ശുഭദിന സന്ദേശം :തടവുകൾ പടവുകൾ | ഡോ.സാബു പോൾ

”സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.”(ഫിലി.1:14).

തടവുകളൊന്നും തടസ്സങ്ങളല്ല, പടവുകളായിരുന്നു പൗലോസിന്. ‘ഏറ്റവും അധികം തടവിലായി’ എന്നതാണ് അദ്ദേഹത്തിൻ്റെ സ്വന്തം സാക്ഷ്യം (2കൊരി.11:23). ഫിലിപ്പി(പ്രവൃ.16:23), യെരുശലേം(21:33), കൈസര്യ(23:35), റോം (28:30) എന്നിവിടങ്ങളിലെ കാരാഗൃഹവാസം അപ്പൊസ്തല പ്രവൃത്തികൾ പറയുമ്പോൾ അന്ത്രോനിക്കൊസിനോടും യൂനിയാവിനോടും കൂടെ തടവിലായിരുന്നത് (റോമ.16:7) എപ്പോഴാണെന്ന് വ്യക്തമല്ല. പൗലോസ് എഴു പ്രാവശ്യം തടവിലായിട്ടുണ്ടെന്നാണ് സഭാപിതാവായ റോമിലെ ക്ലമൻ്റിൻ്റെ കമൻ്റ്.

കാരാഗൃഹത്തിൽ പൗലോസിൻ്റെ വാമൊഴികൾ വരമൊഴിയായി രൂപപ്പെടുമ്പോൾ അതിൽ നിറഞ്ഞു നിന്ന പ്രത്യാശയും വചനത്തിൻ്റെ ഉറപ്പും അകമ്പടി പട്ടാളക്കാരെ സുവിശേഷത്തിലേക്ക് ആകർഷിച്ചു.

കൂടാതെ, മിക്ക സഹോദരന്മാരും ദൈവവചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തയ്യാറായി. സുവിശേഷ പ്രഘോഷണത്തിനും വചനോപദേശത്തിനും പൗലോസ് ഉണ്ടല്ലോ എന്ന് ചിന്തിച്ച്
അതുവരെ തിരശ്ശീലയ്ക്ക് പിറകിൽ മറഞ്ഞു നിന്നവർ ഉത്തരവാദിത്തം നെഞ്ചിലേറ്റി മുന്നിൽ നിരന്നു നിന്നു….

തങ്ങളുടെ കഴിവിൽ സംശയിച്ചവർ, മറ്റുള്ളവരുടെ മുമ്പിൽ നിൽക്കാൻ ഭയപ്പെട്ടവർ കർത്താവിൽ ധൈര്യംപൂണ്ടു….

അങ്ങനെ പൗലോസിൻ്റെ ബന്ധനം സുവിശേഷത്തിൻ്റെ വ്യാപ്തിക്ക് നിമിത്തമായി.
1. വചനം കേൾക്കാൻ വിരളമായ സാധ്യതയുണ്ടായിരുന്ന അകമ്പടിപ്പട്ടാളക്കാർ വിശ്വാസത്തിലേക്കു വന്നു…..
2. പൗലോസിൻ്റെ കൂട്ടുസഹോദരൻമാർ ശുശ്രൂഷയിൽ ശക്തിപ്പെട്ടു…..

പ്രിയമുള്ളവരേ,
ഏതു തടവുകളെയും പടവുകളാക്കി പണിതുയർത്താൻ നിപുണനായ പരമപിതാവിൽ പ്രത്യാശയർപ്പിക്കാം… നാം കേൾക്കുന്ന വാർത്തകൾ പലതും അശുഭമായിരിക്കുമ്പോൾ അവയെ ശുഭകരമാക്കി മാറ്റാൻ കഴിയുന്നവനിൽ ശരണം പ്രാപിക്കാം…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.