ശുഭദിന സന്ദേശം : അരിഷ്ടത ബലിഷ്ഠത | ഡോ.സാബു പോൾ

“അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല”(സങ്കീ.22:24).

സെമിനാരിയിലെ ഒരു സതീർത്ഥ്യനെ ഞങ്ങൾ ‘അരിഷ്ട മനുഷ്യൻ’ എന്നു കളിയായി വിളിക്കുമായിരുന്നു. കാരണം, അവൻ അരിഷ്ടം കഴിക്കാറുണ്ടായിരുന്നു….

എന്നാൽ ബൈബിളിൽ അരിഷ്ടൻ എന്ന് പറഞ്ഞിരിക്കുന്നത് നിസ്സഹായൻ, ഞെരുക്കത്തിലിരിക്കുന്നവൻ, എന്നൊക്കെയുള്ള അർത്ഥത്തിലാണ്.

മരണപാശത്താൽ ബന്ധിക്കപ്പെട്ട് നിസ്സഹായനായി നിലവിളിക്കുന്നവൻ്റെ ചിത്രമാണ് തൻ്റെ ന്യായപ്രമാണത്തിനു കീഴിലായിരുന്ന കാലഘട്ടത്തെക്കുറിച്ച് പൗലോസിന് നൽകാനുള്ളത് (റോമ.7: 24).

കാഴ്ചപ്പാട് ശരിയല്ലാത്തതിനാൽ സ്വന്തം അവസ്ഥയെപ്പോലും ശരിയായി വിലയിരുത്താൻ കഴിയാത്ത ഹീനമായ അനുഭവത്തിലാണ് ലവോദിക്യസഭ എന്ന് ആത്മനാഥൻ വെളിപ്പെടുത്തുന്നു(വെളി. 3:17).

ഇന്നത്തെ വാക്യത്തിലേക്ക് വരാം. അരിഷ്ടൻ്റെ പ്രാർത്ഥനയ്ക്ക് മുഖംമറയ്ക്കാത്ത ദൈവത്തെക്കുറിച്ചാണ് ദാവീദ് ഇവിടെ അനുസ്മരിക്കുന്നത്.

വാസ്തവത്തിൽ അരിഷ്ടനാണ് മറ്റുള്ളവരുടെ സഹായം ആവശ്യമായിരിക്കുന്നത്. കാരണം, അത്രയേറെ പരിതാപകരമാണ് നിസ്സഹായനായ അവൻ്റെ അവസ്ഥ. പക്ഷേ, അരിഷ്ടൻ പലപ്പോഴും അവഗണിക്കപ്പെട്ട് പോകുന്നു.

എന്നാൽ ബലവാന് മറ്റുള്ളവരുടെ സഹായമില്ലെങ്കിലും വലിയ കുഴപ്പമില്ല. പക്ഷേ, അവനെ സഹായിക്കാനാണ് ആളുകൾ നിരന്നു നിൽക്കുന്നത്.

ലോകത്തിലെ മനുഷ്യൻ ഇത്തരം പക്ഷപാതിത്വം കാണിക്കുമ്പോൾ അരിഷ്ടനെയും ബലിഷ്ഠനെയും ഒരുപോലെ സഹായിക്കുന്ന ദൈവത്തെക്കുറിച്ചാണ് ദാവീദിന് പറയാനുള്ളത്. ശക്തരായ ബാല സിംഹങ്ങളും(young lion) ഭക്ഷണത്തിനു വേണ്ടി സ്രഷ്ടാവിലേക്കാണ് നോക്കുന്നത് എന്ന് ദാവീദ് തിരിച്ചറിയുന്നു.

ദാവീദ് രണ്ട് അവസ്ഥയിലൂടെയും കടന്നു പോയിട്ടുണ്ട്. ഒരു കാലത്ത് ജീവരക്ഷയ്ക്കായി ഓടുമ്പോൾ കടമുള്ളവരുടെയും ഞെരുക്കമുള്ളവരുടെയും സഹചാരിയായിരുന്നു അരിഷ്ടനായ ദാവീദ്. അന്ന് ഒരു പക്ഷേ, തൻ്റെ അവസ്ഥകൾക്ക് മാറ്റം വരുമ്പോൾ ആരെയും ഭയക്കാതെ, ആരുടെയും സഹായമില്ലാതെ, ജീവിക്കാമെന്ന് ദാവീദ് കണക്കു കൂട്ടിയിട്ടുണ്ടാകും…..

പിന്നീട് അവൻ അതിബലവാനായി. അപ്പോഴാണ് അവന് മനസ്സിലായത് എത്ര ബലവാനായാലും സർവ്വശക്തനിൽ ആശയിച്ചേ മതിയാകൂ എന്ന്…..

പ്രിയമുള്ളവരേ,
മനുഷ്യൻ്റെ ശക്തിയും അശക്തിയും, ധനവും ദാരിദ്യവും ഒന്നുമല്ലെന്ന് തെളിയിക്കുന്ന കൊറോണക്കാലം….
എല്ലാവരെയും വിടുവിക്കുന്നവൻ, അരിഷ്ടനെ മറന്നു പോകാത്തവൻ,
അവിടുന്ന് മാത്രമാണെന്ന് തിരിച്ചറിഞ്ഞ് സർവശക്തനിലേക്ക് നോക്കാം…..
പ്രാർത്ഥനയിൽ തുടരാം…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.