ലേഖനം: പാപം കൊണ്ട് ഉപജീവിക്കുന്നവർ | ബിജു പി. സാമുവൽ, ബംഗാൾ

യിസ്രായേലിൽ യാഗങ്ങൾ നിലനിന്നിരുന്ന കാലം.  പുരോഹിതനായ ഏലിയുടെ മക്കൾ
നീചന്മാരും ദൈവത്തെ അവഗണിക്കുന്നവരും ആയിരുന്നു. മാംസാഹാരത്തോടുള്ള അവരുടെ ത്വര യാഗത്തെ അവഹേളിക്കുന്നതിലേക്ക് വരെ എത്തി. മക്കൾ അധമന്മാരായി പാപകർമ്മം ചെയ്യുന്നത് ഏലി അറിഞ്ഞിട്ടും അവരെ നിയന്ത്രിച്ചില്ല.
ഏലി പുരോഹിതന് മക്കളോടുണ്ടായിരുന്ന അമിത വാത്സല്യം ദൈവത്തോടുള്ള അവഗണനയായി മാറി.
വാർദ്ധക്യത്തിൽ തന്നെ പുലർത്തേണ്ട മക്കളെ വെറുപ്പിക്കേണ്ട എന്ന ചിന്തയിലാവാം മക്കളുടെ ചെയ്തികൾക്കെല്ലാം ഏലി കണ്ണടച്ചത്.

പക്ഷെ അങ്ങനെ കണ്ണടച്ച് കളയാൻ പ്രമാണം നൽകിയ ദൈവത്തിന് ആവില്ലല്ലോ.
ബൈബിൾ ഊരും പേരും വെളിപ്പെടുത്താത്ത ഒരു ദൈവപുരുഷൻ എലിയുടെ അടുത്തെത്തി. വഴിപാടുകളിലെ വിശിഷ്ട ഭാഗങ്ങൾ കൊണ്ട് തങ്ങളെത്തന്നെ കൊഴുപ്പിക്കാനായി അവർ നടത്തിയ ശ്രമങ്ങൾ  ദൈവം വെളിപ്പെടുത്തി. അവർ ദൈവിക യാഗങ്ങളെ ചവിട്ടിക്കളയുന്നതായിട്ടാണ് ദൈവം കണ്ടത്.  ആലയത്തിൽ നിന്ന് കിട്ടുന്ന നന്മയുടെ ദുർവിനിയോഗവും  മക്കളുടെ നാശത്തിന് കാരണമായി.
മക്കൾ ചെയ്യുന്നതെല്ലാം അറിഞ്ഞിട്ടും അവരെ ശാസിച്ച് നിയന്ത്രിക്കാത്തത് ഏലിക്കും പ്രശ്നമായി.

ജനം ചെയ്യുന്ന പാപങ്ങൾ എത്ര പെരുത്തതാണെങ്കിലും അതിനു നേരെ കണ്ണടച്ച് അവരുടെ നന്മ കൊണ്ട് തങ്ങളെത്തന്നെ പുഷ്ടിപ്പെടുത്തുന്നവർ ബൈബിൾ കാലയളവിൽ ഉണ്ടായിരുന്നു.
ജനത്തിന്റെ പാപങ്ങൾ കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ് അവരെന്ന് ദൈവം ഹോശെയ പ്രവാചകനിലൂടെ അരുളിച്ചെയ്തു
(ഹോശെ. 4:8).

യെരുശലേമിലെ പ്രവാചകന്മാരിൽ നിന്നാണ് വഷളത്വം ദേശത്തെല്ലാടവും വ്യാപിച്ചത് എന്ന് ദൈവം വിലപിക്കുന്നു
(യിരെ.23:15).
ഒരുപക്ഷേ
ചൈനയിലെ വുഹാനിൽ നിന്ന് ലോകമെങ്ങും കൊറോണ വ്യാപിച്ചത് പോലെ.

ജനത്തിന്റെ ദോഷ പ്രവർത്തികൾ നിമിത്തം ദേശത്ത് വാളും ക്ഷാമവും മഹാമാരിയും ഉണ്ടാകുമെന്ന് യിരെമ്യാവ് പ്രവചിക്കുമ്പോൾ,  അങ്ങനെയൊന്നും സംഭവിക്കില്ലെന്നും വർഷം മുഴുവൻ സമൃദ്ധിയുടെ കവിഞ്ഞൊഴുക്ക് മാത്രമായിരിക്കുമെന്നും  കാഹളമൂതുന്ന  ദൈവം അയക്കാത്ത വ്യാജപ്രവാചകന്മാർ
(യിരെമ്യാവ് 14:12-14).

അവർക്ക്, മുടിയൻ പുത്രൻ പന്നിക്കൂട്ടിലോ കള്ളുഷാപ്പിലോ ഇരിക്കുമ്പോഴും പുത്രൻ തന്നെയാണത്രേ.
പുത്രത്വത്തിന്റെ അവകാശങ്ങൾ ലഭിക്കുന്നത് പിതാവിലേക്ക് മടങ്ങി വരുമ്പോഴാണെന്ന് അവർ പ്രസംഗിക്കുന്നുമില്ല.
പാപജീവിതം നയിക്കുന്നവരുടെ മുമ്പിൽ ശാസകനായി അവതരിപ്പിക്കേണ്ട ദൈവത്തെ(ഹോശേ. 5:2) , ഭൗതിക സമൃദ്ധി നല്കുന്നവനായി മാത്രം അവർ ഉയർത്തുന്നു.

ജനം ചെയ്യുന്ന ദോഷം അവരെ സൂചിപ്പിച്ചാൽ അവരുടെ അപ്രീതിക്ക് പാത്രമാകും.
അവരിൽ നിന്നും കിട്ടുന്ന നന്മ മുടങ്ങും.
വെറുതെ
എന്തിനാണ്  ഒരു പൊല്ലാപ്പ് ഉണ്ടാക്കുന്നത്.
ഏറ്റവും ലാഭകരമായത് ജനത്തിന്റെ എല്ലാ പ്രവർത്തികളെയും പ്രോത്സാഹിപ്പിക്കുക, അവരുടെ നന്മ സ്വന്തം പോക്കറ്റിൽ എത്തിക്കുക.
അന്നവിചാരം, മുന്നവിചാരം.

പാപത്തെ ലഘുവായി ചിന്തിക്കാൻ സഹോദരനെ പ്രേരിപ്പിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്ന് വില്യം ബാർക്ലേ.

പഴയനിയമകാല സത്യപ്രവാചകർ ദൈവത്തിൽ നിന്ന് സന്ദേശം സ്വീകരിച്ച് ജനത്തിന് നൽകുന്നവർ ആയിരുന്നു.
ദൈവത്തെ പ്രസാദിപ്പിക്കുക എന്നത്  മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
ആ സന്ദേശം
ജനത്തിന്റെ
അഴുക്കുചാലിലെ ജീവിതത്തെ വിമർശിക്കുന്നതാകാം.
അത് ജനത്തെ മുറിപ്പെടുത്തുന്നതും രാജാക്കന്മാരെ അലോസരപ്പെടുത്തുന്നതും ആയിരുന്നു.

രാജാക്കന്മാരോടും  അധികാരവൃന്ദത്തോടും ചേർന്നു നിന്ന് അവരുടെ പ്രീതി പറ്റി തങ്ങളുടെ പോക്കറ്റ് വീർപ്പിക്കാൻ ശ്രമിച്ച പ്രവാചകന്മാർ നിരവധിയാണ്. യിരെമ്യാവിനെപ്പോലെ വ്യത്യസ്തനായി നിന്ന പ്രവാചകന്മാരും ഉണ്ടായിരുന്നു.
കൊട്ടാര വാതിൽക്കൽ കുടി കിടന്ന് രാജവണക്കം നടത്തുന്ന പരാദജീവികൾ അല്ലായിരുന്നു അവർ.
അതുകൊണ്ട് ആ പ്രവാചകർക്ക് ധാരാളം പീഡനം ഏൽക്കേണ്ടി വന്നു.

ഇന്ന് പ്രവാചകർക്കാണ് ഏറ്റവും ഡിമാൻഡ് ഉള്ളത്.  ഏതൊരു മീറ്റിങ്ങിലും  പ്രവാചകൻ ഉണ്ടോ എന്നാണ് ആളുകൾ ആദ്യം അന്വേഷിക്കുന്നത്.
ജനത്തിന് അവരുടെ ഭാവി അറിയാനാണ് താല്പര്യം. ഇന്നുള്ള പ്രവാചകരിൽ ജനത്തിന്റെ ജീവിതത്തിലെ പഴുപ്പ് ഞെക്കിക്കളയുന്നവർ കുറവാണ്.

ദൈവം ചികിത്സിക്കുമ്പോൾ  വെളിപ്പെട്ടു വരുന്നത് മനുഷ്യന്റെ ദുഷ്ടതയും അകൃത്യവും  പിന്മാറ്റവുമാണ് (ഹോശേയ 7:1, 14:4).
പക്ഷേ ആധുനിക രോഗശാന്തി വരപ്രാപ്തർക്ക് അതിനെപ്പറ്റിയോ അതിനുള്ള സൗഖ്യത്തെപ്പറ്റിയോ മിണ്ടാട്ടമില്ല.
അവരുടെ സന്ദേശങ്ങളിൽ പാപവഴികൾ ഉപേക്ഷിക്കാനുള്ള
ആഹ്വാനവുമില്ല.

പഴയനിയമ കാലത്ത് ജനത്തിന്റെ അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്ന പുരോഹിതർ ഉണ്ടായിരുന്നു
(ഹോശേയ 4:8).
അപ്പോൾ പാപ
പരിഹാരത്തിനായി കൂടുതൽ യാഗങ്ങൾ നടത്തേണ്ടിവരും.
ആ യാഗമൃഗത്തിന്റെ മാംസം കൊണ്ട് തങ്ങളുടെ വയറു നിറയ്ക്കാൻ  നീക്കങ്ങൾ നടത്തുന്ന പുരോഹിതർ.
കൂടുതൽ പാപം, കൂടുതൽ പ്രാർത്ഥന, കൂടുതൽ പ്രോഗ്രാം, കൂടുതൽ നേട്ടം.
എന്ത് പ്രശ്നമുണ്ടായാലും കുറെ ദിവസത്തെ പ്രാർത്ഥന ക്രമീകരിച്ച് തങ്ങളെത്തന്നെ അവിടുത്തെ അതിഥി പ്രസംഗകരാക്കാനുള്ള കുരുട്ടുപണികളാണ് പ്രവാചകരും ചെയ്യുന്നത്.
ദൈവജനം മാത്രമല്ല ദൈവദാസന്മാരും മടങ്ങി വരേണ്ടിയിരിക്കുന്നു.

അനീതിയുടെ കൂലി വാങ്ങി പ്രവചിക്കുന്ന
ബിലെയാമിന്റെ പിന്മുറക്കാരെ
ആളെ വിഴുങ്ങി എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല.
(ബിലെയാം  എന്ന വാക്കിന് devourer of the people എന്നും അർത്ഥമുണ്ട്).
ഇത്രയും എഴുതിയത് കൊണ്ടു ക്രോധാവേശത്താൽ നിറയേണ്ട കാര്യമൊന്നുമില്ല.

വീടുകളെ വിഴുങ്ങുന്നവർ എന്നു കർത്താവ് വിശേഷിപ്പിച്ചവരിൽ ഇവരും ഉൾപ്പെടും
(മർക്കൊ. 12:40).

കൊറോണ കഴിയുമ്പോൾ അവർ പുതിയ മുഖാവരണവുമായി എത്തും.
അവർ യേശുക്രിസ്തുവിനെയല്ല തങ്ങളുടെ വയറിനെയാണ് സേവിക്കുന്നതെന്ന് പൗലോസ്.
അതിനായി അവർ തങ്ങളുടെ പ്രസംഗങ്ങളിൽ ചക്കരവാക്കും മുഖസ്തുതിയുമെല്ലാം പ്രയോഗിക്കും.
അത് കേൾക്കുന്ന സാധുക്കൾ വഞ്ചിക്കപ്പെടുന്നു
(റോമർ 16:18).
(They deceive the minds of *naive* people.
naive-പച്ചപ്പരമാർത്ഥി). അതുകൊണ്ട് കേൾവിക്കാർ അത്ര വലിയ പച്ചപ്പരമാർത്ഥികളായി മാറാതെ കാര്യങ്ങളെ കൃത്യമായി വിലയിരുത്തുക, ദൈവദാസന്മാരുടെ ജീവിതത്തെയും പ്രസംഗത്തെയും അതിന് പിന്നിലുള്ള ലക്ഷ്യത്തെയും മനസ്സിലാക്കുക. ഒഴിവാക്കേണ്ടവരെ ഒഴിവാക്കുക.

ഉദരത്തിനുള്ളതല്ല ഉയരത്തിലുള്ളത് തന്നെ നമുക്ക് ചിന്തിക്കാം.

ബിജു പി. സാമുവൽ,
ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ

-Advertisement-

You might also like
Comments
Loading...