ശുഭദിന സന്ദേശം : അപ്പം നുറുക്കണം എപ്പം നുറുക്കണം? | ഡോ.സാബു പോൾ

”ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ”(അ. പ്രവൃ. 20:7).

കർതൃമേശ സംബന്ധിച്ച ചില വിവാദങ്ങളാണ് ഇന്നലെ നമ്മൾ ചർച്ച ചെയ്ത് വന്നത്. പ്രമുഖനായ ഒരു പെന്തെക്കൊസ്ത് പ്രഭാഷകൻ തെറ്റിദ്ധാരണയ്ക്കിട നൽകുന്ന രീതിയിൽ സംസാരിച്ചതുകൊണ്ടുകൂടിയാണ് സാധാരണക്കാർക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ ശുഭദിന സന്ദേശം ഈ വിഷയത്തെ അപഗ്രഥിക്കാൻ തീരുമാനിച്ചത്.

എന്നാൽ താൻ ആ നിലയിലല്ല ഉദ്ദേശിച്ചതെന്നും കേട്ടവർ തെറ്റിദ്ധരിക്കപ്പെട്ടു പോയതാണെന്നും, ലോക്ക് ഡൗൺ കഴിയുമ്പോൾ മുഴുസഭ യും ഒരുമിച്ച് വരാതെ ചുരുക്കം പേർ വന്നാലും കർതൃമേശ നടത്തും എന്നാണ് താൻ അർത്ഥമാക്കിയതെന്നും പ്രസംഗകൻ ഇന്നലെ വ്യക്തമാക്കി. അതുകൊണ്ട് ആ വിഷയം ഇനി പരാമർശവിധേയമാക്കേണ്ടതില്ലെന്ന് ചിന്തിക്കുന്നു.

കർതൃമേശ സംബന്ധിച്ച് ഉടലെടുത്തിട്ടുള്ള വ്യത്യസ്ത പഠിപ്പിക്കലുകൾ താഴെപ്പറയുന്നവയാണ്.
1️⃣ ‘കർത്താവിൻ്റെ അത്താഴം’ എന്ന് പറയുന്നതിനാൽ രാത്രിയിൽ നടത്തണം.
2️⃣ വീടുകളിൽ ഗൃഹനാഥൻ്റെ നേതൃത്വത്തിൽ അപ്പം നുറുക്കാം.
3️⃣ പുളിപ്പില്ലാത്ത അപ്പമേ ഉപയോഗിക്കാവൂ.
4️⃣കർതൃമേശയിൽ പങ്കെടുക്കാൻ സ്നാനപ്പെടണമെന്നില്ല.

ബ്ര. സജിത്ത് ആണ് ആർക്കും പങ്കെടുക്കാം എന്ന വാദം കേരളക്കരയിൽ കൊണ്ടുവന്നത്. അദ്ദേഹം അവകാശപ്പെട്ടതു പോലെ ഒരു സുപ്രഭാതത്തിൽ കിട്ടിയ വെളിപ്പാടല്ല, സിംഗപ്പൂരുകാരനായ ജോസഫ് പ്രിൻസിൻ്റെ എല്ലാ വിവരക്കേടുകളുമാണ് സജിത്ത് പഠിപ്പിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്.

‘കൃപയുടെ സുവിശേഷം’ പ്രസംഗിച്ച ജോസഫ് പ്രിൻസ് രോഗസൗഖ്യം കിട്ടാനായി കർതൃമേശ കഴിക്കാൻ ആളുകളെ ഉപദേശിച്ചു. വചനത്തെളിവുകളല്ല, തനിക്ക് കിട്ടിയ വെളിപ്പാടുകൾ എന്ന് പറഞ്ഞും, അനേകർക്ക് സൗഖ്യം കിട്ടി എന്ന അവകാശവാദങ്ങൾ നിരത്തിയുമാണ് ജോസഫ് പ്രിൻസ് ഇത്തരം നൂതന ഉപദേശങ്ങൾ പ്രചരിപ്പിച്ചത്.

എന്നാൽ സജിത്ത് അത്തരം വെളിപ്പാടുകൾ അവകാശപ്പെട്ടതിനൊപ്പം വചനത്തിൽ നിന്ന് ചില ഭാഗങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്ന നിലയിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കുകയാണ് ചെയ്തത്.

എക്കാലത്തും പിശാചിൻ്റെ പദ്ധതിയിതാണ്. ദുരുപദേശകർ പിന്തുടരുന്നതും ഇത്തരം കുതന്ത്രങ്ങളാണ്. തങ്ങൾ പഠിപ്പിക്കുന്നതിന് തിരുവചനത്തിൽ തെളിവില്ലെങ്കിൽ യഥാർത്ഥ പഠിപ്പിക്കലുകളെ സംശയിക്കുന്ന നിലയിൽ വചനത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന എന്തെങ്കിലും കണ്ടെത്തുക. തങ്ങളുടെ ദുരുപദേശം അംഗീകരിച്ചിലെങ്കിലും വചനത്തെ ദൈവമക്കൾ അവിശ്വസിച്ചാൽ അവർ ലക്ഷ്യം നേടിക്കഴിഞ്ഞു.

ബൃഹത്തായ ഒരു വിഷയം ഈ ലഘു സന്ദേശത്തിൽ പൂർത്തീകരിക്കാൻ കഴിയില്ല എന്നതിനാൽ ഈ ചിന്ത ഇവിടെ ഉപസംഹരിക്കാം. എന്നാൽ സംശയ നിവാരണത്തിനാഗ്രഹിക്കുന്നവർ അറിയിച്ചാൽ വിശദമായ പഠനം ഒരു ലേഖനമായി പ്രസിദ്ധീകരിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.