ശുഭദിന സന്ദേശം : ഇരട്ടിയുള്ളവനും ഇരുട്ടുള്ളവനും | ഡോ.സാബു പോൾ

”അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു”(ലൂക്കൊ.3:11).

വളരെ പഴയ കഥ…

മാനസാന്തരത്തെക്കുറിച്ചുള്ള പ്രസംഗം കത്തിക്കയറുകയാണ്…
‘രണ്ടുള്ളവൻ ഇല്ലാത്തവനു കൊടുക്കട്ടെ’ എന്ന സ്നാപക യോഹന്നാൻ്റെ കല്പനയെ കേന്ദ്രീകരിച്ചാണ് പ്രസംഗം….

ശ്രോതാക്കളിൽ പ്രസംഗത്തോട് അനുകൂലമായി പ്രതികരിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാനാകും. ഒരു അപ്പച്ചന് പ്രസംഗം നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്ന് ഭാവവാഹാദികളിൽ നിന്ന് തിരിച്ചറിഞ്ഞ ദൈവദാസൻ ആവേശത്തോടെ ചോദിച്ചു:
“അപ്പച്ചാ, രണ്ട് വീടുണ്ടെങ്കിൽ ഒരു വീട് ഇല്ലാത്തവന് കൊടുക്കുമോ….?”
“തീർച്ചയായും കൊടുക്കും പാസ്റ്ററേ…”
അപ്പച്ചൻ അതിനെക്കാൾ ആവേശത്തിലാണ്…

“രണ്ടു കാറുണ്ടെങ്കിൽ ഒരു കാറ് കൊടുക്കുമോ…?”
”എന്താ സംശയം? ഉറപ്പായിട്ടും കൊടുക്കും!”

പ്രസംഗം പ്രയോജനമായിത്തീരുന്നതിൽ പ്രഭാഷകനും ആവേശം അനിയന്ത്രിതമായി…

”രണ്ടു കാളവണ്ടിയുണ്ടെങ്കിൽ…?”
അപ്പച്ചൻ്റെ മറുപടി വളരെ വേഗത്തിലായിരുന്നു…
”അതു നടക്കുകേല…!”

എല്ലാവരും സ്തബ്ധരായി…

”കാരണം…?”

“കാരണം… എനിക്ക് രണ്ട് കാളവണ്ടിയുണ്ട്.”

ഇല്ലാത്ത കാര്യം നൽകാനുള്ള സന്നദ്ധത അപാരമാണ്. പക്ഷേ, ഉള്ളത് നൽകാൻ മനസ്സില്ല!

പണ്ടത്തെ കഥയെന്ന് പറയാൻ കാരണം ഇന്ന് പലർക്കും രണ്ട് വീടുകളും കാറുകളുമൊക്കെയുണ്ടെന്നതാണ്. പണ്ടത്തെ പ്രാർത്ഥന മൂന്നു ബെഡ്റൂമുള്ള ഒരു കോൺക്രീറ്റ് വീടിനായിരുന്നു….
പിന്നെ, ഇരുനില വീടിനു വേണ്ടിയായി പ്രാർത്ഥന….
ഇപ്പോൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് രണ്ടാമത്തെ വീടിനു വേണ്ടി…
ആഡംബര വാഹനത്തിനായി….

മലയാളിക്ക് പണ്ടേ വീണു കിട്ടിയ പേരാണ് ‘ചെലവാളി.’ അതു കൊണ്ട് സകല മാർക്കറ്റിംഗ് കമ്പനികളും ഉന്നം വയ്ക്കുന്നത് കൊച്ചു കേരളത്തെ…

കഷ്ടപ്പെട്ട് സമ്പാദിക്കുന്നതെല്ലാം പൊങ്ങച്ചം കാണിക്കാൻ അടിച്ചു പൊളിക്കുമ്പോൾ ബംഗാളി കേരളത്തിൻ്റെ സ്വന്തം അതിഥി തൊഴിലാളിയായി സമ്പാദ്യം വർദ്ധിപ്പിക്കുന്നു.

ഇന്നത്തെ പ്രതിസന്ധിയിൽ സ്നാപക യോഹന്നാൻ്റെ വാക്കുകൾ അന്വർത്ഥമാണ്. ഭക്ഷണമുള്ളവൻ ഇല്ലാത്തവനു നൽകാനുള്ള സൻമനസ്സു കാണിച്ചാൽ കൊറോണ മൂലം ആരും പട്ടിണിയാകില്ല.
പ്രതിസന്ധികളിലാണ് കൈത്താങ്ങൽ അനിവാര്യമായിരിക്കുന്നത്.

അത് മാത്രമല്ല…
1. നാളെകളിൽ നമ്മുടെ ആവശ്യങ്ങളിൽ സഹായഹസ്തങ്ങൾ നീണ്ടുവരും.
2. സ്വർഗ്ഗത്തിൽ പ്രതിഫലമുണ്ടാകും.

ഇരട്ടിയുള്ളവൻ ഇനിയും ഇരട്ടിയാക്കാതെ, ഇരുട്ടിലിരിക്കുന്ന സഹോദരനെ സഹായിക്കുന്നതാണ് പരമാർത്ഥമായ ആത്മീയത.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.