ശുഭദിന സന്ദേശം: സ്രവ പരിശോധന ശ്രവണ പരിശോധന | ഡോ.സാബു പോൾ

”കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ”(മത്താ.1 I:15).

post watermark60x60

ലോകമാകെ ഭീതി വിതച്ച് അനേകരുടെ ജീവൻ കവർന്നെടുക്കുന്ന മഹാവ്യാധിയെ കഴിയുന്നത്ര നേരത്തെ തിരിച്ചറിയാനും പിടിച്ചുകെട്ടാനും സ്രവ പരിശോധന വ്യാപകമായി നടക്കുന്നു. മുമ്പ് റിസൾട്ട് വരാൻ ചില ദിവസങ്ങൾ വേണ്ടിയിരുന്നു. എന്നാൽ റാപ്പിഡ് ടെസ്റ്റ് കിറ്റിൻ്റെ വരവോടെ മണിക്കൂറുകൾക്കുള്ളിൽ ഫലം അറിയാൻ കഴിയുന്നു.

സ്രവ പരിശോധനയുടെ ഉദ്ദേശ്യം പ്രധാനമായും രണ്ടാണ്.
1. ചിലരിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. അത് കോവിഡ്- 19 ആണോ, അതോ സാധാരണ രോഗങ്ങളാണോ എന്ന് തിരിച്ചറിയുക.
2. ചിലരിൽ ലക്ഷണങ്ങളൊന്നുമില്ല. പക്ഷേ, പകർച്ചവ്യാധിയുള്ളവരുമായി സമ്പർക്കത്തിൽ വന്നവരാണ്. അവർ നിശ്ശബ്ദ വൈറസ് വാഹകരാണോ എന്ന് ഉറപ്പ് വരുത്തുക.

Download Our Android App | iOS App

കാരണം ഇത് ജീവനെ ബാധിക്കുന്ന പ്രശ്നമാണ്….

യേശുക്രിസ്തു ആവർത്തിച്ച് ആവശ്യപ്പെട്ടത് ശ്രവണ പരിശോധനയാണ്. ദൈവ ശബ്ദം കേൾക്കുന്നുണ്ടോ എന്ന പരിശോധന….
കേൾക്കേണ്ടതു പോലെയാണോ കേൾക്കുന്നത് എന്ന പരിശോധന…..

കാരണം ഇത് നിത്യ ജീവനെ ബാധിക്കുന്ന പ്രശ്നമാണ്…!

‘കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ’ എന്നു പല സന്ദർഭങ്ങളിൽ യേശു ആവർത്തിച്ചു.
ചിലപ്പോൾ കേട്ടിട്ടും മതനേതാക്കൾക്ക് മനസ്സിലായില്ല….
ചിലപ്പോൾ മനസ്സിലായിട്ടും അവർ അംഗീകരിച്ചില്ല….
കാരണം അവരുടെ ഹൃദയം കൊഴുപ്പുകൊണ്ട് തടിച്ചിരുന്നു…

ശ്രവണ പരിശോധനയുടെ ഉദ്ദേശ്യം പ്രധാനമായും രണ്ടാണ്.
1. ചിലരെ കണ്ടാൽ ദു:സ്വഭാവങ്ങൾ പ്രകടമായി ഒന്നുമില്ല. ഭക്തിയുടെ വേഷം ധരിച്ച ‘മര്യാദ പാപി’യാണോ അതോ, വചനത്താലുള്ള ശരിയായ മാനസാന്തരാനുഭവമാണോ എന്ന് തിരിച്ചറിയാൻ.
2. ചിലരെ കണ്ടാൽ അത്ര ഭക്തരെന്ന് ഭാവപ്രകടനത്തിൽ തിരിച്ചറിയില്ല. പക്ഷേ, വചനം കേട്ട്, പാറമേൽ അടിസ്ഥാനമിട്ട് ഉറപ്പോടെ നിൽക്കുന്നവരാണോ എന്ന് മനസ്സിലാക്കാൻ.

രക്ഷ വിശ്വാസത്താലാണ് കരഗതമാകുന്നത്. വിശ്വാസം ഉണ്ടാകണമെങ്കിൽ വചനം കേൾക്കണം. ശരിയായ ഉപദേശം പ്രസംഗിക്കുന്നവരിൽ നിന്നു കേട്ടാലേ സത്യമെന്തെന്ന് തിരിച്ചറിയാനാവൂ (റോമ.10:13 -15).

യഹൂദ ന്യായപ്രമാണം ‘അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും’ എന്ന് പഠിപ്പിച്ചു (റോമ.10:5). എന്നാൽ അത്തരം കർമ്മങ്ങളല്ല, യേശുവിനെ കർത്താവെന്ന് വിശ്വാസത്തോടെ ഏറ്റുപറയുന്നതിലൂടെയാണ് രക്ഷിക്കപ്പെട്ട് ദൈവസഭയുടെ അംഗമായി ഒരാൾ തീരുന്നത് എന്ന് പൗലോസ് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു(10:9).
നിക്കോദെമോസിനോട് ‘വീണ്ടും ജനിക്കണം’ എന്ന് യേശു പറഞ്ഞതും(യോഹ.3:3,5) ഇതേ അർത്ഥത്തിൽ തന്നെയാണ്.

ദൈവം തന്നെ കൊടുത്ത പഴയ നിയമത്തിൻ്റെ കർമ്മമാർഗ്ഗങ്ങളെ ക്രിസ്തു അവസാനിപ്പിച്ചു(10:4) എങ്കിൽ പിന്നീട് ക്രൈസ്തവ സഭയിൽ കർമ്മങ്ങൾ എവിടെ നിന്നു വന്നു…?

തീർത്ഥാടനവും, ഉരുളലും, മലകയറ്റവുമൊക്കെ എവിടെ നിന്ന് കേട്ടതാണ്…?
വചനം കേട്ട് ഫലം പുറപ്പെടുവിക്കുന്നതിന് പകരം വചനമല്ലാത്തതൊക്കെ കേൾപ്പിച്ചതാരാണ്…?
ശ്രവണ പരിശോധന അനിവാര്യമാണ്. കാരണം, ഇതു നിത്യ ജീവനെ ബാധിക്കുന്ന പ്രശ്നമാണ്….!

പ്രിയമുള്ളവരേ,
എത്ര കെട്ടിയുറപ്പിച്ചു നിർത്തിയാലും തകർന്നു പോകുമെന്നുറപ്പുള്ള ദേഹമെന്ന കൂടാരം സംരക്ഷിക്കാൻ പരിശോധനകളും ചികിത്സകളും നടത്തുന്ന നമ്മൾ നിത്യമായി നിലനിൽക്കുന്ന ആത്മാവിനെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകണ്ടേ…?

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like