ഭാവന: പെട്ടകത്തിനുള്ളിലെ ലോക്ക്ഡൌൺ ദിനങ്ങൾ | ഫിലോ ബെൻ കോശി, തിരുവല്ല

ഞാൻ മിസ്സിസ് നോഹ… എല്ലാ പെൺകുട്ടികളെയും പോലെ തന്നെ മോഹന സ്വപ്‌നങ്ങളുമായാണ് ഞാൻ നോഹ അച്ചായന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വളരെ സൗമ്യനും ശാന്തനും ദൈവഭക്തനുമായിരുന്നു നോഹ അച്ചായൻ. “നീ എത്ര ഭാഗ്യവതിയാണ്, എത്രനല്ല അച്ചായൻ”. എല്ലാവരും ഞങ്ങളുടെ കൊച്ചു കുടുംബത്തെ നോക്കി പ്രശംസിച്ചു. ഞങ്ങളുടെ അയൽവക്കക്കാരായിരുന്നു ലാമേക്കും കുടുംബവും. മിക്കവാറും ലാമേക്ക് മദ്യപിച്ചു കുടുംബത്തിൽ ലഹള ഉണ്ടാക്കുന്നത് പതിവായിരുന്നു. ലാമെക്കിന്റെ ഭാര്യമാരായ ആദയും സില്ലയും തമ്മിൽ മിക്കവാറും പൊരിച്ച വഴക്ക് ആയിരുന്നു.

എന്നാൽ ഞങ്ങളുടെ കുടുംബത്തിൽ എന്നും സന്തോഷവും സമാധാനവും കളിയാടി. എപ്പോഴും പ്രാർത്ഥനയും ഉപവാസവും ആരാധനയും ഞങ്ങളുടെ കുടുംബത്തിന്റെ മുഖമുദ്രയായിരുന്നു. താമസിക്കാതെ ഞങ്ങളുടെ ദാമ്പത്യവല്ലരിയിൽ മൂന്നു കുസുമങ്ങൾ വിരിഞ്ഞു. ശേം, ഹാം, യാഫേത്ത്.

വളരെ അധർമം നിറഞ്ഞ ചുറ്റുപാടുകളിൽ കുഞ്ഞുങ്ങളെ ദൈവഭക്തിയിൽ വളർത്തുന്നതിൽ ഞങ്ങൾ വളരെ ഉത്സാഹിച്ചു. അയൽവക്കങ്ങളിലെ കുട്ടികൾ ഫേസ്ബുക്കിലും, വാട്സാപ്പിലും, ഇന്റർനെറ്റിലും രാവുകൾ പകലാക്കിയപ്പോൾ, ബൈബിൾ പഠിക്കുവാനും ഡാഡിയോടൊപ്പം സുവിശേഷപ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും മക്കൾ ഉത്സുഹരായി.
വർഷങ്ങൾ പറന്നകന്നു. ഞങ്ങളുടെ മക്കൾക്ക് വിവാഹ പ്രായമായി.എന്റെ മനസിലും ആധിയായി. മക്കൾക്ക്‌ നല്ല പെൺകുട്ടികളെ ലഭിക്കുവാൻ ഞങ്ങൾ കുടുംബമായി പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തുകൊണ്ടിരിന്നു. “എന്തിനാ ആന്റി ഇങ്ങനെ പട്ടിണികിടന്ന് പ്രാർത്ഥിക്കുന്നത്, ഇന്റർനെറ്റ്‌ മാര്യേജുകളുടെ ഈ കാലത്ത്‌ ” അയൽവക്കത്തെ സില്ല ഓർപ്പിച്ചു. Match the marry.com ൽ പേരൊന്നു രജിസ്റ്റർ ചെയ്താൽ പോരെ…..

എന്തായാലും ദൈവകൃപയാൽ നല്ല ദൈവഭയമുള്ള പെൺകുട്ടികളെ തന്നെ ദൈവം ഞങ്ങളുടെ മക്കൾക്ക് പങ്കാളികളായി നൽകി. ജീവിതാനുഭവത്തിൽ നിന്ന് ഞാനൊരു ആത്മീയപാഠം പങ്കുവെക്കട്ടെ, നാം മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവർ വളർന്നു വരുന്ന സാഹചര്യം എത്ര പ്രശ്നനിബിഡം ആണെങ്കിലും ദൈവത്തിന്റെ മക്കളായി സമൂഹത്തിന് സഭക്ക് മാതൃകയായി തീരുമെന്നുള്ളതാണ് എന്റെ ജീവിത സാക്ഷ്യം.

വളരെ സന്തോഷമായി ഞങ്ങൾ ജീവിച്ചു വരവേ നോഹ അച്ചായന് സ്വർഗത്തിൽ നിന്നൊരു അരുളപ്പാടുണ്ടായി. അതെന്താണെന്നോ, ഭൂമി മുഴുവൻ വഷളായി ദൈവത്തിൽ നിന്ന് അകന്ന് പോയതിനാൽ ജലപ്രളയത്താൽ ഭൂമിയെ നശിപ്പിക്കാൻ പോവുന്നു. ജലപ്രളയത്തിൽ നിന്ന് രക്ഷപെടുവാൻ കുടുംബത്തിന്റെ രക്ഷക്കായി ഒരു പെട്ടകം പണിയുവാനുള്ള നിയോഗം നോഹയച്ചായന്റെ മേൽ വന്നു വീണു. പിന്നെ അങ്ങോട്ടുള്ള ജീവിതം സങ്കർഷഭരിതമായിരുന്നു. തിടുക്കത്തോടെ അച്ചായൻ പെട്ടകം പണിതുടങ്ങി . മക്കളും പണിയിൽ പങ്കാളികളായി. വിശ്രമമില്ലാതെ അച്ചായൻ ഓരോ കവലകളിലും പരസ്യയോഗം നടത്തി. ആര് കേൾക്കാൻ?

അവസാനം ബന്ധുക്കളും കൂട്ടു വിശ്വാസികളും അച്ഛയനെ കുറിച്ച് പറയുന്ന കമന്റുകൾ എന്റെ ചെവിയിലുമെത്തി…. അപ്പുറത്ത് സില്ല പറയുകയാ “എന്റെ ആന്റി അച്ചായന് വട്ടാണെന്നാണ് സഭക്കാരും നാട്ടുകാരും പറയുന്നത്…. ജലപ്രളയം ഉണ്ടാകുമെന്ന് പോലും!!! എല്ലാവരും മാനസാന്തരപ്പെടണം പ്പോലും !!! ഏതെങ്കിലും ആയുർവേദ ശാലയിൽ കൊണ്ടുപോയി നെല്ലിക്കാത്തളം തലയിൽ വച്ച് ഒരു നല്ല ട്രീറ്റ്മെന്റ് നടത്തിയാൽ ഭേദം വന്നേക്കും….”
അവർക്കറിയില്ലല്ലോ അചായന്റെമേൽ വന്ന ദൈവനിയോഗം….! ഞങ്ങൾ ഒത്തിരി പരിഹാസ്യരായി… മക്കൾ സമൂഹത്തിൽ ഒറ്റപ്പെട്ടു..

പെട്ടെന്നൊരു സന്ധ്യാസമയം ദൈവം പറഞ്ഞു… പെട്ടകത്തിൽ കയറി കൊള്ളാൻ “Stay at Ark”. ദൈവത്തിന്റെ ആലോചന അനുസരിച്ച് കാട്ടിലെ കൊമ്പൻ ആന യും ജിറാഫും ഒട്ടകവും എല്ലാം ജോഡി, ജോഡി ആയി പെട്ടകത്തിന്നു മുമ്പിൽ നിരനിരയായി വന്നു….. പെട്ടകത്തിന്റെ കൊച്ചു വാതിലിനു മുമ്പിൽ വൻ കൊമ്പനും, സിംഹ രാജനും, കടുവയും കുഞ്ഞു മുയലും, പാവം കുഞ്ഞ് ഉറുമ്പും എല്ലാം സമന്മാരായി…. എന്തൊരു ഐക്യത!! അതെ ദൈവസഭയിൽ എല്ലാവരും സമന്മാരാണ് എന്ന സാധന പാഠം പെട്ടകത്തിനുള്ളിലെ ഐക്യതയിൽ കൂടി ദൈവം വെളിവാക്കി.

പെട്ടെന്ന് ആകാശം മേഘാവൃതമായി! തുള്ളിക്കൊരു കുടം പേമാരി….. ദൈവം പേട്ട കത്തിന്റെ വാതിലടച്ചു. പെട്ടെന്നതാ, പെട്ടകം പണിത ആശാരി, പണിക്കാർ, അയൽപക്കക്കാർ എല്ലാവരും കുടുംബമായി വന്ന് വാതിലിൽ തള്ളാൻ തുടങ്ങി.. എന്തുചെയ്യാം, ദൈവമല്ലേ വാതിൽ അടച്ചത്…..
പെട്ടകത്തിനുള്ളിലെ ലോക്ക് ഡൗൺ ദിനങ്ങൾ ഒരു വർഷത്തിലധികം പിന്നിട്ടു…. സംഘർഷഭരിതമായിരുന്നു ആ നാളുകൾ…. ഇടുങ്ങിയ സാഹചര്യം, വ്യത്യസ്ത സ്വഭാവക്കാരായ കാട്ടുമൃഗങ്ങൾ…. ശുദ്ധിയുള്ളതും, ശുദ്ധി ഇല്ലാത്തതും….. പൊങ്ങച്ചക്കാരനായ ജിറാഫും, സാധുവായ മാൻകിടാവും, ഗമണ്ടുകാരനായ ആനയും പാവം കുഞ്ഞുറുബും, ഗർജിക്കുന്ന സിംഹവും, കുഞ്ഞാടും എന്തൊരു ഒത്തൊരുമ്മ…. അതിനിടയിൽ ശേമിന്റെ ഒരു കമന്റ് കേട്ട് ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു
പവർവിഷൻ ചാനലുകാർ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അമ്മയോട് ഒരു ചോദ്യം നിശ്ചയമായിരുന്നു…. ആനയും കടുവയും കുഞ്ഞാടും എല്ലാം ഒത്തൊരുമയോടെ കഴിയുന്നത് ഞങ്ങൾക്ക് ഒരു അത്ഭുതമേ അല്ല… എന്നാൽ അമ്മായി അമ്മയും മരുമക്കളും തമ്മിൽ പോര് അടിക്കാതെ ഇത്ര ഹൃദ്യമായി എങ്ങനെ കഴിയുന്നു….
നാളുകൾ വേഗം ഓടിപ്പോയി പെട്ടകം അരാരത്ത് പർവ്വതത്തിൽ ഉറച്ചു അപ്പോഴാണ് ഹാവു…ശ്വാസം നേരെ വീണത്.പതിയെ പതിയെ പെട്ടകത്തിനു പുറത്തിറങ്ങിയപ്പോഴത്തെ കദനകഥ വിവരണാതീതം ആണ്. വാക്കുകൾ എവിടെയോ വിക്കുന്നു. തുടർന്ന് വിവരിക്കുവാൻ എനിക്ക് ശക്തി പോരാ…. കേൾക്കുവാൻ നിങ്ങൾക്കും എന്ന് എനിക്ക് അറിയാം. നിറകണ്ണുകളോടെ എല്ലാവരും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുമ്പോൾ പച്ച ഒലിവിലയുമായി പ്രാവ് പറന്നെത്തി… ആ കൊച്ചരിപ്രാവ് എന്തോ ഒന്ന് നോഹ അച്ചായന്റെ കാതുകളിൽ മന്ത്രിക്കു ന്നതുപോലെ ഞങ്ങൾക്ക് തോന്നി…. ദൈവത്തിന്റെ ന്യായവിധിയുടെ മുമ്പിലാണ് ഭക്തന്റെ വില ലോകമറിയുന്നത്….. അപ്പോഴും ദൈവത്തിന്റെ ഉടമ്പടിയുടെ അടയാളമായ മഴവില്ല് ആകാശത്തിൽ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു…….

ഫിലോ ബെൻ കോശി, തിരുവല്ല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.