ലേഖനം: ദൈവത്തിന്റെ ലോക്ഡൗണിലോ നാം ?? | ഷെറിൻ ബോവസ്

ലോക്ഡൗൺ എന്ന പദം ഇപ്പോൾ കേൾക്കുന്നത് തന്നെ ഭയത്തോടെ ആണ്.മനുഷ്യനയനങ്ങൾക്ക് അദൃശ്യമായ “കൊറോണ” എന്ന ഒരു വൈറസിന്റെ അതിപ്രസരണംമൂലം തിരക്കുകൾ കാരണം ഭവനങ്ങളിൽ ഇരിക്കുവാൻ സമയം ഇല്ലാതിരുന്നവർ ഇപ്പോൾ വീട്ടിലിരുന്ന് സമയം കളയുന്നു , ജനനിബിഡ്ഡമായിരുന്ന തെരുവുകൾ ശൂന്യമായി , നൂറുകണക്കിന് വിമാനങ്ങൾ വന്നും പോയുമിരുന്ന വിമാനത്താവളങ്ങൾ യാത്രാവിലക്കുകൾ ഏർപ്പെടുത്തി നിശ്ചലമായി , അതിർത്തികൾ അടച്ചു രാജ്യങ്ങൾ തമ്മിൽ യാതൊരുബന്ധമില്ലാതായിരിക്കുന്നു – അങ്ങനെ ലോകത്തിന്റെ മുഖം പ്രവചിക്കുവാൻ കഴിയുന്നതിലും ഉപരി വികൃതമാകുന്നു. ആശങ്കയോടും, ആവലാതിയോടെയും, ഭയത്തോടെയും ഓരോ നിമിഷം തള്ളിനീക്കുന്ന സാഹചര്യമാണ് ഇന്ന് മാനവസമൂഹത്തിന്, ആർക്കും ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥ.
എങ്കിൽ ദൈവവചനംപറയുന്നതോ;
” ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല(സങ്കീർത്തനം 91:10).ദൈവത്തിന്റെ കരുതലിന്റെയും, ദൈവപൈതലിനോടുള്ള സുരക്ഷിതത്വത്തിന്റെയും വിശദീകരണമാണ് തൊണ്ണൂറ്റൊന്നാം സങ്കീർത്തനത്തിൽ വായിക്കുവാൻ കഴിയുന്നത്. കേട്ടു പരിചയമില്ലാത്ത ചില പദങ്ങൾ കേൾക്കുകയും, പഠിക്കുകയും, അത് ജീവിതത്തിൽ അനുഭവിക്കുകയും, അതിനെ മനുഷ്യർ സധൈര്യം നേരിടുകയും ചെയ്യുന്ന ഈ വേളയിൽ ഒരു ദൈവപൈതലിന്റെ ഏക പ്രത്യാശയും ,ആശ്രയവും എന്തെന്നാൽ ദൈവ വചനവും, ദൈവീക വാഗ്ദത്തങ്ങളുമാണ്.

ദൈവീക ലോക്ഡൗണിനെപ്പറ്റി വേദപുസ്തകത്തിൽ ആകമാനം പരിശോധിച്ചാൽ, ആദിമുതലേ മനുഷ്യനോടുള്ള ബന്ധത്തിൽ ദൈവം അത് നിറവേറ്റികൊണ്ടിരിക്കുന്നതാണെന്ന് മനസിലാക്കുവാൻ കഴിയും.
മാനുഷികബുദ്ധിക്ക് ഊഹിക്കാൻപ്പോലും കഴിയാത്തവിധത്തിൽ ദൈവം ഏർപ്പെടുത്തിയ ലോക്ഡൗണുകളെ അനുഭവിച്ചിട്ട് ത്യജിച്ചവരും , അനുഭവിച്ചു ദൈവസന്നിധിയിൽ നന്ദിയർപ്പിച്ചവരും ഉണ്ട്. ഒരു ഭക്തനു പ്രതികൂല സാഹചര്യം കടന്നുവരുന്നതിന് മുൻപ് തന്നെ,അതിനെ അതിജീവിക്കുന്നതിനുള്ള സാഹചര്യവും മുൻകരുതലുകളും അവന്നറിയാതെ തന്നെ ദൈവമൊരുക്കുമെന്നതിന് യാതൊരു സംശയവുമില്ല.
ആദ്യമാതാപിതാക്കളെ സൃഷ്ടിച്ചനന്തരം അവരുടെ അതിജീവനത്തിനും, പാർക്കുന്നതിനുമായി യഹോവ കല്പിച്ചുണ്ടാക്കിയ ഏദൻ തോട്ടവും; അവിടെ അവർക്കുവേണ്ടി ഒരുക്കിയ വ്യവസ്ഥകളും, ആനുകൂല്യങ്ങളും ചിന്താതീതമാണ്. എന്നാൽ ദൈവം അവർക്കുമുൻപിൽ വെച്ച നിബന്ധനകൾ പാലിക്കുന്നതിൽ ലംഘനം വരുത്തിയതിനാൽ ദൈവീക ലോക്ഡൗണിൽ നിന്നും അവർ നിരുപാധികം പുറത്താക്കപ്പെട്ടു.അതുപോലെ
മിസ്രയീമിൽ നിന്നും മോശയുടെ നേതൃത്വത്തിൽ കാനാനിലേക്ക് പുറപ്പെട്ട യിസ്രായേൽ മക്കൾക്ക് , യാത്രയിൽ ഉടനീളം അഗ്‌നിസ്തംഭം മുമ്പും പിമ്പും കാവലായും , മേഘസ്തംഭം തണലായും, മനുഷ്യസ്പർശമേൽകാത്ത മന്ന ആഹാരമായി നല്കിയും, അവരുടെ അപേക്ഷകൾ ആവശ്യാനുസരണം സമയാസമയങ്ങളിൽ നിറവേറ്റികൊടുത്തും ദൈവം അവരെ നടത്തിയപ്പോൾ അവരിൽ അനേകർ പലപ്പോഴും വികാരനിർഭരരായി ദൈവത്തോട് മത്സരിക്കുകയും,ദൈവകോപത്തിന്‌ അർഹരാവുകയും വാഗ്ദത്തനാട് പ്രാപിപ്പാൻ കഴിയാതെ യാത്രാമധ്യേ പട്ടുപോയി. ഈ രണ്ടു സംഭവങ്ങളിൽക്കൂടെ ഒരുകാര്യം വ്യക്തമാണ് ദൈവീക കരുതലിന്റെ പ്രത്യേക പാക്കേജുകൾ ജീവിതത്തിൽ അനുഭവിക്കാൻ കുറുക്കുവഴികൾ ഒന്നുംതന്നെയില്ല എന്നതാണ്.

വിശ്വാസജീവിതത്തിൽ ഒട്ടനവധി പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തോട് മറുതലിക്കുന്നതിന്റെ ഏക കാരണം ദൈവീക കരുതലിന്റെ ആഴവും, വിധങ്ങളും മനസിലാക്കാത്തതിനാലോ,ദൈവത്തിനുവേണ്ടി കാത്തിരിക്കുവാൻ കഴിയാത്തതുകൊണ്ടോ ആയിരിക്കും . അനുദിനജീവിതത്തിൽ നിരന്തരം ആശയറ്റുപോകാതെ ദൈവീക ലോക്ഡൗൺ അനുഭവിക്കണമെങ്കിൽ അവൻ കല്പിച്ചിരിക്കുന്ന നിബന്ധനകൾ അതുപോലെ നിറവേറ്റുവാനും, പാലിക്കുവാനും കഴിഞ്ഞേ മതിയാകൂ. ഏതെങ്കിലും വിധത്തിൽ അത് ലംഘിക്കുവാൻ തുനിഞ്ഞാൽ പരിണിതഫലം നിർവചിക്കുവാൻ സാധ്യമല്ല. എന്നാൽ നോഹയുടെയും ഇയ്യോബിന്റെയും ജീവിതം പഠിച്ചാൽ ദൈവത്തിന്റെ സുരക്ഷിതത്വത്തിന്റെ മഹത്വം മനസിലാക്കാൻ കഴിയും. ദൈവമുൻപാകെ നിഷ്കളങ്കരായി , നീതിയോടും വിശ്വസ്തതയോടും പരാമർത്ഥതയോടുകൂടെ നടന്നതിനാൽ ദൈവീക പരിപാലനം അനുഭവിക്കുന്നതിനടയായി.ഭൂമിയിൽ മനുഷ്യസൃഷ്ടിപ്പിനു ശേഷം ദൈവം മനുഷ്യനെ ചൊല്ലി (അവന്റെ പാപം നിമിത്തം) ദുഃഖിക്കുന്ന സാഹചര്യത്തിലാണ്, നോഹ ദൈവത്തോടുകൂടെ നടന്നതും, കൃപലഭിച്ചതും. ഭക്തനായ ഇയ്യോബാണെങ്കിൽ നിനച്ചിരിക്കാത്ത കഷ്ടങ്ങളും , നഷ്ടങ്ങളും നിരവധി ആഞ്ഞടിച്ചപ്പോഴും ദൈവം അവനെ കൈവിടില്ല എന്നുതന്നെ ഉറപ്പിച്ചുപറയുകയാണുണ്ടായത് .ദൈവത്തിൽ ആശ്രയിക്കുന്ന ഒരുവനു അവന്റെ ചുറ്റുപാട് എത്ര വിപരീതമായതായാലും ദൈവത്തെ അന്വേഷിക്കുന്നതിന് യാതൊരു മടിയുമുണ്ടാവില്ല. അങ്ങനെയുള്ള ഭക്തനുമാത്രമേ ദൈവം അവനുവേണ്ടിമാത്രം വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ദൈവീകമർമ്മങ്ങളെ മനസിലാക്കുവാനും , അത് ജീവിതത്തിൽ പ്രാപിക്കുവാനും സാധിക്കുകയുള്ളു. അപ്പോസ്തോലനായ പൗലോസ് 1 കൊരിന്ത്യർ 10:13 ൽ ഇപ്രകാരം പ്രബോധിപ്പിക്കുന്നു; മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടുന്നതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

ആയതിനാൽ കഷ്ടദിവസത്തിൽ വിടുതൽ ലഭിപ്പാൻ പറ്റിച്ചേരേണ്ടവനോട് പറ്റിച്ചേർന്ന് അവന്റെ ഹിതത്തിനു സമർപ്പിതരാകുവാൻ ദൈവജനം തയ്യാറാവണം. അന്യഥാ തന്നിഷ്ടപ്രകാരം ജീവിതം നയിക്കാൻ തുനിഞ്ഞാൽ; സ്വപനത്തിൽപ്പോലും നിനയ്ക്കാത്ത രീതിയിൽ ദൈവസന്നിധിയിൽ നാം ഐസൊലേറ്റഡ് ആയിപ്പോകും. ആകയാൽ ദൈവമക്കൾ ഭാരപ്പെടേണ്ട ആവശ്യമൊന്നുമേയില്ല , കാരണം ദൈവത്തിന്റെ യഥാർത്ഥ ലോക്ഡൗൺ താമസംവിനാ സംഭവിക്കാൻപോകുന്നതിന്റെ മുന്നോടിയാണ് ഈ മഹാമാരി. നമുക്ക് ഇപ്പോൾ ഇത് മനസിലാക്കാൻ കഴിയാതെപോയാൽ മനസിലാക്കാൻ ഇനി സമയമുണ്ടാവുകയില്ല എന്നത് തീർച്ച. യേശുകർത്താവിന്റെ മേഘപ്രത്യക്ഷത എപ്പോൾ വേണമെങ്കിലും ഏതു നേരത്തും സംഭവിക്കാം. ആയതിനാൽ ആ സുദിനത്തിനായി ഒരുങ്ങി കാത്തിരിക്കാം. മാറാനാഥാ..

ഷെറിൻ ബോവസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.