ശുഭദിന സന്ദേശം: സമാധാനവും സംരക്ഷണവും | ഡോ.സാബു പോൾ

”നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു…. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.”( യെശ.9:6).

ഒരു പ്രത്യേക ഗോത്രവർഗ്ഗക്കാരുടെയിടയിൽ വേദപുസ്തക പരിഭാഷയ്ക്കായി പോയ ദൈവദാസൻ്റെ അനുഭവം പറഞ്ഞാണ് ഇന്നലെ ചിന്ത ആരംഭിച്ചത്. മറ്റുള്ളവരെ ചതിക്കുന്നത് ഒരു വീരകൃത്യമായി കാണുന്ന ജനവിഭാഗം യൂദായുടെ ആരാധകരായി മാറിയപ്പോൾ യേശുവിനെ എങ്ങനെ അർത്ഥപൂർണ്ണമായി ഇവരുടെ മദ്ധ്യേ അവതരിപ്പിക്കുമെന്ന് ചിന്തിച്ച അദ്ദേഹത്തിനു മുന്നിൽ ദൈവം ഒരു വഴി തുറന്നുകൊടുത്തു….

ഒരു ദിവസം ഗ്രാമവാസികളെല്ലാം പതിവില്ലാത്ത വിധം സന്തോഷിക്കുന്നതും നൃത്തം ചെയ്യുന്നതും അദ്ദേഹം ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവരെല്ലാം ഗ്രാമാതിർത്തിയിൽ നിരയായി നിന്ന് നൃത്തം ചെയ്യുന്നു. അവരോട് സ്ഥിരമായി ശണ്ഠയിടുന്ന അടുത്ത ഗ്രാമവാസികളും അതുപോലെ അതിരിനപ്പുറത്തുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ ഒരു കൂട്ടർ മറ്റേ കൂട്ടർക്ക് കൈമാറി ആഘോഷത്തോടെ പിരിഞ്ഞു പോയി.

നടന്ന കാര്യങ്ങളെന്തെന്നറിയാൻ ആകാംക്ഷയോടെ നിന്ന സുവിശേഷകനോട് വളരെ അടുപ്പമുള്ള ഗ്രാമവാസി കാര്യങ്ങൾ വിശദീകരിച്ചു. എപ്പോഴും പരസ്പരം യുദ്ധം ചെയ്യുന്ന ഇവരുടെയിടയിലുള്ള ആചാരമനുസരിച്ച് ഒരു കുഞ്ഞിനെ ഒരു ഗോത്രക്കാർ മറ്റെ ഗോത്രക്കാർക്ക് കൈമാറിയാൽ ആ കുഞ്ഞ് ജനിച്ചിരിക്കുന്നിടത്തോളം അവർ തമ്മിൽ യുദ്ധമുണ്ടാകില്ല. ‘സമാധാന ശിശു’ എന്നാണ് ആ കുഞ്ഞ് അറിയപ്പെടുന്നത്.

ഇന്നത്തെ വേദഭാഗം സുവിശേഷകൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു. സ്വർഗ്ഗത്തിലെ ദൈവവും മനുഷ്യവർഗ്ഗവുമായുള്ള ശത്രുതയ്ക്ക് പരിഹാരം വരുത്തുവാൻ ഭൂമിയിലേക്ക് വന്ന ‘സമാധാന പ്രഭു’വായ യേശുവിനെ അദ്ദേഹം വരച്ചുകാട്ടി. അങ്ങനെ ആ ഗോത്രവർഗ്ഗക്കാർ രക്ഷകനെ അറിയുവാനിടയായി…

യെശ.7:14ൽ ”കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേൽ എന്ന് പേർ വിളിക്കും” എന്ന പ്രവചനം മത്താ. 1:21-23 വാക്യങ്ങളിൽ നിവൃത്തിയായി.

ഇന്നത്തെ വേദഭാഗത്തിൽ ‘ശിശു ജനിച്ചിരിക്കുന്നു’ എന്നത് യേശുവിൻ്റെ മനുഷ്യത്വത്തെയും ‘മകൻ നൽകപ്പെട്ടിരിക്കുന്നു’ എന്നത് അവൻ്റെ ദൈവത്വത്തെയും കാണിക്കുന്നു.

‘സമാധാന പ്രഭു’ എന്നത് കൂടി ചിന്തിച്ച് സന്ദേശം ഉപസംഹരിക്കാം. സമാധാനം സുരക്ഷിതത്വത്തിൽ നിന്നുമാണ് ഉണ്ടാകുന്നത്…
…ശത്രുവിൽ നിന്ന്
…ദാരിദ്ര്യത്തിൽ നിന്ന്
…രോഗത്തിൽ നിന്ന്
…ആപത്തിൽ നിന്ന്
ഒക്കെയുള്ള സംരക്ഷണം സമാധാനം പ്രദാനം ചെയ്യുന്നു….

എന്നാൽ ആപത്തുകളുടെ അസാന്നിദ്ധ്യത്തിലല്ല, ദൈവീക സാന്നിദ്ധ്യത്തിലാണ് സുരക്ഷിതത്വം നിലനിൽക്കുന്നത്.
(Safety consists not in the absence of dangers but in the presence of God.)

കൂടെ നടക്കുന്ന ദൈവമായ ഇമ്മാനുവേലിനെ എവിടെയെല്ലാം കാണാനാകും…..?
മുമ്പിൽ(യെശ.48:1) പുറകിൽ(യെശ.30:21) വലത്ത്(സങ്കീ.16:8) ഇടത്ത്(ഇയ്യോ.23:9) മുകളിൽ(സങ്കീ.36:7) കീഴെ ശാശ്വത ഭുജങ്ങൾ(ആവ.33:27).

പ്രിയ ദൈവ പൈതലേ,
സമാധാന പ്രഭുവായ ക്രിസ്തു നമ്മിലുണ്ടെങ്കിൽ എന്തിന് പലതിനേയും ഭയപ്പെടണം…? സർവ്വശക്തനായ അവങ്കൽ സകലതും ഭരമേൽപ്പിക്കാം…!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.