- Advertisement -

ലേഖനം: ‘കോപ്പി’ – ‘പേസ്റ്റ്’ ജനറേഷൻ | ഷാർലറ്റ്. പി. മാത്യു

എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു. യോഹന്നാന്‍: 14:9

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കമന്‍റുകളില്‍ ഒന്നാണ് കോപ്പി പേസ്റ്റ് എന്നുള്ളത്. ഒരു സ്ഥലത്തുള്ള ഇന്‍ഫെര്‍മേഷന്‍ അഥവാ ഡാറ്റ അതുപോലെ പകര്‍ത്തി മറ്റൊരു സ്ഥലത്ത് പകര്‍ത്തുന്ന പ്രക്രിയ എന്നു വേണമെങ്കില്‍ ലളിതമായി പറയാം. വാക്കുകളും, പ്രസന്‍റേഷനുകളും, ഇമേജുകളും, പാട്ടുകളും, വീഡിയോകളുമെല്ലാം ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തിലേക്കു ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. ഇതു കണ്ടു പിടിച്ച ലാറി ടെസ്ലർ (Lawrence Gorden Tesler) ഇക്കഴിഞ്ഞ ഫെബ്രുവരി 26, 2020 ലാണ് ലോകത്തോടു വിടപറഞ്ഞ വാര്‍ത്ത എന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ കോപ്പി പേസ്റ്റ് എന്ന ടെക്നോളജിയുമായി ചേര്‍ത്തു ചിന്തിക്കാവുന്ന ചില ആത്മീയ കാര്യങ്ങള്‍ ഞാന്‍ ചിന്തിക്കുവാനിടയായി.

Download Our Android App | iOS App

യോഹന്നാന്‍റെ സുവിശേഷം 13 മുതല്‍ 17 വരെയുള്ള അദ്ധ്യായങ്ങളെ The farewell ministry of christ (ക്രിസ്തുവിന്‍റെ വിടവാങ്ങല്‍ അഥവാ യാത്രാശംസകള്‍ പറയുന്ന ശുശ്രൂഷ) എന്നു വിശദീകരിക്കുവാന്‍ കഴിയും. യേശുവിന്‍റെ പരസ്യശുശ്രൂഷ മൂന്നര വര്‍ഷമായിരുന്നെങ്കില്‍ ഈ അദ്ധ്യായങ്ങളിലെ സ്വകാര്യസംഭാഷണം ഏകദേശം മൂന്നു മണിക്കൂറില്‍ പറഞ്ഞ കാര്യങ്ങളാണ്.

post watermark60x60

വളരെ വൈകാരികമായ പല കാര്യങ്ങളും ഉപദേശങ്ങളും ഈ ഭാഗങ്ങളില്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. ശിഷ്യൻരുടെ കാല്‍ കഴുകുന്ന യേശു, യേശുവിന്‍റെ മാര്‍വ്വോടു ചാരിയിരിക്കുന്ന യോഹന്നാന്‍, ആ സൗഹൃദക്കൂട്ടായ്മയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പണസഞ്ചി കയ്യിലുള്ള യൂദാ, നിനക്കുവേണ്ടി ജീവനെ വെച്ചുകളയുമെന്നു പറയുന്ന പത്രോസ്, നീ എവിടെ പോകുന്നുവെന്ന് ഞങ്ങള്‍ അറിയുന്നില്ല എന്നു പറയുന്ന തോമസ്, പിതാവിനെ കാണിച്ചുതരണമെന്നു പറയുന്ന ഫിലിപ്പോസ്, ലോകത്തിനല്ല ഞങ്ങള്‍ക്കു തന്നെ സ്വയം വെളിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്തുകൊണ്ട് എന്നു ചോദിക്കുന്ന മറ്റൊരു യൂദാ, പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെക്കുറിച്ചു പറയുന്ന യേശു – ഇങ്ങനെയെല്ലാം സംഭവബഹുലമാണ് ഈ അദ്ധ്യായങ്ങള്‍.

ഇതിന്‍റെ നടുവില്‍ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്ന ചോദ്യത്തിന്‍റെ മുന്‍പില്‍ യേശു പറയുന്ന മറുപടിയാണ് “എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു. 20-ആം വാക്യം പറയുന്നു: “ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും എന്ന് നിങ്ങള്‍ അന്ന് അറിയും”.

യേശു നമ്മില്‍ വസിക്കുന്നുണ്ടോ? യേശുവിനെ നമ്മള്‍ പ്രതിഫലിപ്പിക്കുന്നുണ്ടോ?

മക്കളെ മാതാപിതാക്കളുമായി താരതമ്യപ്പെടുത്തി പറയുന്ന ചില ശൈലികള്‍ ഇങ്ങനെയാണ്

•അപ്പന്‍റെ അതേ സ്വഭാവം
•അപ്പന്‍റെ അതേ നിറം
•അപ്പന്‍റെ അതേ ചിരി
•അപ്പന്‍റെ അതേ അഭിരുചികള്‍ •അപ്പനെപ്പോലെ തന്നെ ഭക്ഷണശീലം •അപ്പന്‍റെ ആത്മീകനിലവാരം പുലര്‍ത്തുന്ന മകന്‍

കൊലോസ്യര്‍ 1:15 ല്‍ പറയുന്നു. അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ പ്രതിഛായയാണു ക്രിസ്തു (പുതിയ ബൈബിള്‍ പരിഭാഷ)

ക്രിസ്തുവാകുന്ന അപ്പന്‍റെ മക്കളായിത്തീരാം. അപ്പന്‍റെ സ്വഭാവം ‘കോപ്പി’ ചെയ്ത് നമ്മുടെ സ്വഭാവത്തിലേക്ക് ‘പേസ്റ്റ്’ ചെയ്യാം. ചില കാര്യങ്ങള്‍ മാത്രം ‘കോപ്പി’ ചെയ്താല്‍ പോരാ, പൂര്‍ണ്ണമായി നാഥനെ പിന്‍പറ്റാം. പലരും പ്രസംഗങ്ങളിലൂടെയും പാട്ടുകളിലൂടെയും വേദവചനങ്ങളിലൂടെയും യേശുവിനെ പെട്ടെന്ന് കോപ്പി’ ചെയ്യാറുണ്ട്. പക്ഷേ സ്വന്തം ജീവിതത്തില്‍ ‘പേസ്റ്റ്’ ചെയ്യാന്‍ മറന്നുപോകുന്നു. പേസ്റ്റ് ചെയ്ത ശേഷം ‘ഡിലീറ്റ്’ ചെയ്യുകയുമരുത്. ദൈവികസ്നേഹത്തിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അപ്പന്‍റെ സ്വഭാവത്തെ ‘കോപ്പി’ – ‘പേസ്റ്റ്’ ചെയ്യുന്ന തലമുറയായി നമുക്ക് മാറാം.

 ഈ ക്രിസ്തീയ യാത്രയില്‍ പണസഞ്ചി നിമിത്തം യാത്ര അവസാനിപ്പിക്കുന്നവരുണ്ടാവും, സംശയം ഇടക്കിടെ തോന്നുന്നവരുണ്ടാവും. തള്ളിപ്പറയുന്നവരുണ്ടാവും. അങ്ങനെയുള്ളവരെ മാതൃകയാക്കുകയോ അവരുടെ ‘ഫാന്‍’ ആകുകയോ ചെയ്യരുത്. ക്രിസ്തുവിനെ പകര്‍ത്തി പ്രതിസന്ധികളെ തരണം ചെയ്ത മാതൃകയുള്ള ശിഷ്യൻ മാരെപ്പോലെ നമുക്കും ആയിത്തീരാം.

-ADVERTISEMENT-

You might also like
Comments
Loading...