ലേഖനം: നമുക്ക് ഒരുമിച്ചു അതിജീവിക്കാം… | ബിൻസൺ കെ.ബാബു, കൊട്ടാരക്കര

ഇന്ന് അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയും മാറിപ്പോകും. ലോകജനത വളരെ ഭീതിയോടും ആശങ്കകളോടും ദിവസങ്ങൾ തള്ളിനീക്കുന്ന സാഹചര്യമാണ് എവിടെയും കാണുന്നത്. ആർക്കും ഒന്നും പറയാൻ പറ്റാത്ത,ചിന്തിക്കുന്നതിലും അതീതമായി സ്ഥിതിഗതികൾ പോയ്കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂറിലും അനേകർ ഈ ലോകം വിട്ടു യാത്ര ആയികൊണ്ടിരിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.തങ്ങളുടെ പ്രീയപെട്ടവരെ ഒരു നോക്ക് കാണാൻ പറ്റാത്ത രീതിയിൽ ദൂരവേ നിന്ന് അവർക്കു യാത്ര മൊഴി കൊടുക്കുന്നു. ഈ മഹാമാരിയെ അതിജീവിക്കാൻ വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന ജനങ്ങൾ,അതിലുപരി നമ്മുടെ ഡോക്ടർമാർ,നേഴ്‌സുമാർ,ആരോഗൃ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ,പോലീസ് ഉദ്യോഗസ്ഥർ,ഭരണാധികാരികൾ എല്ലാവരും ഒറ്റകെട്ടായി നിന്ന് മഹാവ്യാധിക്കെതിരെ പ്രതികരിക്കുന്നു. അത് വിജയത്തിലേക്ക് നയിക്കുന്നു. കൂട്ടായ പ്രവർത്തനങ്ങൾ ആണ് ഏതൊരു പ്രതിസന്ധികളെയും തരണം ചെയ്യുവാൻ സാധിക്കുന്നത്. സർക്കാർ,ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അതിനുവേണ്ടുന്നത് അതിനെതിരായി പ്രവർത്തിക്കുക എന്നല്ല , ആ നിയമങ്ങൾക്കു കീഴ്‌പെടുക എന്നതാണ്. അത് ഒരു നല്ല ഭാവിക്കുവേണ്ടിയാണ്.
ഇവിടെയാണ് ഒരു ദൈവപൈതൽ ബുദ്ധിയോടും,സാമൂഹിക പ്രതിബദ്ധതയോടും പ്രവർത്തിക്കേണ്ടത്.

ഈ ലോക് ഡൌൺ സമയത്തു ചില ഇടങ്ങളിൽ കൂട്ടായ്മകൾ നടത്തിയതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർ ഇടപെടേണ്ടി വന്നു എന്നുള്ള വാർത്തകൾ കേട്ടു. സഭ നേതൃത്വങ്ങൾ ഉൾപ്പെടെ എല്ലാ സഭകളോടും പ്രസ്താവന പറഞ്ഞാതാണ് സർക്കാർ നിയമങ്ങൾ ഈ സമയത്തു പാലിക്കണമെന്ന്. എന്നാൽ അതിനു വിപരീതമായി വാശി കാണിച്ചും, എതിർത്തും കൂട്ടായ്മകൾ നടത്താൻ ദൈവദാസന്മാർ തുനിഞ്ഞു എന്നുള്ളത് വളരെ ദുഃഖകരമാണ്. സാമൂഹിക നന്മയ്ക്കും,വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കേണ്ട നാം നിയമങ്ങളെ മറുതലിക്കാൻ അല്ല നോക്കേണ്ടത്, അതിനെ സംരക്ഷിക്കുകയും,പാലിക്കുകയുമാണ് വേണ്ടത്. നാമാണ് മറ്റുള്ളവർക്ക് മാതൃകയായി നിൽക്കേണ്ടത്.

പ്രാർത്ഥിക്കുന്ന ഒരു ദൈവപൈതൽ എവിടെ ഇരുന്നാലും പ്രാർത്ഥിക്കും,ആരാധിക്കും. സഭാഹോളുകൾ അടഞ്ഞുകിടന്നാലും നമ്മുടെ ഭവനങ്ങൾ പ്രാർത്ഥനാലയങ്ങളായി മാറും. സഭാഹോളുകളിൽ പോയാൽ മാത്രമേ ആരാധനയും,പ്രാർത്ഥനയും വരുമെന്നുള്ള ചിലരുടെ ഇടുങ്ങിയ ചിന്താരീതികൾ ഈ സാഹചര്യത്തിൽ നിന്നും മാറ്റി, നമ്മൾ പാർക്കുന്ന ഭവനങ്ങളിൽ എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചുകൂടി എല്ലാ ദിവസവും ശക്തമായി പ്രാർത്ഥിച്ചാൽ സാഹചര്യങ്ങളെ മാറ്റുവാൻ ദൈവം വലിയവനാണ്. നാം ആയിരിക്കുന്ന സ്ഥലത്തു ലോകരാഷ്ട്രങ്ങൾക്കുവേണ്ടി, ഈ രോഗം നേരിട്ട് പ്രയാസത്തിലായിരിക്കുന്ന, തങ്ങളുടെ പ്രീയപെട്ടവരെ നഷ്ടപെട്ട കുടുംബങ്ങൾക്കുവേണ്ടി,ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സഹോദരി സഹോദരന്മാർക്കുവേണ്ടി, നിയമപാലകർക്കുവേണ്ടി നാം പ്രാർത്ഥിക്കാൻ കടപ്പെട്ടവരാണ്. അതിനാകട്ടെ ഈ സമയം.

നാം ഒരുമിച്ചുനിന്നെങ്കിൽ മാത്രമേ ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയുള്ളു. നമ്മിൽ നിന്നും രോഗം പടർന്നുപോകാനല്ല നാം ശ്രമിക്കേണ്ടത്, മറിച്ചു അതിനെ തടഞ്ഞുനിർത്താനാണ് നാം ശ്രമിക്കേണ്ടത്. സാമൂഹിക അകലങ്ങൾ ബന്ധങ്ങൾ നഷ്ടപെടാനല്ല, പിന്നീട് ആ ബന്ധങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ വേണ്ടിയാണ്. നമ്മൾ അതിജീവിക്കും…അതിജീവനം എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെ…

ബിൻസൺ കെ.ബാബു, കൊട്ടാരക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.