സമകാലികം: സഭായോഗങ്ങളെയും, ആത്മീയ സംഗമങ്ങളെയും എല്ലാം ദൈവം മടുത്തോ ? | പാ. ബൈജു സാം നിലമ്പൂർ

സഭാ യോഗങ്ങൾ ദൈവ വചന പ്രകാരം വളരെ വിലപ്പെട്ടതും ദൈവ മക്കളുടെ കൂട്ടായ്മബന്ധം പരസ്പരം നിലനിർത്തുന്നതുമാണ്. പ്രാദേശിക സഭാ കൂട്ടായ്മകൾ വേണം എന്നുള്ളതും വചനത്തിന്റെ പ്രധാന പഠിപ്പിക്കൽ ആണ്. അത് ദൈവം ആഗ്രഹിക്കുന്നതുമായ കാര്യം ആണ്.

എന്നാൽ കോവിഡ് 19 എന്ന മഹാമാരി വന്നതോടെ ലോകത്താകമാനം ഉള്ള എല്ലാ ക്രിസ്തീയ ആരാധനാലയങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. ഒരു പ്രാദേശിക സ്ഥലത്തു മാത്രമാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ അത് അത്ര ഗൗരവമായി കാണേണ്ടതില്ലായിരുന്നു. പക്ഷെ, ഇത് ഇപ്പോൾ ലോകത്ത് എല്ലാ ക്രിസ്തീയ ആലയങ്ങളും സഭാ യോഗങ്ങൾ കൂടുവാൻ കഴിയാതെ അടഞ്ഞു കിടക്കുമ്പോൾ വിഷയം ഗൗരവതരമാണ്…

ദൈവം അറിയാതെ ഈ പ്രപഞ്ചത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.അങ്ങനെ എങ്കിൽ, ദൈവം ഇഷ്ടപ്പെടുന്ന സഭായോഗങ്ങൾ നടക്കാതെ വരുന്നത് ,ദൈവം അറിഞ്ഞുകൊണ്ട് തന്നെ ആണ് എന്ന് ചുരുക്കം. അതായത് ദൈവത്തിന് ഇന്നത്തെ സഭാ സംഗമങ്ങളിൽ താല്പര്യം ഇല്ലായെന്നാണോ.? ഇതിനകത്തു നടക്കുന്ന പലതും കണ്ട് ദൈവം മടുത്തു വോ.?

പറയാൻ കാരണം ഉണ്ട്….
ദൈവാലയവും,ആരാധനയും,യാഗങ്ങളും ഉത്സവങ്ങളും ഒക്കെ ദൈവം യിസ്രായേൽ മക്കൾക്ക് കല്പിച്ചാക്കി കൊടുത്ത വിലപ്പെട്ട കാര്യങ്ങളാണ്.ശലോമോൻ പണിത മനോഹരമായ ദൈവാലയം പോലും ദൈവത്തിന് വേണ്ടി പ്രത്യേകം പണി കഴിപ്പിച്ചതായിരുന്നു.എന്നാൽ, യിസ്രായേൽ ജനം വചനത്തോട് മറുതലിച്ച് മത്സര ബുദ്ധികളായി ജീവിച്ചപ്പോൾ, ദൈവാലയം തകർത്ത് തന്റെ ജനത്തെ പ്രവാസത്തിന് ഏല്പിച്ചു കൊടുത്തു. യാഗങ്ങൾ ഇല്ല, ഉത്സവങ്ങൾ ഇല്ല, ദൈവാലയം ഇല്ല. അങ്ങനെ വല്ലാത്ത അവസ്ഥയിൽ കൂടി യെഹൂദനും, യിസ്രായേൽ മക്കളും ജീവിക്കേണ്ടി വന്നു..

അതിനു സമാനമായ ഒരു സാഹചര്യം അല്ലേ നമ്മുക്കും പറ്റിയിരിക്കുന്നത്..? ദൈവനാമ മഹത്വം നമ്മുടെ
ആലയങ്ങളിൽ വെളിപ്പെടേണ്ടതിന് പകരം വ്യക്തികളുടെയും, ദൈവ വേലക്കാരുടെയും ഒക്കെ പ്രകടനങ്ങളിൽ ഊന്നിയ കലാപരിപാടികൾ ആയി സഭാ സംഗമങ്ങൾ മാറി. ദൈവത്തിന് പുകഴ്ച കൊടുക്കാതെ വ്യക്തികളെ പുകഴ്ത്തലും, വ്യക്തി വീരേതിഹാസങ്ങളുമായൊക്കെ നമ്മുടെ സംഗമങ്ങൾ തരം താണു… ദൈവത്തിന്റെ പേരിൽ ആരംഭിക്കുന്ന പലതും ദൈവത്തിന് സ്ഥാനം ഇല്ലാത്തതായി മാറി. എന്നിട്ടും, ഇപ്പോഴും Public ലൈവ് വഴി യിസ്രായേൽമക്കളെ പോലെ വ്യർത്ഥ സംഗീതം മുഴക്കി കൊണ്ടിരിക്കുകയാണ്..

ആരാധന ഇല്ലാത്ത
ആരാധനാലയങ്ങളും, പ്രാർത്ഥന ഇല്ലാത്ത പ്രാർത്ഥനാലയങ്ങളും, ദൈവം ഇല്ലാത്ത ദൈവാലയങ്ങളുമായി നമ്മുടെ ആലയങ്ങൾ മാറി.. ‘കൂട്ടായ്മ കുന്നായ്മ്മയ്ക്കും, കമ്മറ്റി കാശ് ഉള്ള അച്ചായന്റെ തന്നിഷ്ടം നടത്തുന്ന വേദികളാക്കിയും മാറ്റി’ കളള പ്രവചനം നടത്തി കാശ് ഉണ്ടാക്കിയ പല വിരുതന്മാരും ഇപ്പോൾ ഒളിവിലാണ്..! ദൈവം ആഗ്രഹിച്ച പ്രധാനപ്പെട്ട പലതും ദൈവമക്കളുടെ സംഗമങ്ങൾ കൊണ്ട് നടക്കാതെയായി. എവിടെ നോക്കിയാലും ഇന്ന് നിന്റെ വിടുതൽ എന്ന ശുദ്ധ വഞ്ചന പറഞ്ഞ് ജനങ്ങളെ വികാരാവേശത്തിന്റെ ഉത്തുംഗതയിൽ കൊണ്ടെത്തിച്ചവർ ഇപ്പോൾ, കൊറോണയെ പേടിച്ച് വീട്ടിൽ ഇരുപ്പാണ്. എന്നാൽ, ഇനിയെങ്കിലും ദൈവത്തെ ഭയപ്പെട്ട് സത്യസന്ധമായി ദൈവവചനം പറയേണ്ടതിനു പകരം പബ്ളിക് ലൈവിൽ വിടുതൽ വിളമ്പുകയാണ്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ….!

പരിശുദ്ധാത്മാവിന്റെ പ്രവർത്തിക്കു പകരം ആധുനിക
സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ, കൃത്രിമ ഓളം ഉണ്ടാക്കിയിട്ട് ആത്മസാന്നിദ്ധ്യം അനുഭവിച്ചോളൂ എന്ന സ്ഥിരം പരിപാടി വർഷങ്ങളായി കൃത്രിമമായി സൃഷ്ടിക്കുന്നയിടത്ത് ദൈവത്തിന് എന്ത് താല്പര്യം…?

സ്ഥിരമായ ദൈവവചനത്തിന്റെ
അന്തസത്തയെയും, ഉദ്ദ്യേശ ശുദ്ധിയേയും മനസ്സിലാക്കാതെ, വൃത്തികേടുകൾ കാണിച്ച് ചടങ്ങുകളിൽ മാത്രം താല്പര്യം കാണിച്ച യിസ്രായേൽ മക്കളോട് ദൈവം പറയുന്നുണ്ട്: “നിങ്ങളുടെ യാഗം എനിക്ക് വേണ്ട, നിങ്ങളുടെ യാതൊന്നും എന്റെ സന്നിധിയിൽ കൊണ്ടു വരണ്ടായെന്ന്.” വീണ്ടും യഹോവയായ ദൈവം പറയുന്നു: “നിങ്ങളുടെ വ്യർത്ഥ സംഗീതം എന്തിന്.” എന്ന്? ദൈവത്തിൻ്റെ ഉദ്ദ്യേശ ശുദ്ധി സാദ്ധ്യമാകേണ്ടുന്നയിടത്ത് മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ തുടങ്ങിയാൽ,ദൈവംഅടങ്ങിയിരിക്കുക ഇല്ല.

ഗില്ഗാലും, കർമ്മേലും, ബേഥേലും ഒക്കെ യിസ്രായേൽ മക്കൾ ആരാധന കഴിക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളാണ്. എന്നാൽ, അവരുടെ മനോഭാവങ്ങളും, പ്രവർത്തികളും ദൈവ മുൻപാകെ നേരല്ലാതെ വന്നപ്പോൾ, “നിങ്ങൾ ബേഥേലിലും,കർമ്മേലിലും പോകുന്നത് മതിയാക്കുവിൻ അഥവാ പോയാലും നിങ്ങൾ നിങ്ങളുടെ പാപത്തെ കൂട്ടുകയാണ് ” എന്ന് ദൈവം നേരിട്ട് ജനത്തോട് പ്രവാചകന്മാർ മുഖാന്തിരം അരുളിചെയ്തത് നമ്മൾ മറന്നുപോകരുത്.

ഓരോ സംഭവങ്ങളും ലോകത്തിൽ ഉടലെടുക്കുമ്പോൾ ലോകത്തോടുളള സന്ദേശം എന്തെന്ന് ആരായുന്നതിനും, പകരം അത്തരം സംഭവങ്ങൾ നമ്മോട് എന്ത് പറയുന്നു എന്ന് കണ്ടെത്തുകയുമാണ് ബുദ്ധിമാനായ ദൈവമനുഷ്യർ ചെയ്യേണ്ടുന്നത്.എല്ലാ സംഭവങ്ങളെയും ബൈബിളികമായി വീക്ഷിച്ച് അതിനോട് ക്രിയാത്മകമായി, ആത്മീയ നിലപാടിൽ പ്രതികരിക്കുക; എന്നതാകണം ഒരാത്മീകൻ എന്ന നിലയിൽ നാം ഓരോരുത്തരുടേയും കടമ.

ദൈവം എല്ലാക്കാലത്തും ചരിത്രത്തിലൂടെ വിവിധ നിലകളിൽ ഇടപ്പെട്ടിട്ടുണ്ട്. അത് ചില വ്യക്തികളെ എഴുന്നേല്പിച്ചാകാം, വിവിധ സംഭവ – വികാസങ്ങളിലൂടെയാകാം. ആത്യന്തികമായി ദൈവീക ഉദ്ദ്യേശം നടപ്പാക്കാൻ ദൈവം ചെയ്യുന്ന ഓരോ പ്രവർത്തികൾ ആണ് അത്തരം സംഭവങ്ങൾ.. നിസ്സഹായരായ മനുഷ്യർ അത്തരം ദൈവീക സൂചനകളെ അവഗണിക്കുമ്പോൾ കൂടുതൽ അപകടത്തിലേക്ക് ചെന്നു വീഴുകയാകും ഫലം. ഒരു വിശ്വാസി കാലത്തെയും, കാലഘട്ടത്തെയും, ഓരോ സംഭവങ്ങളെയും വിവേചിക്കുന്നവനായിരിക്കണം.

ആ നിലയിൽ ദൈവ വചനം വളരെ പ്രാധാന്യം നൽകുന്നതായ കൂട്ടായ്മകൾ, സഭാകൂടിവരവുകൾ,നിർത്തലാക്കപ്പെട്ടെങ്കിൽ ദൈവത്തിന് യിസ്രായേൽ മക്കളുടെ മനോഭാവങ്ങളോട് ഉണ്ടായ പ്രതികരണം നമ്മോട് ഉണ്ടായതാണ് എന്ന് നാം തിരിച്ചറിവുള്ളവർ ആയിരിക്കേണം. കൂട്ടായ്മകൾ ആഗ്രഹിക്കുന്ന ദൈവം തക്ക കാരണം ഇല്ലാതെ അത് മുടക്കുകയില്ല. കർത്തൃമേശ ഞാൻ വരുവോളം നടത്തണം എന്ന് ഏകീകൃതമായി ഭരമേല്പിച്ചതും മുടങ്ങി കിടക്കുന്നു..

ആരാധന, യാഗങ്ങൾ, ഉത്സവങ്ങൾ,ആരാധനാലയങ്ങൾ എല്ലാം യിസ്രായേൽ മക്കൾക്ക് നടപ്പാക്കിയ ദൈവം അതെല്ലാം ഒരു കാലഘട്ടത്തിലേക്ക് നിർത്തലാക്കിയത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടത് വളരെ അനിവാര്യമാണ്. ദൈവീക വിഷയങ്ങളെ ചടങ്ങുകളും, പ്രഹസനങ്ങളും, കാപട്യങ്ങളും ആക്കി മാറ്റി. ആയതിനാൽ കുറച്ചു കാലത്തേയ്ക്ക് ദൈവം അത് നിർത്തലാക്കി..എന്തിനേറെ ദൈവാലയം പോലും ദൈവം തകർത്തു കളഞ്ഞു.

നമ്മുടെ ആത്മീയ
സംഗമങ്ങൾ, കൂട്ടായ്മകൾ എന്നിവയിൽ മിക്കതും പ്രഹസനങ്ങളും, ചടങ്ങുകളും ലോകമയത്വത്തിന്റെ അതിപ്രസരം ഉള്ളതും, സ്വയം പുകഴ്ത്തലുകളുടെ വിഹാര കേന്ദ്രമായി മാറിയതും, വ്യക്തിഗത പ്രകടനങ്ങളുടെ മേഖലയായി മാറിയതും സ്വയം തിരിച്ചറിഞ്ഞ്, അത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതെ ദൈവത്തിങ്കലേക്ക് മടങ്ങിവരിക….

“മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,
എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ,ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും. ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്‍റെ കണ്ണു തുറന്നിരിക്കയും എന്‍റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.”
(2 ദിനവൃത്താന്തം 7:13-15)

സഭകൾ, നേതാക്കന്മാർ,
ദൈവദാസന്മാർ, വിശ്വാസികൾ മുതലായ എല്ലാവരുടേയും കണ്ണുകൾ സർവ്വശക്തനും, സർവ്വവ്യാപിയും, സർവ്വ ചരാചരങ്ങൾക്കും ഉടയവനായ ത്രീഏക ദൈവത്തിങ്കലേക്ക് തിരിയട്ടെ. അങ്ങനെ നിങ്ങൾക്ക് ആശ്വാസ കാലങ്ങൾ ഉണ്ടാകും എന്ന് തിരുവെഴുത്ത് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിലേയ്ക്കും ദൈവീക ഉദ്ദ്യേശത്തിലേക്കും മടങ്ങി വരിക..

പാസ്റ്റർ ബൈജു, സാം നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.