ശുഭദിന സന്ദേശം : ചിറകും മറവും | ഡോ.സാബു പോൾ

”അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ”(സങ്കീ. 91:1).

ദൈവമക്കൾക്ക് പ്രതിസന്ധികളിൽ ഏറെ ശക്തിയും ധൈര്യവും പ്രദാനം ചെയ്യുന്ന സങ്കീർത്തനമാണ് 91.

? *ഭക്തൻ കാണുന്ന കരുതലും കാവലുമുണ്ടതിൽ….*

…സംരക്ഷണത്തിൻ്റെ സങ്കേതവും കോട്ടയും!
…മറയ്ക്കുന്ന തൂവലുകൾ!
…പരിചയായി വെളിപ്പെടുന്ന വിശ്വസ്തത!
…കൈകളിൽ വഹിക്കുന്ന ദൂതന്മാർ!
…വിടുവിക്കുന്ന, ഉയർത്തുന്ന, ഉത്തരമരുളുന്ന ഉന്നത ദൈവം!
…ദാനമായി ലഭിക്കുന്ന ദീർഘായുസ്സ്!

? *മറവിൽ വസിക്കുന്നവൻ്റെ മുമ്പിൽ നിന്ന് മാറിപ്പോകുന്ന പ്രതികൂലങ്ങളും നിരവധിയാണ്….*

…കുടുക്കാൻ കാത്തിരിക്കുന്ന കെണികൾ!
…മരണകരമായ മഹാമാരികൾ!
…അടുത്തു വരുന്ന അനർത്ഥങ്ങൾ!
…കടിച്ചുകീറാൻ വരുന്ന ബാലസിംഹങ്ങൾ!
…വിഴുങ്ങാൻ വരുന്ന പെരുമ്പാമ്പുകൾ!
…കഠിനതയുടെ കഷ്ടകാലങ്ങൾ!

*രണ്ട് ചിന്തകൾ……*

1️⃣ ഏറെ ആത്മവിശ്വാസം പകരുന്ന ഈ സങ്കീർത്തനമാണ് അമിത തീക്ഷ്ണതയിലേക്ക് നയിക്കാൻ പിശാച് ഉപയോഗിച്ചത്(മത്താ.4:6).

സന്ദർഭത്തിൽ നിന്ന് വചനത്തെ അടർത്തിയെടുത്തും, തെറ്റായി വ്യാഖ്യാനിച്ചുമാണ് സാത്താൻ എപ്പോഴും പരീക്ഷിക്കാൻ വരുന്നത്….

സങ്കീർത്തനത്തിൽ ‘നിൻ്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് ദൂതൻമാർ വഹിക്കു’മെന്നാണ് വാഗ്ദത്തം. അശ്രദ്ധമായി നടക്കുന്ന വ്യക്തിയുടെ കാലാണ് കല്ലിൽ തട്ടാൻ സാധ്യത. അല്ലെങ്കിൽ ഇരുട്ടിലൂടെ നടക്കുമ്പോഴാകാം…..
എന്നാൽ ദൈവത്തിൽ മാത്രം ആശ്രയിച്ചും മറഞ്ഞിരുന്നും മുന്നേറുന്നവൻ്റെ ശ്രദ്ധയിൽ പെടാത്ത തടസ്സങ്ങളും അനർത്ഥങ്ങളും ദൂതന്മാർ മാറ്റുമെന്നാണ് വാഗ്ദത്തം….

ഈ വാക്യം ഉദ്ധരിച്ചിട്ട് ദൈവാലയത്തിൻ്റെ അഗ്രത്തിൽ നിന്ന് താഴേക്ക് ചാടി വിശ്വാസം തെളിയിക്കാനാണ് സാത്താൻ്റെ വെല്ലുവിളി…..
‘നടക്കു’മ്പോൾ സൂക്ഷിക്കുമെന്ന വാക്യം പറഞ്ഞ് ‘ചാടിക്കു’വാൻ ശ്രമിക്കുന്ന കുതന്ത്രങ്ങളുടെ കുലപതി…

പെന്തെക്കൊസ്തിൻ്റെ തനിമയും കൾട്ടിൻ്റെ മുഖംമൂടിയും  മാറി മാറി ധരിക്കുന്ന ന്യൂ ജനറേഷനും ഇതു തന്നെയാണ് ചെയ്യുന്നത്. പശ്ചാത്തലത്തെ പടിക്കു പുറത്ത് നിർത്തി തെറ്റായ വ്യാഖ്യാനങ്ങൾ നിരത്തിവെച്ച് വചനമറിയാത്ത വിശ്വാസികളെ ‘ചാടിക്കു’കയാണ്….

2️⃣ ഈ സങ്കീർത്തനത്തിലെ സംരക്ഷിക്കപ്പെടുന്ന വ്യക്തിയെ തൃതീയ പുരുഷൻ (Third person) ആയിട്ടാണ് പരിചയപ്പെടുത്തുന്നത്.
അത്യുന്നതൻ്റെ മറവിൽ വസിക്കുന്ന, സർവ്വശക്തൻ്റെ നിഴലിൽ പാർക്കുന്ന വ്യക്തിയാരോ അയാൾക്കുണ്ടാകുന്ന സംരക്ഷണവും അനുഗ്രഹവുമാണ് പ്രതിപാദ്യ വിഷയം.

ഇത് വായിച്ചു പോകുമ്പോൾ ഒരു പ്രപഞ്ച നിയമമായോ, ഫിലോസഫിയായോ  നമുക്കനുഭവപ്പെടാം….

എന്നാൽ അതിനെ ഉത്തമപുരുഷൻ(First person) പ്രയോഗത്തിലേക്ക് മാറ്റി നോക്കുക. ”അത്യുന്നതൻ്റെ മറവിൽ വസിക്കുകയും സർവ്വ ശക്തൻ്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്ന ഞാൻ…” എന്നു തുടങ്ങിയിട്ട് തുടർന്നുള്ള ‘അവൻ’ എല്ലാം മാറ്റി ‘ഞാൻ’ ആക്കി നോക്കൂ! സങ്കീർത്തനത്തിലെ ചിന്തകൾക്ക് പുതിയ അർത്ഥവും ശക്തിയും വരുന്നു……
അങ്ങനെ ഈ സങ്കീർത്തനം ആവർത്തിച്ചു പറഞ്ഞു നോക്കൂ…..!

ഫിലോസഫി  അനുഭവസാക്ഷ്യമായി മാറുന്നു….
ഞാനും എന്നെ മറയ്ക്കുന്ന അവിടുന്നും മാത്രമാണിപ്പോൾ……
പേക്കിനാവുകളും പേടിപ്പിക്കുന്ന അനർത്ഥങ്ങളും അപ്രസക്തമാകുന്നു….

പ്രിയ ദൈവ പൈതലേ,
ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം നമുക്ക് അവൻ്റെ ചിറകിൻ മറവിൽ അഭയം പ്രാപിക്കാം….
ആശ്രയത്തോടൊപ്പം ആനന്ദവും ആ സാന്നിധ്യത്തിൽ ആവോളമുണ്ട്…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.