ശുഭദിന സന്ദേശം : ഉറക്കെ വിളിക്ക അടങ്ങിയിരിക്കരുത് | ഡോ.സാബു പോൾ

”ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ…അറിയിക്ക”(യെശ.58:1).

post watermark60x60

ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യമായി നടന്ന 21 ദിന ഉപവാസ പ്രാർത്ഥന…
റോഡ് സൈഡിലുള്ള ഭവനത്തിൽ വെച്ചാണ് തുടർമാനമായി യോഗങ്ങൾ നടക്കുന്നത്. സ്വാഭാവികമായി മറ്റുള്ളവർക്ക് ശബ്ദം ഒരു ശല്യമായി. അവർ അതിനെക്കുറിച്ച് പരാതി പറഞ്ഞു…

അന്ന് രാത്രി ശുശ്രൂഷയ്ക്കെത്തിയ ദൈവദാസൻ ഇക്കാര്യം അറിഞ്ഞു. അന്നത്തെ പ്രസംഗത്തിൻ്റെ കുറിവാക്യം യെശ.58:1 ആയിരുന്നു. ആരെല്ലാം എതിർത്താലും നിൻ്റെ പ്രാർത്ഥനയുടെ ശബ്ദം കുറയരുത്….
ആരാധനയുടെ ആർപ്പ് അടക്കരുത്….
ഉറക്കെ വിളിക്ക…..! അടങ്ങിയിരിക്കരുത്…!!

Download Our Android App | iOS App

വിശ്വാസ ജീവിതത്തിൽ പിച്ചവെച്ചു തുടങ്ങിയ ഞാനും അന്ന് ആവേശത്താൽ പതിവിലും ഉയർന്ന ശബ്ദത്തിൽ ദൈവത്തെ സതുതിച്ചു.

വചനം പഠിക്കാൻ സെമിനാരിയിൽ എത്തിയപ്പോഴാണ് പശ്ചാത്തലം വ്യക്തമായി പഠിച്ച് പൊരുൾ തിരിക്കണം എന്ന വ്യാഖ്യാനത്തിൻ്റെ സുവർണ്ണ നിയമം തിരിച്ചറിഞ്ഞത്.

അതിനു ശേഷം ഇതേ വേദഭാഗം വായിച്ചപ്പോൾ മനസ്സിലായി ഇവിടെ ‘ഉറക്കെ വിളിക്ക’ എന്നത് ശബ്ദ നിയന്ത്രണമില്ലാതെ ആരാധിക്കാനുള്ള ആഹ്വാനമല്ല പ്രത്യുത, സ്വയംശോധനയ്ക്ക് തയ്യാറല്ലാതെ അനുഷ്ഠാനങ്ങൾ നടത്തി സ്വയം സമാധാനിക്കുന്ന ദൈവജനത്തിനെതിരെയുള്ള മൂർച്ചയുള്ള മുന്നറിയിപ്പായിരുന്നെന്ന്.

യഥാർത്ഥത്തിൽ ഇവിടെ പ്രവാചകനോട് ശബ്മുയർത്താൻ ദൈവം പറയുന്നത് ഉപവാസത്തിനായി വന്നു കൂടിയിരിക്കുന്ന ജനത്തിനെതിരെയാണ്…

പലപ്പോഴും വചനം സുവ്യക്തമായി പറയുന്നത് കണ്ടില്ലെന്ന് നടിച്ച് എല്ലാ വാക്യങ്ങൾക്കും ആലങ്കാരിക വ്യാഖ്യാനം നൽകി സ്വയം രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിക്കുകയല്ലേ നമ്മൾ…?

അതുകൊണ്ടല്ലേ ഉപവാസ പ്രാർത്ഥനകളിൽ അനുതാപത്തിൻ്റെ കണ്ണുനീരിനെക്കാൾ ശാസനയുടെ മുരൾച്ചകൾ നിറയുന്നത്.
തെറ്റുകളെല്ലാം ചെയ്യുന്നത് പിശാച്….
അതിനെ ജയിക്കുന്നത് ആത്മാവിൻ്റെ ശാസനയാൽ….
എന്തു വേണമെങ്കിലും (കൊറോണയെപ്പോലും) കത്തിച്ചു കളയാനുള്ള തീ നമ്മുടെ കയ്യിൽ ഇഷ്ടം പോലെ സ്റ്റോക്കുണ്ട് താനും……

എന്നാൽ വചനപ്രകാരമുള്ള ഉപവാസത്തിൽ ആത്മതപനമാണ് ആദ്യം. അങ്ങനെ വിശുദ്ധീകരിക്കപ്പെട്ടവൻ്റെ ശാസനയിലാണ് പിശാച് പരാജയപ്പെടുന്നത്. വിശുദ്ധൻ്റെ ആരാധനയാണ് ദൈവത്തിന് സുപ്രസാദ യാഗമായിത്തീരുന്നത്.

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒത്തിരി പ്രാർത്ഥനകളും ഉപവാസങ്ങളും നടക്കുന്നതിനാൽ ഈ വിഷയം അൽപ്പം ആഴമായി ചിന്തിക്കുന്നത് നല്ലതാണ്…..
(തുടരും)

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like