുമ്പോൾ അത് മാറുന്നു. സ്നേഹം കുറഞ്ഞതാണോ അതിന് കാരണം?

ഒരിക്കലുമല്ല! യഥാർത്ഥത്തിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ അവർ തമ്മിലുള്ള സ്നേഹം വർദ്ധിച്ചിട്ടേയുള്ളൂ. ആരംഭകാലത്തേത് വികാരാധിഷ്ഠിതമായ സ്നേഹപ്രകടനങ്ങളായിരുന്നു…..

ഇത് മനസ്സിലായാൽ മാത്രമേ ആദ്യ സ്നേഹം നഷ്ടമാകുന്നതിന്റെ ഗൗരവം ബോധ്യപ്പെടുകയുള്ളൂ.

ദമ്പതികൾ തമ്മിലുള്ള സ്നേഹത്തിന് കുറവ് വരുന്നത് മറ്റാരെങ്കിലും ഇടയിൽ പ്രവേശിക്കുമ്പോഴാണ്. അതില്ലാത്തിടത്തോളം ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പരസ്പരം മനസ്സിലാക്കാനും, വിട്ടുവീഴ്ച ചെയ്യാനും, സ്നേഹം വർദ്ധിക്കുവാനുമൊക്കെയാണ് സഹായകമാകുന്നത്.

ഭാര്യയ്ക്ക് ഒരു സ്നേഹബന്ധമുണ്ടായിരുന്നുവെന്നിരിക്കട്ടെ. വിവാഹശേഷം വീണ്ടും ആ വ്യക്തി ഫോണിൽ വിളിക്കാൻ തുടങ്ങിയാൽ…..
ഭർത്താവറിയാതെ രഹസ്യമായി അവൾ ആ കോളുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങിയാൽ…..
അയാൾ പറയുന്നത് കേൾക്കാൻ തുടങ്ങിയാൽ…..
കുടുംബ ബന്ധം ഉലയാൻ തുടങ്ങും. അവസാനം തകരും….!

ആത്മ മണവാളനായ ക്രിസ്തുവുമായി വിവാഹ നിശ്ചയം ചെയ്യപ്പെടുന്നതിനു മുമ്പ് നമുക്ക് ഒരു സ്നേഹ ബന്ധമുണ്ടായിരുന്നു. വളരെ മനോഹരമായി നമ്മെ വശീകരിച്ച് പാപത്തിന്റെ ബന്ധനത്തിൽ പൂട്ടിയിട്ട പിശാചുമായി..

ഇന്നും അവൻ ഉപായത്താൽ ചതിച്ച്, വശീകരിച്ച്, മണവാളനോടുള്ള ഏകാഗ്രതയിൽ നിന്നും നിർമ്മലതയിൽ നിന്നും തെറ്റിച്ചു കളയാൻ ശ്രമിക്കുന്നു…..
അതിനായി അധാർമ്മികത, ദ്രവ്യാഗ്രഹം, സ്ഥാനമോഹം, അഹങ്കാരം, പക, ഭിന്നത തുടങ്ങിയ പല ‘ഫോൺ കോളുകൾ’ നടത്തുന്നു.

നാം സഭയുടെ ഭാഗമായിട്ടും നമ്മുടെ നമ്പർ അവൻ ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, പല നമ്പരുകളിൽ നിന്ന് മാറി മാറി വിളിച്ചുകൊണ്ടിരിക്കുന്നു.

(ഭർത്താവിന്റെ സ്വഭാവത്തിൽ വൈകല്യമുണ്ടായാലും സ്നേഹം കുറയില്ലേ എന്ന ന്യായമായ സംശയം ഉയരുന്നുണ്ടാകാം. പക്ഷേ, ഇവിടത്തെ മണവാളൻ ഒരു കുറവും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയാത്ത തികവുറ്റ വ്യക്തിപ്രഭാവമാണ്. നമുക്കായി ജീവൻ നൽകിയ ക്രിസ്തുവാണ്.)

അങ്ങനെയെങ്കിൽ……
ആദ്യ സ്നേഹം കുറയുന്നതിന്റെ കാരണം മൂന്നാമതൊരാൾ പ്രവേശിച്ചതാണ്. അത് പവിത്രമായ ബന്ധത്തിന് തടസ്സമാണ്. അത് തുടർന്നാൽ മണവാളനും സഭയുമായുള്ള ബന്ധം തകർന്നേക്കാം……!

ഇന്ന് കാണുന്ന പലതും സ്നേഹ പ്രകടനങ്ങളാണ്. മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുന്ന ‘ഉണർവ്വ’ല്ല യഥാർത്ഥ സ്നേഹം. ഹൃദയം അറിയുന്നവന്റെ മുമ്പിൽ പ്രകടനങ്ങൾ കൊണ്ട് പിടിച്ചു നിൽക്കാനാവില്ല…….

പ്രിയ ദൈവ പൈതലേ,
ആദ്യ സ്നേഹം കുറഞ്ഞു പോയെങ്കിൽ, ആദ്യവിശ്വാസം കൈമോശം വന്നെങ്കിൽ അതിനെ ചെറുതായി കാണാതെ എത്രയും പെട്ടെന്ന് പരിഹരിക്കാം. പിശാചിന്റെ തന്ത്രങ്ങൾ തകരട്ടെ!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.