ലേഖനം : തനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ | ലിസ ഷിബു കുവൈറ്റ്‌

പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ ശബത്ത് ദിവസം യേശു സൗഖ്യമാക്കി. ഇതറിഞ്ഞ പരീശന്മാർ യേശുവിന്റെമേൽ കുറ്റം ആരോപിച്ചു.
ഇവിടെ യേശു ചെയ്‍ത അത്ഭുതം കാണുവാനും മനസിലാക്കുവാനും ശ്രമിക്കാതെ യേശുക്രിസ്തു ശബത്ത് പ്രമാണം ലംഘിച്ചതിനാൽ താൻ ദൈവത്തിന്റെ അടുക്കൽ നിന്ന് വന്നവൻ അല്ല എന്ന് വരെ അവർ ആരോപിച്ചു. ജന്മനാ അന്ധനായി പിറന്നവനെ ലോകത്തിൽ ആരും സൗഖ്യമാക്കിയിട്ടില്ലായിരുന്നില്ല. ഇതിൽ സന്തോഷിക്കാതെ അതിലും തെറ്റ് കണ്ടുപിടിച്ചു യേശുവിന്റെമേൽ കുറ്റം ആരോപിക്കുകയാണ് പരീശന്മാർ ചെയ്‌തത്‌.

പ്രിയമുള്ളവരേ ഇതുപോലെ ആണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് . നാം ചെയുന്ന നല്ല കാര്യങ്ങൾ കാണാതെ അതിൽ എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിച്ച് പലപ്പോഴും നമ്മളെ തകർക്കുവാനും നമ്മളെ നിരുത്സാഹപ്പെടുത്തുവാനും ശ്രമിക്കും. ഇന്നത്തെ കാലത്തു മറ്റുള്ളവരെ ആത്മീയ കാര്യങ്ങളളിൽ പ്രോത്സാഹിപ്പിക്കുന്നത് വളരെ ചുരുക്കം ആണ്. എത്ര ആത്മീകൻ എങ്കിലും പലപ്പോഴും മറ്റുള്ളവരുടെ വാക്കിനാലും പ്രവർത്തിയാലും നാം മാനസീകമായി തളർന്നുപോകുന്ന അവസ്ഥ ഉണ്ടാകും. ഓരോ വ്യക്തിയിലും ഒരു നന്മയുടെ അംശം ഉണ്ട് എന്ന് നാം ചിന്തിച്ചാൽ മറ്റുള്ളവരേയും നമ്മെ പോലെ സ്നേഹിക്കുവാൻ നാം ശ്രമിക്കും.
യോഹന്നാൻ 15 : 12 ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.
13 സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
കർത്താവായ യേശുക്രിസ്തുവിനെ യഥാർത്ഥമായി സേവിക്കുന്ന ഓരോ വ്യക്തിയും തന്റെ കൂട്ടു സഹോദരങ്ങളെയും സ്‌നേഹിക്കും. ഈ ലോകത്തിലെ കൂട്ടുസഹോദരങ്ങൾ നിന്നെ കൈവിട്ടു എന്നുവരും. എന്നാൽ യേശു നമ്മെ ഒരുനാളും ഉപേക്ഷിക്കയില്ല.

യേശുവിന്റെ ഐഹീക ജീവിതത്തിൽ പലപ്പോഴും താൻ നിന്ദിക്കപ്പെടുകയും കഷ്ടത സഹിക്കുകയും ചെയ്തു എങ്കിലും, തന്നെ അയച്ചവന്റെ ഹിതം നിറവേറുവോളം എല്ലാം മരണംവരെയും സഹിച്ചു. വിശ്വാസികളായ നമുക്കും ഈ സഹിഷ്ണത ജീവിതത്തിൽ വളർത്തി എടുക്കണം. ദൈവം നമ്മെ സൃഷ്ടിച്ചതു ദൈവത്തിന്റെ നാമം ഉയർത്തുവാൻ ആകുന്നു. മരണംവരെയും കഷ്ടതയിലും രോഗത്തിലും കണ്ണുനീരിലും നാം തളർന്നുപോകാതെ അവന്റെ നാമത്തിനു വേണ്ടി ജീവിക്കണം. ലാസർ ഈ ലോകത്തിൽ കഷ്ടത അനുഭവിച്ചു എങ്കിലും തനിക്കു സ്വർഗത്തിൽ അബ്രഹാമിന്റെ മടിയിൽ ഇരിക്കുവാൻ അവസരം ദൈവം കൊടുത്തു. നമ്മുടെ ലക്ഷ്യം യേശുവിന്റെ നാമം ഉയർത്തുക എന്നതാണ് എന്ന് മനസിലാക്കി നമ്മുടെ പ്രശ്നങ്ങളും നിന്ദകളും മാറ്റിവെച്ചിട്ട് യേശുവിനായി ജീവിക്കണം. നമുക്കു ചുറ്റും നശിച്ചുകൊണ്ടിരിക്കുന്ന തലമുറയോട് യേശുവിനെ കുറിച്ച് ഒരു വാക്ക് പറയുവാൻ അവസരം ഇനി ലഭിക്കുമോ എന്ന് അറിയുകയില്ല. അതിനാൽ സമയം തക്കത്തിൽ ഉപയോഗിക്കാം. നമ്മുടെ പ്രശ്നങ്ങളിൽ മുഴുകി നിരാശരായി ജീവിക്കാതെ നീ അറിഞ്ഞ സത്യ ദൈവത്തിന്റെ സ്നേഹം മറ്റുള്ളവരിലേക്കു പകർന്നു ജീവിക്കുക.

യോഹന്നാൻ 9 : 5 ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു .
ഈ വെളിച്ചത്തിന്റെ സാക്ഷികൾ ആകുവാൻ അവൻ നമ്മെ തിരഞ്ഞെടുത്തു എങ്കിൽ നിന്ദിക്കപ്പെട്ടതിൽ ഒട്ടും ഖേദിക്കേണ്ട.
ഒരിക്കലും പിരിഞ്ഞുപോയിടതൊരുത്തറ്റ സ്നേഹിതൻ
ശരിക്കു സൽപ്രേബോധനങ്ങൾ തന്നു താങ്ങിടുന്നവൻ
തനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ.
യേശുവാണ് നിന്റെ ആത്മ മിത്രം. നിന്റെ ഏതു അവസ്ഥയും മനസിലാകുന്ന ദൈവം. യേശുവിനെ പോലെ ഒരു സ്‌നേഹിതൻ ഈ ലോകത്തിൽ നിനക്ക് കാണുവാൻ സാധിക്കുകയില്ല. തന്റെ സ്നേഹിതനുവേണ്ടി ജീവനെ തന്ന ദൈവം, ഇത്ര വലിയ സ്നേഹം മറ്റാർക്കും ഇല്ല. യേശുവേപ്പോലെ ആകുവാൻ നമുക്കും ഇടയാകട്ടെ.

ലിസ ഷിബു
കുവൈറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.