ശുഭദിന സന്ദേശം : ബുദ്ധിയേറിയവരും, ബുദ്ധി കുറഞ്ഞവരും | ഡോ.സാബു പോൾ

“അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ”(ലൂക്കൊ.16:9).

അമേരിക്കയിൽ എത്തിയ ഇന്ത്യാക്കാരനായ
ഡോക്ടർക്ക് ഹോസ്പിറ്റലിൽ ജോലി ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം സ്വന്തമായി ഒരു ക്ലിനിക് തുടങ്ങിയിട്ട് പുറത്തൊരു ബോർഡ് വെച്ചു.

ചികിത്സക്ക് $20 മാത്രം! സൗഖ്യമായില്ലെങ്കിൽ $100 തിരിച്ചു നൽകുന്നതാണ്.

അമേരിക്കക്കാരനായ ഒരു വക്കീൽ ഈ അവസരം ഉപയോഗിച്ച് $100 കൈവശമാക്കാൻ തീരുമാനിച്ചു.

വക്കീൽ: ”എനിക്ക് നാവിൻ്റെ രുചിയറിയാനുള്ള കഴിവ് നഷ്ടമായി.”
ഡോ.: ”നേഴ്സ്, ബോക്സ് നമ്പർ 22 ലെ മരുന്ന് 3 തുള്ളി ഇദ്ദേഹത്തിൻ്റെ വായിൽ ഒഴിക്കൂ.”
വക്കീൽ: ”ആ…. ഇത് മണ്ണെണ്ണയല്ലേ?”
ഡോ.: “അഭിനന്ദനങ്ങൾ! താങ്കൾക്ക് രുചിയറിയാനുള്ള കഴിവ് തിരിച്ചു കിട്ടിയിരിക്കുന്നു. $ 20 തന്നാട്ടെ.”

വിഷണ്ണനായ വക്കീൽ ചില ആഴ്ചകൾക്കു ശേഷം തൻ്റെ പണം തിരിച്ചുപിടിക്കാൻ തിരിച്ചെത്തി.

വക്കീൽ: ”എൻ്റെ ഓർമ്മ നഷ്ടപ്പെട്ടു. ഒന്നും ഓർക്കാൻ കഴിയുന്നില്ല.”
ഡോ.: “നേഴ്സ്,
22-ാമത്തെ ബോക്സിലെ മരുന്ന് 3 തുള്ളി ഇദ്ദേഹത്തിൻ്റെ വായിൽ ഒഴിക്കൂ!”
വക്കീൽ(അനിഷ്ടത്തോടെ): “ഇത് മണ്ണെണ്ണയല്ലേ? കഴിഞ്ഞ പ്രാവശ്യവും ഇത് തന്നെയാണെനിക്ക് തന്നത്.”
ഡോ.: “അഭിനന്ദനങ്ങൾ! താങ്കൾക്ക് ഓർമ്മ തിരിച്ചു കിട്ടി. $20 തന്നാലും.”

രോഷാകുലനായ വക്കീൽ എങ്ങനെയെങ്കിലും 100 ഡോളർ കൈവശമാക്കാൻ ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തി.

വക്കീൽ: “എൻ്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി”
ഡോ.: “സോറി! അതിൻ്റെ ചികിത്സ ഇവിടില്ല. $100 ഇതാ വാങ്ങിക്കൊൾക.”
വക്കീൽ (നോട്ടിൽ നോക്കിയിട്ട്): “പക്ഷേ, ഇത് $20 ആണ് $100 അല്ല.”
ഡോ.: “അഭിനന്ദനങ്ങൾ! താങ്കൾക്ക് കാഴ്ച തിരിച്ചു കിട്ടി. $20 തന്നാട്ടെ.”

ഇതുപോലെ ബുദ്ധിയുള്ള ഒരു കാര്യവിചാരകനെക്കുറിച്ചാണ് ഇന്നത്തെ വേദഭാഗം(16:1-13) പറയുന്നത്.

യേശുക്രിസ്തുവിൻ്റെ സന്ദേശങ്ങൾ സരളമായിരുന്നു. ഗഹനമായവയെ ഉപമകളാൽ അവിടുന്ന് ലളിതമാക്കി. എന്നാൽ ഉപമയായി പറഞ്ഞിട്ടും ദുർഗ്രഹമായിരിക്കുന്ന ഒന്നാണ് ഈ വേദഭാഗം. ദ്രവ്യാഗ്രഹത്തെയും മാമ്മോനെയും രൂക്ഷമായി വിമർശിച്ച യേശു ഇവിടെ മാത്രം ‘മാമ്മോനെക്കൊണ്ട് സ്നേഹിതരെ ഉണ്ടാക്കിക്കൊൾവിൻ’ എന്നു പറയുമ്പോൾ ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികമാണ്.

ഈ കാര്യവിചാരകനെക്കുറിച്ച് വസ്തുവക നാനാവിധമാക്കുന്നുവെന്ന് ചിലർ കുറ്റം പറഞ്ഞു(വാ.1). ഇത് വെറും ആരോപണമാണോ, വാസ്തവമാണോയെന്ന് വ്യക്തമല്ല. വെറും ആരോപണമാകാനാണ് സാദ്ധ്യത, കാരണം അവന് സമ്പാദ്യങ്ങളൊന്നും സ്വന്തമായില്ലായിരുന്നു. എന്തായാലും, യജമാനൻ അവനെ പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചു.

കിളപ്പാൻ പ്രാപ്തിയില്ലാത്തവനും ഇരക്കാൻ നാണിക്കുന്നവനുമായ കാര്യവിചാരകൻ കടക്കാരുടെ കടങ്ങൾ ഇളെച്ചു കൊടുത്ത് അവരെ സ്നേഹിതരാക്കുന്നു. അങ്ങനെ അവരെല്ലാം തന്നെ നാളെകളിൽ സഹായിക്കുമെന്ന് ഉറപ്പു വരുത്തുന്നു. വിവേകത്തോടെ പ്രവർത്തിച്ച അവനെ യജമാനൻ അഭിനന്ദിക്കുന്നു.

ഇത്രയും പറഞ്ഞിട്ടാണ് ഇന്നത്തെ വാക്യം കർത്താവ് പറയുന്നത്.
കാര്യവിചാരകൻ ഇത്രയും നാൾ കൈകാര്യം ചെയ്തിരുന്നത് സ്വന്തമല്ലാത്ത സമ്പത്തായിരുന്നു. അത് ഉപയോഗിച്ച് തന്നെയാണ് അവൻ സ്നേഹിതരെ സമ്പാദിച്ചത്.

ഈ ലോകത്തിൽ നമുക്ക് ലഭിച്ചതൊന്നും സ്വന്തമല്ല, കാര്യവിചാരകൻ എന്നതുപോലെ ഭരമേൽപ്പിക്കപ്പെട്ടതാണ്. അത് മറ്റുള്ളവർക്ക് ഉപകാരമായി ചിലവഴിച്ചാൽ നിത്യതയിലേക്ക് മുതൽക്കൂട്ടായി മാറും.

പണം ഒന്നുമല്ലെന്ന് പ്രളയം നമ്മെ പഠിപ്പിച്ചു. പക്ഷേ, വെള്ളം താഴ്ന്നപ്പോൾ നാം വീണ്ടും പഴയപടിയായി. വീണ്ടും അതേ പാഠം കൊറോണ പഠിപ്പിക്കുന്നു…..

നല്ല കാര്യവിചാരകരാകാം..!
അത്യൽപ്പത്തിൽ വിശ്വസ്തരാകാം….!!
നിത്യതയ്ക്കായി സമ്പാദിക്കാം…..!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.