ലേഖനം: പ്രാർത്ഥനയെ നിരീക്ഷിക്കുന്ന യേശുക്രിസ്തു | പി.എം. മാത്യു (ജോയി)

പ്രാർത്ഥനയ്ക്ക്, പ്രത്യേകിച്ച് പ്രാർത്ഥനയുടെ പിന്നിലുള്ള ഉദ്ദേശത്തിനും പ്രാർത്ഥനാ സമയത്തെ മനോഭാവത്തിനും വളരെയധികം പ്രാധാന്യം യേശുക്രിസ്തു നൽകിയിരുന്നു.

പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന ലൂക്കോസ് 18: 10-14 വാക്യങ്ങളിലാണ് വിവരിച്ചിരിക്കുന്നത്.
വാക്യം 11 ശ്രദ്ധിക്കുക:
പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: “ദൈവമേ , പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു”.
വാക്യം 12-ൽ തന്റെ കൂടുതൽ യോഗ്യത നിരത്തുകയാണ്.
“ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു ; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തു വരുന്നു”.

താൻ വിശുദ്ധനും നീതിമാനും ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായി ഒരല്പം നീളമുള്ള പ്രാർത്ഥനയാണ് പരീശൻ നടത്തിയത്. മറ്റുള്ളവരെ, തന്നോടൊപ്പം പ്രാർത്ഥിക്കാൻ വന്ന ചുങ്കക്കാരനെപ്പോലും കുറ്റപ്പെടുത്താനും വിചാരണ ചെയ്യാനുമാണ് പരീശൻ ശ്രമിച്ചത്. തന്നെത്തന്നെ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ മുമ്പിൽ മതിപ്പുളവാക്കാൻ ശ്രമിക്കുന്നവന്റെ ഒരു നിഷ്പ്രയോജന പ്രാർത്ഥനയായിരുന്നു അത്.
ഒരു കപട നാടകക്കാരന്റെ പ്രാർത്ഥനയുടെ പരിപൂർണ്ണ ഉദാഹരണം.

ഇനി, ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിക്കുക(വാക്യം 13):
ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു; ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

വളരെ ആത്മാർത്ഥത ഉള്ളതും അർത്ഥവത്തായതുമായ ഒരു ലഘുപ്രാർത്ഥന. പരീശന്റെ പ്രാർത്ഥനയിലെ അപമാനകരമായ വാക്കുകൾ കൊണ്ട് മുറിവേറ്റ വ്യക്തിയാണ് ചുങ്കക്കാരൻ.
എന്നാൽ ഞാൻ ഒരു പാപി ആണെന്നും കർതൃകൃപ എനിക്ക് ആവശ്യമുണ്ടെന്നും തിരിച്ചറിഞ്ഞ സത്യസന്ധനും വിവേകിയും ആയിരുന്നു ചുങ്കക്കാരൻ.

ഈ രണ്ട് പ്രാർത്ഥനകളെയും നിരീക്ഷിച്ച ശേഷമുള്ള യേശുക്രിസ്തുവിന്റെ മറുപടി ശ്രദ്ധിക്കുക: അവൻ(ചുങ്കക്കാരൻ)
നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി ; മറ്റവൻ അങ്ങനെയല്ല . തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും”.

പരീശൻ തന്നെത്തന്നെ നീതീകരിക്കാൻ ശ്രമിച്ചു. പക്ഷേ യേശുക്രിസ്തുവിന്റെ മുമ്പിൽ അവന് നീതീകരണം ലഭിച്ചില്ല. മറുവശത്ത്, സ്വയം നീതീകരിക്കാതെ താനൊരു പാപിയാണെന്ന് ഏറ്റുപറഞ്ഞ ചുങ്കക്കാരനെ കർത്താവ് നീതീകരിച്ചു.

പ്രാർത്ഥിക്കുമ്പോൾ നാം വളരെ ജാഗ്രതയുള്ളവരാകുക. നാം ആരോടാണ് പ്രാർത്ഥിക്കുന്നതെന്ന ചിന്തയെങ്കിലും എപ്പോഴും ഉണ്ടായിരിക്കണം. താഴ്മയോടും ദൈവഭയത്തിലും പ്രാർത്ഥിക്കാനായി തിരുമുമ്പിൽ എത്തുക. പരീശനെപ്പോലെ വിശുദ്ധനായി ചമഞ്ഞ് മറ്റുള്ളവരുടെ മുൻപിൽ മാന്യൻ ആകാനുള്ള നാടകങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കുക.
മറ്റുള്ളവരെ വിധിക്കേണ്ട ആവശ്യവും നമുക്കില്ലല്ലോ. വിനയത്തോടും ഹൃദയ നുറുക്കത്തോടും കൂടി പ്രാർത്ഥിക്കുക. അപ്പോഴാണ് ദൈവം നമ്മെ ഉയർത്തുന്നതും എല്ലാറ്റിനും മീതെ ദൈവനാമം മഹത്വപ്പെടുന്നതും. നമ്മുടെ സമയം കൂടുതൽ വിവേകത്തോടെ പ്രാർത്ഥനയിൽ ചെലവഴിക്കാൻ ശ്രമിക്കുക.
നമ്മുടെ പാപങ്ങളെയും പരാജയങ്ങളെയും പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യാം.

മറന്നു കളയരുത്, നമ്മുടെ പ്രാർത്ഥനകളെ യേശു നിരീക്ഷിക്കുന്നുണ്ട്.

പി.എം. മാത്യു(ജോയി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.