കണ്ടതും കേട്ടതും: കൊറോണാ എന്ന ലോക സഞ്ചാരിക്ക് വാഹന സൗകര്യം ഒരുക്കരുതേ… | അനീഷ് മാവേലിൽ

കൊറോണാ ഒരു ലോക സഞ്ചാരിയാണ്‌. അവനു രാജ്യങ്ങളോ, അതിർത്തികളോ, കാലാവസ്ഥയോ, കാലാവസ്ഥാ വ്യതിയാനങ്ങളോ ഒന്നും ഒരു പ്രശ്നമല്ല… ലോകത്തെ വിറപ്പിക്കുന്ന ഭരണ കർത്താക്കളോ, രാജ്യങ്ങളോ ഒന്നും അവന്റെ സഞ്ചാര പഥത്തിൽ ഒരു ശത്രുവേ അല്ല. സമ്പന്നതയും, ദാരിദ്ര്യവുമൊന്നും അവനു വിഷയമല്ല. കാറിലും, ബസ്സിലും, ട്രെയിനിലും, വിമാനത്തിലും, കപ്പലിലും ഈ സഞ്ചാരി കയറി ഇറങ്ങും. ആശുപത്രിയിലും, വിദ്യാലയത്തിലും, പള്ളിയിലും, അമ്പലത്തിലും, ഉത്സവങ്ങളിലും, പ്രാർത്ഥനകളിലും, ചന്തയിലും എന്ന് വേണ്ട ചെണ്ടപ്പുറത്ത് കോലു വീഴുന്ന, അല്ലെങ്കിൽ നാലാള് കൂടുന്ന സകലമാന ഇടത്തും ടിക്കറ്റോ, വിസയോ, പാസ്പോർട്ടോ, പാസോ ഒന്നും ഇല്ലാതെ അവൻ കറങ്ങി നടക്കും.. ഈ സമയം ആരെങ്കിലും “വന്നു കൈ കൊടുത്താൽ”, സ്വീകരിക്കാൻ വൈകിയതിന്റെ യാതോരു മുഷിച്ചിലും കാണിക്കാതെ അവൻ കൂടെ പോകും. വിലാപ ഭാവനമോ, വിവാഹ വേളയോ എന്നതൊന്നും അവനു വിഷയമല്ല.. വൻകിട ബിസ്സിനസ്സ് സ്ഥാപനമാണോ, കുഞ്ഞൻ കമ്പനികളാണോ , സർക്കാർ സ്ഥാപനങ്ങൾ ആണോ എന്നുള്ള വേർതിരിവും അവനില്ല.. സമയത്തോ, അസമയത്തോ അവൻ എത്തും. മുതലാളിയോ, മാനേജരോ, ഡോക്ടറോ, ജഡ്ജിയോ, വക്കീലോ, എഞ്ചിനീയറോ, ദിവസ വേദന തൊഴിലാളിയോ, പുരോഹിതനോ, പൂജാരിയോ, ഇമാമോ ആരായാലും “പോയി ക്ഷണിച്ചാൽ” അവൻ സന്തോഷത്തോടെ കൂടെ വരും.. ഓർക്കുക! “പോയി ക്ഷണിച്ചാൽ മാത്രം”…

പ്രസിഡന്റായാലും പ്രധാനമന്ത്രി ആയാലും ആരോഗ്യ മന്ത്രി ആയാലും ഇറങ്ങി വന്നു ക്ഷണിച്ചാൽ മാത്രമേ ഇതിയാൻ കൂടെ വരൂ.. ഓർക്കുക! “അവൻ ഉള്ള സ്ഥലത്ത് ചെന്നു കൂട്ടിക്കൊണ്ട് പോകണം”. തികഞ്ഞ അഭിമാനിയാണ് എന്ന് സാരം.. രാവും പകലും അവന്റെ സഞ്ചാരത്തിന് ഒരു തടസ്സമേ അല്ല.. തന്റെ സഞ്ചാരം കൊണ്ട് രാജ്യങ്ങൾ ശവപ്പറമ്പുകളായി മാറുന്നതൊന്നും അവനെ സംബന്ധിച്ച് ഒരു വിഷയമല്ല.. പട്ടിണി, ദാരിദ്ര്യം, സാമ്പത്തിക തകർച്ച ഇതൊക്കെ എത്ര പെരുകിയാലും അവൻ ഒരു തടസവും കൂടാതെ യാത്ര തുടരും.. അവൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന വാഹനം മനുഷ്യൻ ആണ്. അവരിലൂടെ അവൻ വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും, കുടുബങ്ങളിലേക്കും, സമൂഹത്തിലേക്കും, പഞ്ചായത്തുകളിലേക്കും, ജില്ലകളിലേക്കും, സംസ്ഥാനങ്ങളിലേക്കും, രാജ്യങ്ങളിലേക്കും രാജ്യാതിർത്തികൾ കടന്നും സഞ്ചരിക്കും. നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കിലോമീറ്ററുകളുടെ വേഗത്തിലാണ് അവന്റെ പോക്ക്.. പുരുഷനും, സ്ത്രീയും, വെളുത്തവനും, കറുത്തവനും, അടിമയും, ഉടമയും എല്ലാം അവന് ഒരു പോലെയാണ്. ജാതിയും, മതവും പ്രശ്നമേ അല്ല… കൊട്ടാരവും, കൊട്ടിലും എല്ലാം കയറി ഇറങ്ങി അതി വേഗത്തിൽ സഞ്ചരിക്കും. അവനു യാത്ര ചെയ്യാൻ സഹായം ചെയ്ത മനുഷ്യർ അവനു പിന്നിൽ മൃത പ്രായരായി പിടഞ്ഞു വീഴുകയാണ്. കുറേ പേർ മരണത്തോട് മല്ലുകെട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു, കുറേ പേർ അവന്റെ സംഹാര താണ്ഡവത്തിൽ മരണത്തിലേക്ക് വഴുതി വീഴുന്നു. അവരിൽ നിഷ്കളങ്ക ബാല്യവും, പ്രതീക്ഷകളും, സ്വപ്നങ്ങളും പേറിയ യൗവ്വനവും, വിശ്രമ ജീവിതം കൊതിച്ച വാർദ്ധക്യവുമെല്ലാമുണ്ട്.. ഒരു അന്ത്യ ചുംബനത്തിനു പോലും അവസരമില്ലാതെ കല്ലറകൾ കാത്ത് കിടക്കുകയാണ് അവരുടെ മൃത ശരീരങ്ങൾ… മറക്കരുത് അവനു സഞ്ചാരം പഥം ഒരുക്കിയവരാണ് അവർ ഓരോരുത്തരും….

അവന് ലോകത്തിൽ വെറുപ്പുള്ള ഒരു കൂട്ടരുണ്ട് വീട്ടിനുള്ളിൽ തന്നെ കഴിയുന്നവർ.. അവരെ അവൻ കുഴി മടിയന്മാർ, തീറ്റ ഭ്രാന്തന്മാർ, പേടിത്തൊണ്ടന്മാർ, പ്രതിരോധ ശക്തി ഇല്ലാത്തവർ, നിയമത്തെ പേടിയുള്ളവർ, രോഗത്തെ പേടിയുള്ളവർ, മരണത്തെ പേടിയുള്ളവർ എന്നൊക്കെ വിളിച്ചു പരിഹസിക്കും.. അതിൽ നമുക്ക് മാനക്കേട് തോന്നേണ്ട കാര്യമില്ല. എന്തെന്നാൽ അവന്റെ സഞ്ചാര പഥത്തിന് വിഗ്നം നേരിട്ടതിലുള്ള അരിശവും, നിരാശയുമാണ് അവൻ പ്രകടിപ്പിക്കുന്നത്. അവന്റെ വെല്ലുവിളി കേൾക്കുമ്പോൾ നമ്മൾ വെള്ളവും, സോപ്പും ഉപയോഗിച്ച് നന്നായി കൈകൾ കഴുകിയും, ശരീരം വൃത്തിയായി സൂക്ഷിച്ചും, സാനിട്ടേസറുകൾ ഉപയോഗിച്ചും, സമൂഹിക അകലം പാലിച്ചും അവനു മറുപടി നൽകണം. അതോടെ ഈ സഞ്ചാരിക്ക് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ കഴിയാതെ വരും, കാരണം മാനുഷ്യർ ആണല്ലോ അവന്റെ വാഹനം.. അങ്ങനെ വാഹനം ലഭിക്കാതെ വരുമ്പോൾ ഈ സഞ്ചാരി ക്രമേണ നശിച്ചു നശിച്ച് ഇല്ലാതെ ആകും.. അതോടെ നമ്മൾ സ്വതന്ത്രരാകും, രാജ്യങ്ങൾ സ്വതന്ത്രമാകും, രാപകൽ ഇല്ലാതെ ജീവൻ പണയം വെച്ച് അധ്വാനിക്കുന്ന ഡോക്ടർമാർ, നേഴ്സ്‌മാർ, മറ്റു മെഡിക്കൽ സ്റ്റാഫുകൾ സ്വതന്ത്രരാകും, നിയമ, നീതി പാലകർ സ്വതന്ത്രരാകും, ഭരണാധികാരികൾക്ക് അവരുടെ രാജ്യ ഭരണത്തിൽ ശ്രദ്ധിക്കുവാൻ കഴിയും.. രാജ്യങ്ങൾ അഭിവൃദ്ധിയിലേക്ക് മടങ്ങി വരും.. അതുകൊണ്ട് ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കൂ “ഞാൻ ഒരു കാരണവശാലും കൊറോണ എന്ന സഞ്ചാരിക്ക് യാത്ര ചെയ്യാനുള്ള വാഹനം ആകാതെ വീട്ടിൽ തന്നെ ഇരിക്കുമെന്ന്”… (STAY AT HOME)

അനീഷ് മാവേലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.